Connect with us

Malappuram

ആശിച്ച ചിഹ്നം കിട്ടാതെ സ്വതന്ത്രര്‍

Published

|

Last Updated

മലപ്പുറം: ആശിച്ചത് ഒന്ന്, കിട്ടിയത് മറ്റൊന്ന്. ഈ അവസ്ഥയാണ് ജില്ലയിലെ ചില സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക്. സൈക്കിളും വിമാനവും ടിവിയുമെല്ലാം ആവശ്യപ്പെട്ട് പലരും അപേക്ഷ നല്‍കിയിരുന്നു.
ആദ്യഘട്ടത്തില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട ചിഹ്‌നം തന്നെ അനുവദിച്ചെങ്കിലും പിന്നീടാണ് പ്രശ്‌നമായത്. നാല് വിഭാഗങ്ങളിലായി 114 ചിഹ്നങ്ങളാണ് ആകെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചവ. ഇതില്‍ ആന, താമര, ധാന്യക്കതിരും അരിവാളും, ചുറ്റികയും അരിവാളും നക്ഷത്രവും, കൈ, നാഴികമണി എന്നീ ആറെണ്ണം ദേശീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളാണ്. ഏണി, നെല്‍കതിരേന്തിയ കര്‍ഷക സ്ത്രീ, രണ്ടില, മണ്‍വെട്ടിയും മണ്‍ കോരിയും എന്നീ നാലെണ്ണം സംസ്ഥാന പാര്‍ട്ടികളുടേതുമാണ്.
ഇതര സംസ്ഥാനങ്ങളിലെ സംസ്ഥാന പാര്‍ട്ടികളുടെ ചിഹ്നങ്ങളും ത്രിതല പഞ്ചായത്തുകളിലോ, നിയമ സഭയിലോ പാര്‍ലമെന്റിലോ അംഗങ്ങളുള്ള പാര്‍ട്ടികള്‍ക്ക് അനുവദിക്കപ്പെട്ട ചിഹ്നങ്ങളാണ് മൂന്നാമത്തെ വിഭാഗം. 20 ചിഹ്നങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്ളത്. ബാക്കി 84 ചിഹ്നങ്ങളില്‍ നിന്നേ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കാന്‍ കഴിയുകയുള്ളു. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് വരണാധികാരികളാണ് ചിഹ്നം അനുവദിക്കുക. അതാതു പഞ്ചായത്തുകളിലെ വരാണാധികാരിയുടെ ചിഹ്നം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന് പുറത്ത് ജില്ലാ കലക്ടര്‍ മേലൊപ്പ് വെക്കണമെന്നാണ് ഇതുവരെ ഉണ്ടായിരുന്ന നിയമം. എന്നാല്‍ ഇത്തവണ അതിന്റെ ആവശ്യമില്ലെന്ന് തിരഞ്ഞടുപ്പ് കമ്മീഷന്റെ നിര്‍ദേശം വന്നു.
ഇതുമൂലം ഏതൊക്കെ ചിഹ്നങ്ങളാണ് അനുവദിച്ചതെന്ന് ജില്ലാ കലക്ടറുടെ നിയന്ത്രണത്തിലുള്ള ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന് കൃത്യമായ ധാരണയില്ലാതായി. വരണാധികാരികള്‍ക്ക് നല്‍കുന്ന കൈപുസ്തകം വായിച്ച് നോക്കാത്തതാണ് ഇവര്‍ക്ക് വിനയായത്. ഇതോടെ ചിഹ്‌നം മാറ്റിക്കിട്ടുന്നതിനുള്ള നെട്ടോട്ടത്തിലാണിപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. ചിഹ്നങ്ങള്‍ ലഭിച്ച പാര്‍ട്ടികളുടെ അംഗങ്ങള്‍ മത്സരരംഗത്തില്ലെങ്കില്‍ ചിഹ്നം മറ്റുള്ളവര്‍ക്ക് നല്‍കുന്നതിന് വിരോധമില്ല. വോട്ടിംഗ് യന്ത്രത്തില്‍ അക്ഷരമാലാ ക്രമത്തിലാണ് പേരുകള്‍ നല്‍കുക. പലരും ഇനീഷ്യലിന്റെ ചുരുക്കം ആദ്യം നല്‍കിയതിനാല്‍ വരണാധികാരികള്‍ അക്ഷരമാലാക്രമം ഇതിനനുസരിച്ചാണ് ചിട്ടപ്പെടുത്തിയത്. എന്നാല്‍ ഇനീഷ്യലിന്റെ ചുരുക്കം കൊടുക്കാന്‍ പാടില്ലെന്നാണ് നിയമം.

Latest