Connect with us

Kerala

കടല്‍ പക്ഷികളുടെ വയറ്റില്‍ നിറയുന്നത് പ്ലാസ്റ്റിക് മാലിന്യം

Published

|

Last Updated

ചാവക്കാട്: പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന് കടല്‍ പക്ഷികള്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. 90 ശതമാനം കടല്‍പക്ഷികളുടെയും വയറ്റില്‍ പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയുന്നുവെന്നാണ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പുതിയ ലക്കത്തിലെ കണ്ടെത്തല്‍. ഇത് വലിയ പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകുമെന്ന മുന്നറിയിപ്പാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയ സെന്‍ട്രല്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഗവേഷകര്‍ നല്‍കുന്നത്. മനുഷ്യവാസ മേഖലകളില്‍ നിന്ന് കടലിലേക്ക് ഒഴുകിയെത്തുന്ന ബാഗുകളുടെ അവശിഷ്ടങ്ങള്‍, കുപ്പിയുടെ അടപ്പുകള്‍, വയറുകള്‍, കൃത്രിമ നാരുകള്‍കൊണ്ട് നിര്‍മിച്ച വസ്ത്രങ്ങള്‍ തുടങ്ങിയ പ്ലാസ്റ്റിക് രൂപങ്ങളാണ് കടല്‍ പക്ഷികള്‍ അബദ്ധത്തില്‍ ഭക്ഷണമാക്കുന്നത്. പലപ്പോഴും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ തിളങ്ങുന്ന നിറങ്ങള്‍ കണ്ട് ഭക്ഷണമെന്ന് തെറ്റിദ്ധരിച്ചാണത്രേ കടല്‍ പക്ഷികള്‍ ഇവ അകത്താക്കുന്നത്.
പ്ലാസ്റ്റിക് വയറ്റിലെത്തുന്നതോടെ ഇവയുടെ ശരീരഭാരം ഗണ്യമായി കുറയുമെന്നും അമിതമായാല്‍ മരണത്തിന് പോലും കാരണമാകാറുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഇന്ത്യന്‍ മഹാസമുദ്രം ഉള്‍പ്പെടെയുള്ള സമുദ്രങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിലും മെഡിറ്ററേനിയന്‍ കടലിലും ആസ്‌ത്രേലിയന്‍ തീരത്തുമായി ആറ് വര്‍ഷം നീണ്ട പര്യവേക്ഷണങ്ങളിലൂടെ കടലിലേക്ക് മനുഷ്യര്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ എണ്ണം 5.25 ലക്ഷം കോടിയാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇവയുടെ മൊത്തം ഭാരം 2.69 ലക്ഷം ടണ്‍ വരും. ആറ് രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകര്‍ 2010-2014 കാലയളവിലായി 24 സമുദ്ര യാത്രകള്‍ നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. മാലിന്യങ്ങള്‍ ഭക്ഷിക്കുക വഴി പ്രധാന കടല്‍ പക്ഷികള്‍ അധികം താമസിയാതെ ഭൂമുഖത്ത് നിന്നും ഇല്ലാതാകുമെന്നും ഗവേഷകര്‍ പറയുന്നു