Connect with us

Wayanad

പ്രമുഖ പാര്‍ട്ടികള്‍ക്ക് തലവേദനായി റിബലുകള്‍

Published

|

Last Updated

കല്‍പ്പറ്റ: ഒരുപാട് റിബലുകളുണ്ട് ഈ തിരഞ്ഞെടുപ്പില്‍. കൂടുതല്‍ പേരും കോണ്‍ഗ്രസില്‍ നിന്നും. സി പി എമ്മില്‍ നിന്ന് ഒരാളേയുള്ളൂ. ലീഗിനുമുണ്ട് റിബലുകള്‍. എന്നാല്‍ ബി ജെ പിയിലെ റിബലുകളെ കുറിച്ച് പറഞ്ഞ് കേട്ടിട്ടില്ല
കോണ്‍ഗ്രസില്‍ കര്‍ഷകകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ജോഷി സിറിയക്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ മാര്‍ഗരറ്റ് തോമസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും തൃക്കൈപ്പറ്റ സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ സുജയ വേണുഗോപാല്‍ എന്നിങ്ങനെ നീളുന്നു റിബലുകളുടെ പട്ടിക. ജോഷി സിറിയക് കല്‍പ്പറ്റ നഗരസഭയില്‍ ആറാം വാര്‍ഡ് കന്യാഗുരുകുലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ ഐസകിനെതിരെയാണ് പോരിനിറങ്ങുന്നത്.
മാര്‍ഗരറ്റ് തോമസ് മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ താഴെ അങ്ങാടിയിലാണ് പോരിനിറങ്ങുന്നത്. ഇവിടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ശ്യാമള സുനിലാണ്. പാര്‍ട്ടി തന്നോട് കടുത്ത വഞ്ചനയാണ് കാണിച്ചതെന്ന് മാര്‍ഗരറ്റ് പറയുന്നു.
മേപ്പാടിയില്‍ ഇരുപത്തിരണ്ടാം വാര്‍ഡിലാണ് സുജയ വേണുഗോപാല്‍ അങ്കത്തിനിറങ്ങുന്നത്. ഡിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശാനുസരണമാണ് താന്‍ പത്രിക നല്കിയതെന്നാണ് സുജയ പറയുന്നത്.
സുജയയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നിലെ കാരണങ്ങള്‍ ഇതൊക്കെ.
പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തിലാകട്ടെ ഇരുപതോളം പേര്‍ കോണ്‍ഗ്രസില്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ റിബലായി മത്സരിക്കാന്‍ തീരുമാനമെടുത്ത് ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ഐന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പിഎന്‍ ശിവന്‍ മുള്ളന്‍കൊല്ലിയിലും പിഎ പ്രകാശന്‍ കബനിഗിരിയിലും മത്സരിക്കാന്‍ തീരുമാനിച്ചതും പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സീറ്റ് കിട്ടാത്തവര്‍ ചിലരില്‍ നിന്ന് ഇത്തരം പ്രതികരണങ്ങളുണ്ടായിട്ടില്ല.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സചാക്കോക്ക് ഇതുവരെയും സീറ്റ് ലഭിച്ചിട്ടില്ല. മാനന്തവാടിയിലാണ് സിപിഎമ്മിന് നേരെ റിബലിറങ്ങിയിരിക്കുന്നത്.
സിപിഎം കണിയാരം ബ്രാഞ്ച് മെമ്പറും മുന്‍ പഞ്ചായത്ത് അംഗവുമാ വിയു ജോയിയാണ് പുത്തന്‍ പുര വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുന്നത്.സിപിഎമ്മിന്റെ സ്ഥാനാര്‍ഥി സി പി മുഹമ്മദാലിയാണ്. ലീഗിനാകട്ടെ കല്‍പ്പറ്റ നഗരസഭയില്‍ മുന്‍ ചെയര്‍മാന്‍ എ പി ഹമീദ് മത്സരിക്കുന്ന പുല്‍പ്പാറ വാര്‍ഡില്‍ മുന്‍ എം എസ് എഫ് നേതാവ് ഷബീറലി സ്വതന്ത്രനായി രംഗത്തുണ്ട്.
സീറ്റ് കിട്ടത്തതാണ് ഇവരെല്ലാം തന്നെ സ്വതന്ത്രരായി ഗോദയിലിറങ്ങാനിട വരുത്തിയത്. എന്തായാലും റിബലുകളെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പാര്‍ട്ടിതലങ്ങളില്‍ ശക്തമായി നടക്കുന്നുണ്ടെന്നാണ് സൂചന.