Connect with us

Gulf

ബിസിനസ് ബേയിലും സ്‌പോര്‍ട്‌സ് സിറ്റിയിലും വാടക കുറഞ്ഞു

Published

|

Last Updated

ദുബൈ സ്‌പോര്‍ട്‌സ് സിറ്റി

ദുബൈ: ബിസിനസ് ബേയിലും സ്‌പോര്‍ട്‌സ് സിറ്റിയിലും വാടകയില്‍ നേരിയ കുറവ്. ബിസിനസ് ബേയില്‍ മൂന്ന് ശതമാനത്തിന്റെയും സ്‌പോര്‍ട്‌സ് സിറ്റിയില്‍ രണ്ടു ശതമാനത്തിന്റെയും കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കാമന്റിഷ് മാക്‌സ്‌വെല്‍ വ്യക്തമാക്കി. ഈ മേഖലയില്‍ കൂടുതല്‍ താമസകേന്ദ്രങ്ങള്‍ പൂര്‍ത്തിയായതാണ് വാടകയില്‍ കുറവുണ്ടാകാന്‍ ഇടയാക്കിയിരിക്കുന്നത്.
അതേസമയം നഗരത്തിലെ മുഖ്യ ആഡംബര താമസകേന്ദ്രങ്ങളിലൊന്നായ ബുര്‍ജ് ഖലീഫ മേഖലയില്‍ വാടക മാറ്റമില്ലാതെ തുടരുകയാണ്. ഇവിടെ ഒറ്റമുറി അപാര്‍ട്‌മെന്റിന് 1.1 ലക്ഷം ദിര്‍ഹം മുതല്‍ 1.25 ലക്ഷം ദിര്‍ഹം വരെയാണ് വാര്‍ഷിക വാടക. സമീപത്തെ വ്യൂവേഴ്‌സ് ഓഫ് ഗ്രീന്‍സില്‍ 95,000 ദിര്‍ഹം മുതല്‍ 1,10,000 വരെയാണ് വാടക. ദുബൈ മറീന, ഡൗണ്‍ ടൗണ്‍ ബുര്‍ജ് ഖലീഫ, ജുമൈറ ലേക്ക് ടവേഴ്‌സ് എന്നിവിടങ്ങളിലും കെട്ടിട വാടകയില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല.
നഗരത്തില്‍ വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളില്‍ വിവിധ ഭാഗങ്ങളിലായി മൊത്തം 6,000 പുതിയ താമസകെട്ടിടങ്ങളാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വാടക കുറഞ്ഞ മേഖല ആഗ്രഹിക്കുന്നവരാണ് താമസത്തിനായി സ്‌പോര്‍ട്‌സ് സിറ്റി, ദുബൈ ലാന്റ്, ഇന്റര്‍നാഷണല്‍ സിറ്റി, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്, ജുമൈറ വില്ലേജ് സര്‍ക്കിള്‍ തുടങ്ങിയ മേഖലകളില്‍ പണി പൂര്‍ത്തീകരിച്ച പുതിയ കെട്ടിടങ്ങളിലേക്ക് നീങ്ങുന്നത്.
നഗരത്തില്‍ ഈ വര്‍ഷം പൂര്‍ത്തിയായ പുതിയ കെട്ടിടങ്ങളില്‍ 70 ശതമാനവും താമസകെട്ടിടങ്ങളാണ്. അപാര്‍ട്‌മെന്റുകള്‍, വില്ലകള്‍, ടൗണ്‍ ഹൗസുകള്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പെടുന്നവയാണിവ. മെഡോസ്, സ്പ്രിംഗ്‌സ് ആന്റ് ലെയ്ക്‌സ് എന്നിവിടങ്ങളില്‍ വാടകയില്‍ ഒരു ശതമാനത്തിന്റെ കുറവും സംഭവിച്ചിട്ടുണ്ട്. വിക്ടറി സൈറ്റ്‌സ്, ജുമൈറ പാര്‍ക്ക് എന്നിവിടങ്ങളിലും മൂന്ന് ശതമാനം കുറവാണ് കെട്ടിടവാടകയില്‍ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ മൊത്തത്തില്‍ 18,000 താമസ യൂണിറ്റുകള്‍ ദുബൈയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിലും താമസ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
ഇവയില്‍ ചിലതിന്റെ നിര്‍മാണം 2016ലേക്കും അപൂര്‍വം ചിലത് 2017ലേക്കും നീളാന്‍ ഇടയുണ്ട്. നിര്‍മാണത്തില്‍ സംഭവിച്ചിരിക്കുന്ന തടസങ്ങളും വേഗക്കുറവുമാണ് ചെറിയ വിഭാഗം കെട്ടിടങ്ങളുടെ നിര്‍മാണം വൈകുന്നതിന് ഇടയാക്കുക. ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കാന്‍ നേരത്തെ പദ്ധതിയിട്ടവയില്‍ മിക്കവയും ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്നാണ് അറിയുന്നത്.