Connect with us

Editorial

ലോക്പാല്‍ നിയമം നോക്കുകുത്തി?

Published

|

Last Updated

സര്‍ക്കാറിന് മുമ്പില്‍ സ്വത്ത് വിവരം വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് എന്താണിത്ര ഭയം? 2013ലെ ലോക്പാല്‍ നിയമത്തിലെ 44-ാം വകുപ്പ് പ്രകാരം കേന്ദ്ര ജീവനക്കാര്‍ തങ്ങളുടെയും ജീവിതപങ്കാളി, ആശ്രിതരായ മക്കള്‍ എന്നിവരുടെയും കൈവശമുള്ള പണം, സ്വര്‍ണം, ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍, നിക്ഷേപങ്ങള്‍, ഓഹരികള്‍, സ്വത്ത് സമ്പാദ്യങ്ങള്‍, ഇന്‍ഷ്വറന്‍സ് പോളിസികള്‍ തുടങ്ങിയ വിവരങ്ങള്‍ സര്‍ക്കാറിന് നല്‍കേണ്ടതുണ്ട്. സര്‍വീസ് ചട്ടങ്ങളനുസരിച്ച് സമര്‍പ്പിക്കേണ്ട സ്വത്തുവിവരങ്ങള്‍ക്ക് പുറമേയാണിത്. എല്ലാ വര്‍ഷവും മാര്‍ച്ച് 31ന് മുമ്പ് വിവരങ്ങള്‍ കൈമാറണമെന്നാണ് ചട്ടം. എന്നാല്‍ ബഹുഭൂരിപക്ഷം ജീവനക്കാരും നിശ്ചിത തീയതിക്കകം വിവരം നല്‍കാത്തതിനെ തുടര്‍ന്ന് നാല് തവണ സര്‍ക്കാര്‍ സമയം നീട്ടി നല്‍കി. ഈ ഒക്‌ടോബര്‍ 12നാണ് നാലാമത് തവണ ആറ് മാസത്തേക്ക് കൂടി സമയംനീട്ടിക്കൊടുത്തത്.
സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ മാത്രം പോരാ, സര്‍ക്കാര്‍ വെബ് സൈറ്റില്‍ അത് പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു നേരത്തെയുള്ള തീരുമാനം. ഉന്നത ജീവനക്കാരില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ് കാരണം ആ തീരുമാനം സര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു. വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് ഉദ്യോഗസ്ഥരുടെ സുരക്ഷക്കും സ്വകാര്യതക്കും ഭീഷണിയാകുമത്രെ. എന്നാല്‍ എന്ത് കൊണ്ടാണ് സര്‍ക്കാറിന് വിവരങ്ങള്‍ നല്‍കാനും അവര്‍ വിമുഖത കാണിക്കുന്നത്?
അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് ലോക്പാല്‍ ഉത്തരമൊരു ചട്ടം ഏര്‍പ്പെടുത്തിയത.് പല ഉദ്യോഗസ്ഥരും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൈക്കൂലിയില്ലാതെ രാജ്യത്ത് ഇന്ന് ഒരു കാര്യവും നടക്കില്ല. ഉദ്യോഗസ്ഥരുടെ ഒരവകാശമെന്ന മട്ടില്‍ സര്‍വ വ്യാപിയായിട്ടുണ്ട് ഈ വിപത്ത്. ഇന്ത്യയില്‍ നീതിന്യായ വ്യവസ്ഥയിലടക്കം എല്ലാ സര്‍ക്കാര്‍ മേഖലയിലും അഴിമതി വ്യാപകമായതായി യു എസ് പുറത്തിറക്കിയ 2013ലെ മനുഷ്യാവകാശ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2013 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള 11 മാസത്തിനുള്ളില്‍ 583 അഴിമതിക്കേസുകളാണ് സി ബി ഐ രജിസ്റ്റര്‍ ചെയ്തത്. 2012ല്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന് ലഭിച്ച 7,224 പരാതികളില്‍ 5,720 എണ്ണം കഴമ്പുള്ളതാണെന്ന് കണ്ട് കമ്മീഷന്‍ നടപടിക്ക് ശിപാര്‍ശ ചെയ്യുകയുണ്ടായി. ഉദ്യോഗസ്ഥ അഴിമതി തടയാന്‍ രാജ്യത്ത് നിയമങ്ങളുണ്ടെങ്കിലും അത് ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നും ഭയലേശമന്യേ അഴിമതി നടത്താന്‍ ഇത് ഉദ്യോഗസ്ഥര്‍ക്ക് ധൈര്യം പകരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ലോക്പാല്‍ നിയമവും വിവരാവകാശ നിയമവും ആവിഷ്‌കരിച്ചത് കൊണ്ടായില്ല, അത് ഫലവത്തായി നടപ്പാക്കുക കൂടി വേണം. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്നവരാണ് ഉദ്യോഗസ്ഥരെന്നതിനാല്‍ തങ്ങളുടെ സമ്പാദ്യങ്ങളെപ്പറ്റി ജനങ്ങളെ അറിയിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ അറിയാനുള്ള പൗരന്റെ അവകാശം ഭരണഘടനയിലെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി പലവുരു വ്യക്തമാക്കിയതാണ്. ദരിദ്രരും നിരക്ഷരരുമായ ജനലക്ഷങ്ങള്‍ക്കായി സോഷ്യലിസ്റ്റ് സാമൂഹികക്രമം ലക്ഷ്യംവെക്കുന്ന ഒരു രാജ്യത്ത് അറിയാനുള്ള അവകാശം അത്യന്താപേക്ഷിതമാണെന്നാണ് 1982ലെ പ്രസിദ്ധമായ “ജഡ്ജസ് കേസി”ല്‍, കോടതി ചൂണ്ടിക്കാട്ടിയത്. ഭരണകാര്യങ്ങളില്‍ പങ്കാളിയാകാനും സര്‍ക്കാറിന്റെ നയപരമായ കാര്യങ്ങള്‍ അറിയാനുമുള്ള പൗരന്റെ അവകാശം സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ ജനാധിപത്യത്തെക്കുറിച്ച് നാം വാചാലമാകുന്നതിലെന്തര്‍ഥം? വിവരം നല്‍കാതിരിക്കുന്നതും തെറ്റായും അപൂര്‍ണമായും പക്ഷപാതപരമായും വിവരങ്ങള്‍ നല്‍കുന്നതുമെല്ലാം ജനാധിപത്യത്തെ അപഹാസ്യമാക്കുന്ന നടപടികളാണ്.
ഭരണത്തില്‍ സുതാര്യത അവകാശപ്പെട്ടും അഴിമതി തുടച്ചുനീക്കുമെന്ന വാഗ്ദാനത്തോടെയുമാണ് എല്ലാ ഭരണകൂടങ്ങളും അധികാ രത്തിലേറുന്നത്. കേരള സര്‍ക്കാര്‍ നൂറ് ദിവസത്തെ കര്‍മദിന പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരും ഐ എ എസ,് ഐ പി എസ് ഉദ്യോഗസ്ഥരും അഡ്വക്കറ്റ് ജനറല്‍, ഗവ. പ്ലീഡര്‍മാര്‍ തുടങ്ങിയവരുടെയുമെല്ലാം സ്വത്തുവിവരം വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. ഉദ്യോഗസ്ഥ ലോബിയുടെ ചെറുത്തുനില്‍പ്പിന് മുമ്പില്‍ ഈ വാഗ്ദാനം സര്‍ക്കാര്‍ മനഃപൂര്‍വം വിസ്മരിക്കുകയായിരുന്നു. തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം ചിലര്‍ ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്വത്തു വിവരം ആവശ്യപ്പെട്ടപ്പോള്‍ എല്ലാം വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് പറഞ്ഞ് പൊതുഭരണ വകുപ്പ് ഒഴിഞ്ഞു മാറുകയാണുണ്ടായത്. വെബ്‌സൈറ്റ് പരിശോധിച്ചപ്പോള്‍ ലഭിച്ചത് പഴയ വിവരങ്ങള്‍ മാത്രമായിരുന്നു. ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണിവിടെ. അതിനിടെ ലോക്പാല്‍ നിയമപ്രകാരം സ്വത്തുവിവരം സമര്‍പ്പിക്കണമെന്ന ഉത്തരവ് പാടേ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും കേള്‍ക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെയും ഭരണതലപ്പത്തുള്ളവരുടെയും സ്വത്തും നേരായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതാണെങ്കില്‍ അത് വെളിപ്പെടുത്താന്‍ അവര്‍ വിമുഖത കാണിക്കേണ്ടതില്ല. എവിടെയോ എന്തൊക്കെയോ പന്തികേടുണ്ടെന്നല്ലേ അവരുടെ ഇപ്പോഴത്തെ നിലപാടില്‍ നിന്ന് വായിച്ചെടുക്കാവുന്നത്? ലോക്പാല്‍ നിയമം ഇവരുടെ കാര്യത്തില്‍ നോക്കുകുത്തിയാകുകയാണ്.

Latest