Connect with us

Wayanad

ചിത്രം തെളിയുന്നു; പ്രചാരണത്തിരക്കില്‍ സ്ഥാനാര്‍ഥികള്‍

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടില്‍ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. നാമനിര്‍ദേശ പത്രികസമര്‍പ്പണം പൂര്‍ത്തിയായതോടെ സ്ഥാനാര്‍ഥികളെല്ലാവരും പൂര്‍ണസമയം പ്രചാരണത്തില്‍ മുഴുകിയിരിക്കുകയാണ്. വോട്ടുറപ്പിച്ച് അധികാരകസേരകള്‍ കൈയടക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന്റെ തിരക്കിലാണ് മുന്നണി നേതൃത്വങ്ങള്‍.
വലിയ കോലാഹലങ്ങളോ ഒച്ചപ്പാടുകളോ ഒന്നുമില്ലാതെ നാമനിര്‍ദ്ദേശപത്രികസമര്‍പ്പണമെന്ന കടമ്പകഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ജില്ലയിലെ മൂന്ന് മുന്നണികളും ഒപ്പം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന പാര്‍ട്ടികളും. പത്രികസമര്‍പ്പണത്തിന്റെ അവസാന തീയതിയായിരുന്ന ഇന്നലെ വരണാധികാരികള്‍ക്ക് ശ്വാസം വിടാന്‍ പോലും സമയം ലഭിച്ചില്ലെന്ന് തന്നെ പറയാം. രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെയാണ് അവസാന സമയമെങ്കിലും മൂന്ന് മണിക്കും തൊട്ട് മുമ്പും എത്തിയവരെ ടോക്കണ്‍ നല്‍കി ക്യൂവിലിരുത്തി. രാത്രി ഏറെ വൈകി ഇവരുടെയെല്ലാം പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 4,775 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രികസമര്‍പ്പിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് 105 പേരും, നാല് ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 529 പേരും, ഗ്രാമപഞ്ചായത്തുകളിലേക്ക് 3423 പേരുമാണ് പത്രിക സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഡിസിസി പ്രസിഡന്റ് കെഎല്‍ പൗലോസിന്റെ നേതൃത്വത്തിലും സിപിഐ സ്ഥാനാര്‍ഥികള്‍ സിപിഎം ജില്ലാ സെക്രട്ടറി സികെ ശശീന്ദ്രന്‍, സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയുടെയും നേതൃത്വത്തിലും ലീഗ് സ്ഥാനാര്‍ഥികള്‍ ജില്ലാ പ്രസിഡന്റ് പിപിഎ കരീമിന്റെയും ബിജെ പി സ്ഥാനാര്‍ഥികള്‍ സ്ഥാനാര്‍ഥിയും പാര്‍ട്ടി ജില്ലാ പ്രസിഡന്റുമായ കെ സദാനന്ദനോടൊപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ മുന്‍ സി പി എം നേതാവ് കൂടിയായ ഇ എം ശ്രീധരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ നാമനിര്‍ദേശ പത്രികസമര്‍പ്പിച്ചു. യു ഡി എഫ് ബി ജെ പി മുന്നണികളും പത്രികസമര്‍പ്പണം പൂര്‍ത്തിയാക്കി. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ യു ഡി എഫു ബി ജെ പിയും പത്രികാസമര്‍പ്പണം പൂര്‍ത്തിയാക്കി. എല്‍ഡിഎഫിന്റെ പത്രികസമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായിരുന്നു. മേപ്പാടി,മൂപ്പൈനാട്, പുല്‍പ്പള്ളി ,മുള്ളന്‍കൊല്ലി, വെള്ളമുണ്ട, തവിഞ്ഞാല്‍ തിരുനെല്ലി തൊണ്ടര്‍നാട്,എടവക, മീനങ്ങാടി, കണിയാമ്പറ്റ, കോട്ടത്തറ, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ പനമരം, പൂതാടി, വൈത്തിരി, അമ്പലവയല്‍, നൂല്‍പ്പുഴ,നെന്‍മേനി, പൊഴുതന, മുട്ടില്‍, തരിയോട് എന്നീ പഞ്ചായത്തുകളിലും കല്‍പ്പറ്റ, മാനന്തവാടി, പനമരം, ബത്തേരി ബ്ലോക്ക് പഞ്ചായത്തുകളിലും പത്രികസമര്‍പ്പണം പൂര്‍ത്തിയായി. ഇന്നാണ് സൂക്ഷ്മ പരിശോധന നടക്കുന്നത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്‌ടോബര്‍ 17നാണ്. പത്രികസമര്‍പ്പണം കഴിഞ്ഞതോടെ സ്ഥാനാര്‍ഥികളെല്ലാം സ്വന്തം തട്ടകത്തില്‍ വോട്ടുറപ്പിക്കുന്ന തിരക്കിലാണ്. കഴിഞ്ഞതവണ അപേക്ഷിച്ച് സമയം വളരെ കുറവാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക്. രണ്ടാഴ്ചക്കാലത്തിനുള്ളില്‍ ഓരോ വോട്ടര്‍മാരെയും കണ്ട് വോട്ടഭ്യര്‍ഥിച്ചും ഓര്‍മ്മിപ്പിച്ചും ഉറപ്പിച്ചും സ്ഥാനാര്‍ഥികള്‍ പ്രചരണത്തിരക്കിലേക്ക് ഊളിയിടുകയാണ്. മുന്നണികളാകട്ടെ അണിയറയില്‍ തിരഞ്ഞെടുപ്പ് വിജയതന്ത്രങ്ങള്‍ മെനയുകയാണ്.

Latest