Connect with us

Business

കുരുമുളക് വില മുന്നേറി; നാളികേരോത്പന്നങ്ങള്‍ക്ക് തിരിച്ചടി

Published

|

Last Updated

ആഗോള വിപണിയില്‍ സ്വര്‍ണം മൂന്നര മാസത്തെ ഉയര്‍ന്ന തലത്തില്‍. റബ്ബര്‍ ഷീറ്റ് ക്ഷാമം ടയര്‍ നിര്‍മാതാക്കളെ അസ്വസ്ഥരാക്കുന്നു. ആഭ്യന്തര ഡിമാന്‍ഡില്‍ കുരുമുളക് വില മുന്നേറി. ഭക്ഷ്യയെണ്ണ വിപണികള്‍ തളര്‍ച്ചയില്‍, വെളിച്ചെണ്ണക്കും തിരിച്ചടി.

കൊച്ചി: സ്വര്‍ണ വില ഉയര്‍ന്നു. ആഭരണ വിപണികളില്‍ പവന്‍ 19,840 ല്‍ നിന്ന് 20,080 ലേക്ക് കയറി. ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1159 ഡോളറില്‍ നിന്ന് 1188 വരെ ഉയര്‍ന്ന ശേഷം വാരാന്ത്യം 1177 ഡോളറിലാണ്. മൂന്നര മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 1188 വരെ കയറിയ ശേഷം 1176 ഡോളറിലാണ്. 200 ദിവസത്തെ ശരാശരി വിലയായ 1180 ഡോളറിലെ പ്രതിരോധം മറികടക്കാനുള്ള ശ്രമങ്ങളാവും വരും ദിനങ്ങളില്‍ സ്വര്‍ണം കാഴ്ച്ചവെക്കുക.
സംസ്ഥാനത്ത് റബ്ബര്‍ ടാപ്പിംഗ് സീസനാണെങ്കിലും കര്‍ഷകര്‍ തോട്ടങ്ങളില്‍ സജീവമല്ല. റബ്ബറിന്റെ വില തകര്‍ച്ച തന്നെയാണ് കര്‍ഷകരെയും രംഗത്ത് നിന്ന് അകറ്റിയത്. ഇത് മൂലം കൊച്ചി, കോട്ടയം മലബാര്‍ വിപണികളിലേക്കുള്ള ഷീറ്റ് വരവ് മുന്‍ മാസങ്ങളെ അപേക്ഷിച്ച് ചുരുങ്ങി. എന്നാല്‍ ഈ അവസരത്തിലും റബ്ബര്‍ വില ഉയര്‍ത്താന്‍ കമ്പനികള്‍ തയ്യാറായില്ല. ടയര്‍ കമ്പനികള്‍ 11,450 രൂപക്ക് ആര്‍ എസ് എസ് നാലാം ഗ്രേഡ് ശേഖരിച്ചു. ഉത്തരേന്ത്യന്‍ വ്യവസായികള്‍ അഞ്ചാം ഗ്രേഡ് 11,300 രൂപയിലാണ് ശേഖരിച്ചത്.
കുരുമുളക് ഉത്പാദകര്‍ക്കും സ്‌റ്റോക്കിസ്റ്റുകള്‍ക്കും ആവേശം പകര്‍ന്ന് ഉത്പന്നം 67,300 രൂപയായി ഉയര്‍ന്നു. ഹൈറേഞ്ച് കുരുമുളകിന്റെ ലഭ്യത കുറഞ്ഞതാണ് വില ഉയര്‍ത്താന്‍ ഉത്തരേന്ത്യന്‍ വാങ്ങലുകാരെ പ്രേരിപ്പിച്ചത്. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 64,000 രൂപയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ മലബാര്‍ മുളക് വില ടണ്ണിന് 11,000 ഡോളറാണ്. ഉത്സവകാല ആവശ്യം മുന്നില്‍ കണ്ടാണ് അന്തര്‍സംസ്ഥാന വ്യാപാരികള്‍ കുരുമുളക് ശേഖരിക്കുന്നത്.— ക്രിസ്തുമസ് ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് യുറോപ്യന്‍ രാജ്യങ്ങള്‍ ചരക്ക് സംഭരിക്കുന്നുണ്ട്.
നാളികേരോത്പന്നങ്ങള്‍ക്ക്‌വീണ്ടും തിരിച്ചടി. അവധി വ്യാപാരത്തില്‍ ഭക്ഷ്യയെണ്ണകളുടെ നിരക്ക് ഇടിഞ്ഞതാണ് ഇതര എണ്ണകള്‍ക്ക് ഒപ്പം വെളിച്ചെണ്ണയെയും തളര്‍ത്തിയത്. തമിഴ്‌നാട്ടിലെ മില്ലുകാര്‍ വെളിച്ചെണ്ണ വിറ്റഴിക്കാന്‍ മത്സരിച്ചത് തളര്‍ച്ച രൂക്ഷമാക്കി. കൊച്ചിയില്‍ വെളിച്ചെണ്ണ 10,800 ല്‍ നിന്ന് 10,300 രൂപയായി. കൊപ്ര 7290 രൂപയില്‍ നിന്ന് 6970 രൂപയായി.
ഔഷധ നിര്‍മാതാക്കളുടെ വരവ് ജാതിക്കയും ജാതിപത്രിയും വില മെച്ചപ്പെടുത്തി. വാരാന്ത്യം ജാതിക്ക തൊണ്ടന്‍ കിലോ 200-220 ലും തൊണ്ടില്ലാത്തത് 380-400 ലും ജാതിപത്രി 550-800 ലുമാണ്.
ചുക്ക് വില സ്‌റ്റെഡി. ആഭ്യന്തര ആവശ്യം കുറവാണ്. അതേസമയം വിപണി ഉത്തരേന്ത്യയില്‍ നിന്ന് ശൈത്യകാല ഡിമാന്‍ഡ് വിപണി പ്രതീക്ഷിക്കുന്നുണ്ട്. മീഡിയം ചുക്ക് 18,500 ലും ബെസ്റ്റ് ചുക്ക് 20,000 രൂപയിലുമാണ്.

Latest