Connect with us

National

മുസ്‌ലിംകള്‍ ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ബീഫ് ഉപേക്ഷിക്കുക: ഹരിയാന മുഖ്യമന്ത്രി

Published

|

Last Updated

ചണ്ഡിനഗര്‍: മുസ്‌ലിംകള്‍ ഇന്ത്യയില്‍ കഴിയണമെങ്കില്‍ ബീഫ് ഭക്ഷിക്കരുതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖട്ടറിന്റെ വിവാദ പരാമര്‍ശം. ജനാധിപത്യത്തില്‍ സ്വാതന്ത്ര്യത്തിന് പരിധികളുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്നതാകരുത് അതെന്നും അദ്ദേഹം പറഞ്ഞു.

ബീഫ് കഴിച്ചില്ലെങ്കിലും മുസ്‌ലിംകള്‍ക്ക് ജീവിക്കാം. മുസ്‌ലിംകള്‍ ബീഫ് കഴിക്കണമെന്ന് എവിടേയും എഴുതി വെച്ചിട്ടില്ല. പശു, ഭഗവത് ഗീത, സരസ്വതി എന്നിവ ഭൂരിപക്ഷത്തിന്റെ വിശ്വാസമാണ്. പശു ഹിന്ദുക്കളുടെ വിശ്വാസമാണ്. അതിന് പ്രശ്‌നങ്ങളുണ്ടാക്കാതെ മുസ്‌ലിംകള്‍ ശ്രദ്ധിക്കണമെന്നും ഖട്ടര്‍ പറഞ്ഞു. ദാദ്രി സംഭവം തെറ്റിദ്ധാരണമൂലമുണ്ടായതാണ്. ഇരു വിഭാഗത്തിനും തെറ്റുപറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാന മുഖ്യമന്ത്രിയായി അധികാരമേറ്റിട്ട് ഒരു വര്‍ഷം തികയുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലായിരുന്നു ഖട്ടറിന്റെ വിവാദ പരാമര്‍ശങ്ങള്‍.

എന്നാല്‍ അഭിമുഖം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. മുഖ്യമന്ത്രി ഇത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നും പത്രം വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ഓഫീസ് അറിയിച്ചു.

Latest