Connect with us

Palakkad

കാവശ്ശേരി പത്തനാപുരത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി

Published

|

Last Updated

ആലത്തൂര്‍: കാവശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് പത്തനാപുരത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പത്രിക റിട്ടേണിംഗ് ഓഫീസര്‍ തള്ളി. 1994-ലെ പഞ്ചായത്തീരാജ് നിയമം 30-ാം സെക്ഷന്‍ പ്രകാരവും 1969ലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരവുമാണ് പത്രിക തള്ളിയതെന്ന് റിട്ടേണിംഗ് ഓഫീസര്‍ വിമല്‍ ഘോഷ് അറിയിച്ചു.
ഇന്നലെ ഉച്ചക്ക് 12 മണിയോടെ യു ഡി എഫ് സ്ഥാനാര്‍ഥി കെ ഉദയകുമാറിന്റെ പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ അജയ ഘോഷ് ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് എല്‍ ഡി എഫ്-യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഈ പ്രശ്‌നം രണ്ടരയോടെ വീണ്ടും പരിശോധിക്കാന്‍ മാറ്റിവെച്ചു. വീണ്ടും പ്രശ്‌നം പരിഗണിച്ചപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ ഉദയകുമാര്‍ തനിക്ക് മത്സരിക്കാന്‍ മില്‍മ എം ഡി നല്‍കിയ കത്ത് ഹാജരാക്കി.
ഈ കത്ത് തെളിവായി സ്വീകരിച്ചാണ് പത്രിക തള്ളിയത്. പാലക്കാട് കല്ലേപ്പുള്ളി മില്‍മ ഡയറിയിലെ പ്ലാന്റ് അറ്റന്‍ഡറാണ് ഉദയകുമാര്‍. സഹകരണ സ്ഥാപനമായ മില്‍മ അര്‍ധ സര്‍ക്കാര്‍ സ്ഥാപനം കൂടിയാണ്. എന്നാല്‍, മലമ്പുഴ ബ്ലോക്കിലെ മന്തക്കാട് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി സുബ്രഹ്മണ്യന്‍ എതിര്‍ സ്ഥാനാര്‍ഥിയായ എല്‍ ഡി എഫ് പ്രവര്‍ത്തകന്‍ സി പി എമ്മിലെ പ്രസാദ്, മലമ്പുഴ പഞ്ചായത്ത് എട്ടാം വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ഥി സുധീഷ് എന്നിവരുടെ പത്രിക സ്വീകരിച്ചിട്ടുണ്ട്. ഇവരും മില്‍മ ജീവനക്കാരാണ്. ഇത് ചൂണ്ടികാണിച്ച് കെ ഉദയകുമാര്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ വാര്‍ഡില്‍ യു ഡി എഫ് ഡമ്മി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച രാമദാസ് ആലത്തൂര്‍ എല്‍ ബി എസ് ജീവനക്കാരനാണ്.
ഇയാള്‍ക്കും മത്സരിക്കാന്‍ കഴിയില്ല. ഇതോടെ ഈ വാര്‍ഡില്‍ സി പി എമ്മിലെ കെ അജയഘോഷും ബി ജെ പിയിലെ നാരായണസ്വാമിയും മാത്രമാകും സ്ഥാനാര്‍ഥികള്‍.
ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കേസുമായി മുന്നോട്ട് പോകുമെന്ന് വടക്കഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ആണ്ടിയപ്പു അറിയിച്ചു. കെ ഉദയകുമാര്‍ യൂത്ത് കോണ്‍ഗ്രസ് കാവശ്ശേരി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ്.

Latest