Connect with us

Wayanad

നാമനിര്‍ദേശ പത്രിക നിരസിക്കുന്നതിനുള്ള കാരണങ്ങള്‍

Published

|

Last Updated

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക നിരസിക്കുന്നതിനുള്ള മതിയായ കാരണങ്ങള്‍ കേരള പഞ്ചായത്ത് രാജ് ആക്റ്റിലും കേരള മുന്‍സിപ്പാലിറ്റി ആക്റ്റിലും വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് സ്ഥാനാര്‍ഥി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിലെ അംഗമാകാന്‍ നിയമാനുസൃതം യോഗ്യനല്ലെന്നോ ആ സ്ഥാനാര്‍ഥി അപ്രകാരം ബന്ധപ്പെട്ട പഞ്ചായത്തിലെയോ മുന്‍സിപ്പാലിറ്റിയിലെയോ അംഗമാകുന്ന കാര്യത്തില്‍ അയോഗ്യനാണെന്നോ വ്യക്തമായാല്‍ നാമനിര്‍ദ്ദേശ പത്രിക നിരസിക്കപ്പെടുന്നതാണ്.
മത്സരിക്കുന്നതിന് നിയമം മൂലം അയോഗ്യത കല്‍പ്പിച്ചവരുടെ പത്രിക തള്ളും. സ്ഥാനാര്‍ത്ഥിയോ അയാള്‍ ചുമതലപ്പെടുത്തിയ ആളോ അല്ല പത്രിക നല്‍കിയതെങ്കിലും ചുമതലപ്പെടുത്തിയ വരണാധികാരിക്കല്ല പത്രിക നല്‍കിയതെങ്കിലും നാമനിര്‍ദ്ദേശ പത്രിക തള്ളും.
നിശ്ചിത മാതൃകയിലല്ലാത്തതും സ്ഥാനാര്‍ത്ഥിയും നാമനിര്‍ദ്ദേശകനും ഒപ്പിടാത്തതുമായ പത്രികകള്‍ തള്ളും. മത്സരിക്കുന്നതിനുള്ള ഡെപ്പോസിറ്റ് തുക കെട്ടിവെച്ചില്ലെങ്കിലും ഒരേ പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭയിലെ ഒന്നിലധികം വാര്‍ഡുകളിലേക്ക് പത്രിക നല്‍കിയിട്ടുണ്ടെങ്കിലും സൂക്ഷ്മ പരിശോധനയില്‍ തള്ളും. സംവരണത്തിന് അര്‍ഹതയില്ലാത്തവര്‍ സംവരണ സീറ്റുകളിലേക്ക് നല്‍കിയ പത്രികയും പ്രായം വ്യക്തമാക്കാത്ത പത്രികയും തള്ളും.
സൂക്ഷ്മ പരിശോധനാ സമയത്ത് സ്ഥാനാര്‍ഥിക്കും തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ക്കും സ്ഥാനാര്‍ഥിയുടെ ഒരു നിര്‍ദ്ദേശകനും സ്ഥാനാര്‍ത്ഥി രേഖാമൂലം അധികാരപ്പെടുത്തിയ വ്യക്തിക്കും ഹാജരാകാം.
സൂക്ഷ്മപരിശോധനാ സമയത്ത് എല്ലാ സ്ഥാനാര്‍ത്ഥികളുടെയും നാമനിര്‍ദ്ദേശ പത്രികകള്‍ പരിശോധിക്കുന്നതിന് ഇവര്‍ക്ക് സൗകര്യം ലഭിക്കും. ഒരു സ്ഥാനാര്‍ത്ഥിയുടെ യോഗ്യതയും അയോഗ്യതയും നാമനിര്‍ദ്ദേശപത്രികാ പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് പരിശോധിക്കുന്നത്. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം സ്ഥാനാര്‍ത്ഥിക്ക് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം.
ഗുരുതരമായ ന്യൂനതകള്‍ ഉണ്ടെങ്കില്‍ മാത്രമേ നാമനിര്‍ദ്ദേശ പത്രികകള്‍ നിരസിക്കുകയുള്ളൂ. സാങ്കേതിക പിശകുകളും എഴുത്ത് പിശകുകളും അവഗണിക്കും. തെരഞ്ഞെടുപ്പ് വര്‍ഷം, വാര്‍ഡിന്റെ പേര്, വോട്ടര്‍ പട്ടികയിലെ നമ്പര്‍, ചിഹ്നത്തിന്റെ തെരഞ്ഞെടുക്കല്‍, വയസ്സ്, പേര് എന്നിവയിലെ പൊരുത്തക്കേടുകള്‍ തുടങ്ങിയ നിസ്സാര കാരണങ്ങള്‍ പരിശോധനയില്‍ അവഗണിക്കും. മത്സരിക്കുന്നതിനുള്ള ഡെപ്പോസിറ്റ് യഥാവിധി കെട്ടിവെച്ചുവെന്ന് വരണാധികാരി ഉറപ്പുവരുത്തണം.

Latest