Connect with us

Gulf

ഷാര്‍ജ പുസ്തകോത്സവം; സെന്‍സര്‍ഷിപ്പ് ഉണ്ടാവില്ല

Published

|

Last Updated

ഷാര്‍ജ: അടുത്ത മാസം ആരംഭിക്കുന്ന ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ എത്തിക്കുന്ന പുസ്തകങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഉണ്ടാവില്ലെന്ന് അധികൃതര്‍. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്. 1982ലാണ് ഷാര്‍ജ പുസ്തക മേള ആരംഭിച്ചത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ പുസ്തകമേളയാണിത്.
64 രാജ്യങ്ങളില്‍ നിന്നായി 1,502 പ്രസാധകര്‍ മേളയില്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശബ്ദം എന്ന പേരില്‍ അഞ്ച് രാജ്യാന്തര കവികള്‍ പങ്കെടുക്കുന്ന പരിപാടി മേളയുടെ ഭാഗമായിനടക്കും. നിരവധി സെമിനാറുകളും ശില്‍പശാലകളും പ്രത്യേകമായി നടക്കുന്നുണ്ട്. “വാണിജ്യത്തില്‍ നിന്ന് നോവല്‍ എഴുത്തിലേക്ക്” എന്ന പേരില്‍ പ്രത്യേക പരിപാടിയും സംഘടിപ്പിക്കും. നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 33 സെമിനാറുകള്‍ 11 ദിവസങ്ങളിലായി കള്‍ചറല്‍ കഫേയില്‍ നടക്കും. മാധ്യമ പ്രവര്‍ത്തനം, വിവര്‍ത്തനം, ചരിത്രം തുടങ്ങിയ വിഷയങ്ങളായിരിക്കും ചര്‍ച്ചയില്‍ ഉള്‍പെടുക.
15 ലക്ഷത്തോളം കൃതികളാണ് 34-ാമത് പുസ്തകമേളക്കെത്തുന്നത്. ഇംഗ്ലണ്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രസാധകരെത്തുന്നത്. അതു കഴിഞ്ഞാല്‍ ഇന്ത്യയാണ് പങ്കെടുക്കുന്ന പ്രസാധകരുടെ എണ്ണം കൂടുതലുള്ള രാജ്യം. ഹോളണ്ട്, പെറു, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആദ്യമായി പങ്കാളിത്തമുണ്ട്.
അറബ് മേഖലയില്‍ നിന്ന് 890 പ്രസാധകരും മറ്റു വിദേശരാജ്യങ്ങളില്‍ നിന്ന് 433 പ്രസാധകരും പങ്കെടുക്കും. അമേരിക്കന്‍ ലൈബ്രറി അസോസിയേഷനുമായി സഹകരിച്ച് പുസ്തകമേളയുടെ ഭാഗമായി നടക്കുന്ന സംയുക്ത ലൈബ്രറി സമ്മേളനത്തില്‍ 13 പ്രദര്‍ശകര്‍ എത്തും.
കൂടാതെ കുട്ടികള്‍ക്ക് വേണ്ടി നിരവധി പ്രത്യേക പരിപാടികളും നടക്കും. പ്രമുഖ ഈജിപ്ഷ്യന്‍ നടനായ മുഹമ്മദ് സോപി, രാഷ്ട്രീയ നിരീക്ഷനായ ഡോ.മുസ്തഫ അല്‍ ഫിക്കി, ടുണീഷ്യന്‍ എഴുത്തുകാരനും പണ്ഡിതനുമായ ഡോ. ശുക്‌രി അല്‍ മബ്കൂത്ത്, നൈജീരിയന്‍ എഴുത്തുകാരന്‍ ബെന്‍ ഓക്‌റി, ബ്രിട്ടീഷ് എഴുത്തുകാരന്‍ ജോണ്‍ മെക്കാര്‍ത്തി, ജാപ്പനീസ് നോവലിസ്റ്റ് ഷോജോ ഒകിതാനി എന്നിവര്‍ അതിഥികളായി പങ്കെടുക്കും. മേളയിലെ പുസ്തകങ്ങള്‍ക്ക് 25 ശതമാനം വിലക്കിഴിവ് നല്‍കണമെന്ന് പ്രസാധകര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് നോവലിസ്റ്റ് വൈരമുത്തു, സുധാ മൂര്‍ത്തി, സുബ്രതോ ബച്ചി തുടങ്ങിയവരും മലയാളം കഥാകൃത്ത് ടി പത്മനാഭന്‍, നടന്‍ മോഹന്‍ലാല്‍, ചെണ്ട മേളാചാര്യന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കവി സച്ചിദാനന്ദന്‍ തുടങ്ങിയവര്‍ ഔദ്യോഗിക അതിഥികളായി മേളയില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം 14.7 ലക്ഷം സന്ദര്‍ശകരാണ് പുസ്തകമേളക്കെത്തിയത്. ഇത്തവണ 20 ശതമാനം വര്‍ധനയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.