Connect with us

Business

ആഗോള ഓഹരി വിപണിയില്‍ ഉണര്‍വ്; ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മുന്നേറ്റം

Published

|

Last Updated

ആഗോള ഓഹരി വിപണികളില്‍ ഉണര്‍വ് ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ മുന്നേറ്റം സുഗമമാക്കി. ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ബ്ലൂചിപ്പ് ഓഹരികള്‍ സ്വന്തമാക്കാന്‍ കാഴ്ച്ചവെച്ച ഉത്സാഹം തുടര്‍ച്ചയായ മൂന്നാം വാരത്തിലും സെന്‍സെക്‌സിനും നിഫ്റ്റിക്കും കരുത്തു സമ്മാനിച്ചു. ബോംബെ സൂചിക 135 പോയിന്റും നിഫ്റ്റി 48 പോയിന്റും കയറി.
ബി എസ് ഇ സൂചിക 27,000 ലെ താങ്ങ് തകര്‍ത്ത് 26,723 ലേക്ക് ഇടിഞ്ഞത് നിക്ഷേപകരെ സമ്മര്‍ദത്തിലാക്കിയെങ്കിലും വാരാന്ത്യം സൂചിക 27,235 പോയിന്റായി ഉയര്‍ന്നു. അനുകൂല വാര്‍ത്തകള്‍ പുറത്തുവന്നാല്‍ ഈ വാരം സെന്‍സെക്‌സ് 27,391-27,569 ലേക്ക് ഉയരാം. അതേസമയം തിരിച്ചടി നേരിട്ടാല്‍ 26,879-26,545 ലേക്ക് സൂചിക പരീക്ഷണവും നടത്താം. സൂചികയുടെ സാങ്കേതിക വശങ്ങള്‍ വിലയിരുത്തിയാല്‍ ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്ക്, പി എസ് എ ആര്‍ എന്നിവ ബുള്ളിഷാണ്. എന്നാല്‍ എം എ സി ഡി, സ്ലോ സ്‌റ്റോക്കാസ്റ്റിക്ക് എന്നിവ തിരുത്തലിനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റ് പിന്നിട്ടവാരം ആദ്യ പകുതിയില്‍ വില്‍പ്പനക്കാരുടെ പിടിയിലായിരുന്നു. ഉയര്‍ന്ന റേഞ്ചില്‍ നിന്ന് ഒരവസരത്തില്‍ നിഫ്റ്റി 8088 ലേക്ക് ഇടിഞ്ഞെങ്കിലും പിന്നിട് ശക്തമായ തിരിച്ചു വരവില്‍ 8244 വരെ കയറി. വാരാന്ത്യം സൂചിക 8238 ലാണ്.— നിഫ്റ്റി അതിന്റെ ബുള്ളിഷ് ട്രന്റ് നിലനിര്‍ത്തി. ഈ വാരം നിഫ്റ്റിയുടെ ആദ്യ തടസ്സം 8291-8345 ലാണ്. ഇത് മറികടക്കാനായാല്‍ 8390 വരെ കയറാം. അതേ സമയം തളര്‍ച്ചനേരിട്ടാല്‍ 8136-8035 ല്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം. ഈ വാരം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇടപാടുകള്‍ നാലു ദിവസങ്ങളില്‍ മാത്രമായി ഒതുങ്ങും. വ്യാഴാഴ്ച ദസറ പ്രമാണിച്ച് വിപണി അവധിയാണ്.
വിദേശ ഫണ്ടുകളുടെ നിറഞ്ഞ സാന്നിധ്യം വിപണിയുടെ തിരിച്ച് വരവിന് തിളക്കമേകി. വെള്ളിയാഴ്ച വിദേശ നിക്ഷേപകര്‍ 435 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു. ഒക്‌ടോബര്‍ 1-16 തിയതികളില്‍ ഫണ്ടുകള്‍ 17,000 കോടി രൂപ ഇന്ത്യയില്‍ ഇറക്കി. 3295 കോടി രൂപ അവര്‍ ഓഹരി വിപണിയിലും 13,700 കോടി കടപത്രത്തിലും നിക്ഷേപിച്ചു.
ഇന്ത്യന്‍ മാര്‍ക്കറ്റ് തുടര്‍ച്ചയായ മൂന്നാം വാരത്തിലും നേട്ടം നിലനിര്‍ത്തിയത് ഓപ്പറേറ്റര്‍മാരെ പുതിയ ബാധ്യതകള്‍ക്ക് പ്രേരിപ്പിക്കുന്നുണ്ട്. ഉത്സവ ദിനങ്ങള്‍ അടുത്തത് വിപണിയിലെ മുന്നേറ്റത്തിന് വേഗത സമ്മാനിക്കുമെന്ന കണക്ക് കൂട്ടുന്നവരുമുണ്ട്.
കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുടെ വരവ് തുടരുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവിട്ടു. നിക്ഷേപകരുടെ പ്രതീക്ഷകളെയും കവച്ച് വെച്ച് 6700 കോടി രൂപയുടെ ലാഭമാണ് ആര്‍ ഐ എല്‍ സ്വന്തമാക്കിയത്. ഈ വാരം എച്ച് ഡി എഫ് സി, വിപ്രോ, ഏ സി സി, ബജാജ് ഓട്ടോ തുടങ്ങിയവയുടെ ത്രൈമാസ റിപ്പോര്‍ട്ട് പുറത്തുവരും. പിന്നിവാരം വാരാന്ത്യം ബാങ്കിംഗ്, ഓട്ടോമൊബൈല്‍ വിഭാഗം ഓഹരികള്‍ക്ക് ഒപ്പം കാപിറ്റല്‍ ഗുഡ്‌സ്, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, എഫ് എം സി ജി ഓഹരികളും ശ്രദ്ധിക്കപ്പെട്ടു. ഏഷ്യന്‍ ഓഹരി വിപണികളെല്ലാം തന്നെ നേട്ടത്തിലാണ്. യുറോപ്യന്‍ മാര്‍ക്കറ്റുകളും നിക്ഷേപ താല്‍പര്യത്തില്‍ മുന്നേറി. യു എസ് ഫെഡ് റിസര്‍വ്— അടുത്ത വാരം യോഗം ചേരും. ഡൗ ജോണ്‍സ് സൂചികയും എസ് ആന്‍ഡ് പി-500, നാസ്ഡാകും മികവ് കാണിച്ചു.

Latest