Connect with us

Kerala

ഓണ്‍ലൈന്‍ പെണ്‍വാണിഭം; 12 പേര്‍ പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയിരുന്ന വന്‍ റാക്കറ്റിലെ 12 പേരെ പോലീസ് പിടികൂടി. ലൊകാന്‍ഡോ എന്ന അഡൈ്വര്‍ടൈസ്‌മെന്റ് വെബ്‌സൈറ്റുവഴി പരസ്യം നല്‍കി അതിലൂടെ ബന്ധപ്പെടുന്നവര്‍ക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. ക്രൈം ബ്രാഞ്ച് ഐ ജി. എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം, അടൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഏഴ് പുരുഷന്‍മാരും അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്ന സംഘം പിടിയിലായത്. ഇതില്‍ രണ്ട് കോളജ് വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.
ഏഴ് പുരുഷന്‍മാര്‍ക്കും ഒരു സ്ത്രീക്കുമെതിരേ കേസെടുത്ത പോലീസ് നാല് സ്ത്രീകളെ നിര്‍ഭയ കേന്ദ്രത്തിലേക്കും ഇതില്‍ ഒരു സ്ത്രീയുടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും കൈമാറി. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍(34), കൊല്ലം പുത്തൂര്‍ സ്വദേശി പ്രവീണ്‍(27), എറണാകുളം എടവനക്കാട് സ്വദേശി അജീഷ്(33), കൊല്ലം മാങ്ങാട് സ്വദേശി അനീഷ്(33), കൊല്ലം അഞ്ചല്‍ സ്വദേശി അബിന്‍ബാഷ്, അടൂര്‍ സ്വദേശി ജിഷ്ണു(19), തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ഷജീബ് ഖാന്‍(33), കൊല്ലം മാങ്ങാട് സ്വദേശിനി ബിനിമോള്‍(39) എന്നിവരാണ് അറസ്റ്റിലായത്. വെബ്‌സൈറ്റില്‍ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്താണ് സംഘം വാണിഭം നടത്തിയിരുന്നത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു റെയ്ഡ്.
പുലര്‍ച്ചെ വരെ നീണ്ട റെയ്ഡില്‍ ബിസിനസ് പ്രമുഖര്‍ വരെ കുടുങ്ങിയേക്കാവുന്ന സൂചനകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. തിരുവനന്തപുരത്തിന് പുറമെ കൊല്ലം എറണാകുളം, ഇടുക്കി എന്നിവടങ്ങളിലും റെയ്ഡ് നടന്നു. സൈബര്‍ പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ച് പോലീസിന് നേരത്തെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. എസ്‌കോര്‍ട്ട് എന്ന പേരിലായിരുന്നു ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വെബ്‌സൈറ്റ് പരസ്യത്തില്‍ റാക്കറ്റില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെയും ഏജന്റിന്റെയും നമ്പറുണ്ടാവും. നമ്പറുകളിലേക്ക് വിളിക്കുന്നവരെ ഏജന്റുമാരെത്തി പെണ്‍കുട്ടികളുടെ ചിത്രം കാണിച്ച് കൈമാറ്റം ഉറപ്പിക്കും. തുടര്‍ന്ന് പണം നല്‍കുന്ന മുറക്ക് ഹോട്ടലുകളിലും വാടകവീടുകളിലും പെണ്‍കുട്ടികളെ എത്തിക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. വാടകക്കെടുത്ത വീടുകളില്‍ കുടുംബമായി താമസിക്കുന്നുവെന്നു വരുത്തിത്തീര്‍ക്കാന്‍ ഏജന്റുമാര്‍ സ്ത്രീകളെയും കുട്ടികളെയും ഇവിടെ താമസിപ്പിച്ചിരുന്നു. സംഘം കൊച്ചുകുട്ടികളെ വരെ വാണിഭത്തിനു മറയാക്കി ഉപയോഗിച്ചിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, സംഘത്തിലുള്ള ഉന്നതര്‍ അറസ്റ്റ് വിവരം അറിഞ്ഞ് മുങ്ങിയതായാണ് സൂചന.
ഓണ്‍ലൈന്‍ പെണ്‍ വാണിഭ സംഘത്തിന്റെ വലയിലായവരുടെ കത്തുകളും പരാതികളും ലഭിച്ചപ്പോഴാണ് ക്രൈം ബ്രാഞ്ചിന്റെ കീഴില്‍ പ്രത്യേക സംഘത്തെ രൂപവത്കരിച്ച് ഡി ജി പി അന്വേഷണം ആരംഭിചത്. സൈബര്‍ വിദഗ്ധരും ഷാഡോ പോലീസും അടങ്ങുന്ന സംഘവും മാസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘത്തിലെ കണ്ണികളെ പിടികൂടിയത്. വിദേശത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സൈറ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഇത് വാണിഭത്തിന് ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെക്കാമെന്നുള്ള നിയമോപദേശം തേടിയശേഷമാണ് സംഘത്തെ അന്വേഷണ സംഘം കസ്റ്റഡയിലെടുത്തത്.

Latest