Connect with us

Gulf

കോഴിക്കോടിനെ ഐ ടി കേന്ദ്രമാക്കും-ഗിരീഷ് ബാബു

Published

|

Last Updated

ദുബൈ: കേരളത്തിലെ ഐ ടി സാധ്യതകളെ ലോകത്തിന് പരിചയപ്പെടുത്താനുള്ള മികച്ച അവസരമാണ് ദുബൈ ജൈറ്റക്‌സിലൂടെ കൈവന്നിരിക്കുന്നതെന്നും കോഴിക്കോടിനെ സംസ്ഥാനത്തെ പുതിയ ഐ ടി കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും തിരുവനന്തപുരം ടെക്‌നോ പാര്‍ക്ക് സി ഇ ഒ ഗിരീഷ് ബാബു. വേള്‍ഡ് ട്രേഡ് സെന്ററിലെ ജൈറ്റക്‌സ് സാങ്കേതിക വാരത്തില്‍ ഒരുക്കിയ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗിരീഷ് ബാബു. ലോകത്തിലെ ഏറ്റവും മിടുക്കരായ ഐ ടി വിദഗ്ധരാണ് കേരളത്തിലുള്ളത്. സൈബര്‍ ലോകത്തെ ഏതു സങ്കീര്‍ണമായ കുരുക്കുകളും അഴിക്കാന്‍ കഴിവുള്ളവരാണവര്‍. സൈബര്‍ ലോകത്തെ സാധ്യതകളിലേക്ക് ഇവരുടെ കഴിവും നൈപുണ്യവും എത്തിക്കുകയാണ് ഇത്തരം മേളകളില്‍ പങ്കെടുക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. മുന്‍കാലങ്ങളിലെ ജൈറ്റക്‌സുകളില്‍ പങ്കെടുത്ത അനുഭവപരിചയത്തില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ഇത്തവണ കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ അവതരിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് കേന്ദ്രമാക്കി മലബാറിനെ ഐ ടി രംഗത്തെ പുതിയ കേന്ദ്രമാക്കി മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട സങ്കല്‍പങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളാണ് പ്രധാനമായും ജൈറ്റക്‌സില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കോഴിക്കോട് സൈബര്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഐ ടി കമ്പനികളുടെ സോഫ്റ്റ്‌വെയറുകളാണ് പ്രധാനമായും പ്രദര്‍ശിപ്പിക്കുക. മലബാറിലെ പ്രവാസികള്‍ നേതൃത്വം നല്‍കുന്ന നിരവധി കമ്പനികള്‍ യു എ ഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് നല്‍കുന്നത് സാധ്യതകളുടെ വന്‍ ലോകമാണ്. അത്തരം അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും. ചെറുകിട ഐ ടി കമ്പനികള്‍ക്കും യുവ സംരംഭകര്‍ക്കും അവരുടെ ഉല്‍പന്നങ്ങള്‍ ഗള്‍ഫില്‍ പരിചയപ്പെടുത്താനുള്ള മികച്ച അവസരമാണ് ദുബൈ ഇത്തരം പ്രദര്‍ശനങ്ങളിലൂടെ ലോകത്തിന് സമ്മാനിക്കുന്നത്. കേരളത്തിലെ മുപ്പത്തഞ്ചോളം ഐ ടി കമ്പനിയുടെ പ്രതിനിധികള്‍ കേരള സംഘത്തിലുണ്ട്. ബാസ്ട്ര ടെക്‌നോളജീസ്, കോഡ്‌ലാറ്റിസ്, ഓഫെയ്റ്റ്, അബാംസോഫ്റ്റ്, സൈബ്രോ സിസ്, വാല്യൂമെന്റര്‍, ഫഌ അപ്, ക്രിയേസ് ടെക്‌നോളജീസ്, ഐസ് ലാബ് സൊല്യൂഷന്‍സ്, അകിരാ സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ്, നീം സോഫ്റ്റ്‌വെയര്‍, അലാഡിന്‍ പ്രോ, ഇന്‍ഫിനിറ്റ് ഓപ്പണ്‍ സോഴ്‌സ് സൊല്യൂഷന്‍സ്, എക്‌സ്‌പോ ഡൈന്‍, സ്മാര്‍ട് സ്‌കൂള്‍ തുടങ്ങിയ കമ്പനികള്‍ ജൈറ്റക്‌സില്‍ പങ്കെടുക്കുന്നുണ്ട്. ജൈറ്റക്‌സില്‍ മുന്‍ വര്‍ഷങ്ങളില്‍ പങ്കാളികളായ ചെറുകിട കമ്പനികളില്‍ ഭൂരിഭാഗവും വന്‍ ബിസിനസ് പങ്കാളിത്തം കരസ്ഥമാക്കിയത് തികഞ്ഞ പ്രതീക്ഷയാണ് നല്‍കുന്നതെന്നും ഗിരീഷ് ബാബു പറഞ്ഞു.
ജി സി സി മേഖലയിലെ പ്രത്യേകിച്ചും യു എ ഇയിലെ മലയാളി വ്യവസായ സാന്നിധ്യം പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുക എന്ന ലക്ഷ്യവും ജൈറ്റക്‌സിലെ പങ്കാളിത്തം കൊണ്ട് ഉദ്ദേശിക്കുന്നതായി കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് സി ഇ ഒ. ആര്‍ അജിത്കുമാര്‍ പറഞ്ഞു. സോഫ്ട്‌വെയര്‍ കമ്പനികളുടെ ദേശീയ സംഘടനയായ നാസ്‌കോം കോഴിക്കോടിനെ മികച്ച വളര്‍ച്ചാനിരക്ക് പ്രകടിപ്പിക്കുന്ന സോഫറ്റ്‌വെയര്‍ നിര്‍മാണ കേന്ദ്രമായി പരിഗണിച്ചിട്ടുണ്ടെന്നത് പ്രതീക്ഷ നല്‍കുന്നു.
മലബാറില്‍ നിന്ന് 11 കമ്പനികളാണ് ജൈറ്റക്‌സില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ടെക്‌നോപാര്‍ക്കിലെ എം സ്‌ക്വയര്‍ കമ്പനി സി ഒ ഒ. എം വാസുദേവന്‍ ഉള്‍പെടെയുള്ളവര്‍ പവലിയന്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

Latest