Connect with us

National

ഇന്ത്യന്‍ എഴുത്തുകാര്‍ക്ക് ആഗോള പിന്തുണ

Published

|

Last Updated

വാഷിംഗ്ടണ്‍: വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ സമരം പ്രഖ്യാപിച്ച ഇന്ത്യന്‍ എഴുത്തുകാര്‍ക്ക് പിന്തുണയുമായി ആഗോള എഴുത്തുകാര്‍. പ്രതികരിച്ചവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഭരണഘടന പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ആഗോള എഴുത്തുകാരുടെ കൂട്ടായ്മയായ പെന്‍ ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടു.
ലോകമൊട്ടാകെ അഭിപ്രായ സ്വാതന്ത്രവും പ്രതിരോധ സാഹിത്യവും പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന പെന്‍ ഇന്റര്‍നാഷനല്‍ എഴുത്തുകാരുടെ പ്രമുഖ ആഗോള സംഘടനയാണ്. കാനഡയിലെ ക്യുബെകില്‍ 73 രാജ്യങ്ങളില്‍ നന്നുള്ള എഴുത്തുകാര്‍ പങ്കെടുത്ത 81ാമത് പെന്‍ ഇന്റര്‍നാഷനല്‍ കോണ്‍ഗ്രസ്, പ്രതിഷേധത്തിന്റെ ഭാഗമായി പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇതോടൊപ്പം എഴുത്തുകാരടക്കമുള്ള എല്ലാ പൗരന്‍മാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പെന്‍ ഇന്റര്‍നാഷനല്‍ പ്രസിഡന്റ് ജോണ്‍ റാള്‍സ്റ്റണ്‍ സോള്‍ ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവര്‍ക്കും സാഹിത്യ അക്കാദമിക്കും കത്തെഴുതിയിട്ടുണ്ട്. അവാര്‍ഡുകള്‍ അക്കാദമിക്ക് തിരിച്ച് നല്‍കി ധീരത കാണിച്ച നോവലിസ്റ്റുകളെയും പണ്ഡിതരെയും കവികളേയും പ്രശംസിക്കുന്നുവെന്നും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും കത്തില്‍ പറയുന്നു.
പണ്ഡിതനും എഴുത്തുകാരനുമായ എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തേയും തുടര്‍ന്നുള്ള പ്രതിസന്ധികളേയും കുറിച്ച് പെന്‍ ഇന്റര്‍നാഷനല്‍ കോണ്‍ഗ്രസില്‍ സംബന്ധിച്ച എഴുത്തുകാര്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. അവരുടെ ആവശ്യ പ്രകാരം പെന്‍ ഇന്റര്‍നാഷനലിന്റെ പ്രസിഡന്റ് എന്ന നിലക്ക് തങ്ങളുടെ ശക്തമായ വീക്ഷണങ്ങള്‍ ഇന്ത്യയുമായി പങ്കുവെക്കുകയാണെന്ന് ജോണ്‍ പറഞ്ഞു.
സാഹിത്യകാരന്മാരും കലാകാരന്മാരുമടക്കമുള്ള സര്‍വരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനായി അടിയന്തിര നടപടികളെടുക്കണം. മഹത്തായ ഇന്ത്യന്‍ സംസ്‌കാരം സംരക്ഷിക്കണം. മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ ചൈതന്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും സംരക്ഷണം നല്‍കണം. കൂടാതെ, കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ കൊലപാതകത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഉറപ്പാക്കണം.- ജോണ്‍ റാള്‍സ്റ്റണ്‍ സോള്‍ കത്തില്‍ പറയുന്നു. കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ വധങ്ങളില്‍ അനുശോചിച്ച പെന്‍ ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കല്‍ബുര്‍ഗി കൊല്ലപ്പെട്ടപ്പോള്‍, അക്കാദമി അംഗങ്ങള്‍ വരെ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയും മറ്റും പ്രതിഷേധിച്ചപ്പോഴും അക്കാദമി മൗനം പാലിച്ചുവെന്ന് പെന്‍ ഇന്റര്‍നാഷനല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയ സാഹിത്യകാരന്മാരുടെ നടപടി രണ്ട് മന്ത്രിമാര്‍ വരെ ചോദ്യം ചെയ്തു. ഇത് ഇന്ത്യയിലെ ഇപ്പോഴത്തെ പരിതഃസ്ഥിതിയില്‍ പൊതുയിടത്തില്‍ വിയോജിപ്പ് പ്രകടപ്പിക്കണമെങ്കില്‍ പ്രത്യേക ധൈര്യം വേണമെന്നതിന് തെളിവാണെന്നും പ്രസ്താവനയില്‍ പറയുന്നു.