Connect with us

Kerala

പി സി ജോര്‍ജിനെതിരെ ഉമ്മന്‍ ചാണ്ടിയും സുധീരനും തെളിവുകള്‍ നല്‍കി

Published

|

Last Updated

തിരുവനന്തപുരം: പി സി ജോര്‍ജ് യു ഡി എഫില്‍ നിന്നുകൊണ്ട് മുന്നണിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും സ്പീക്കര്‍ക്ക് മൊഴി നല്‍കി. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ഇതിന്റെ ഭാഗമാണെന്നും ഇരുവരും പറഞ്ഞു.
ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ കേസില്‍ വിസ്താരത്തിന്റെ ഭാഗമായി സ്പീക്കര്‍ക്ക് മുന്നില്‍ മൊഴി നല്‍കുകയായിരുന്നു ഇരുവരും. പല പ്രാവശ്യം താക്കീത് നല്‍കിയിട്ടും ജോര്‍ജ് മുന്നണി വിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിക്കുകയാണുണ്ടായത്. ജോര്‍ജിന്റെ നടപടി കൂറുമാറ്റ നിരോധന നിയമത്തില്‍ പെടുന്നതാണെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നതായും ഇരുവരും മൊഴി നല്‍കി. ടി എന്‍ പ്രതാപന്‍ എം എല്‍ എയില്‍ നിന്നും തെളിവെടുത്തു. ഈ മാസം 26ന് തെളിവെടുപ്പ് തുടരുമെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ രണ്ട് സിറ്റിംഗുകളില്‍ ഹാജരാകാതിരുന്ന പി സി ജോര്‍ജ് ഇന്നലെ ഹാജരായി. എം എല്‍ എമാരായ വി ഡി സതീശന്‍, വി എസ് സുനില്‍കുമാര്‍ അസൗകര്യം അറിയിച്ചു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിനെതിരെ സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചത് ഉള്‍പ്പെടെയുള്ള അച്ചടക്ക ലംഘനമാണ് ഉണ്ണിയാടന്‍ ചൂണ്ടിക്കാട്ടുന്നത്. ജോര്‍ജിന്റെ പല സാഹചര്യങ്ങളിലെ പ്രസ്താവനകളും തെളിവുകളായി സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലെ സ്ഥിരീകരണത്തിനായി മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും തെളിവ് ശേഖരിച്ചിരുന്നു.

Latest