Connect with us

Kozhikode

ആയിരങ്ങളെ സാക്ഷിനിര്‍ത്തി യുവപ്രതിഭ വിടവാങ്ങി

Published

|

Last Updated

വള്ളിക്കുന്ന്: സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകളെ സാക്ഷിനിര്‍ത്തി ഹബീബ് ബിന്‍ അബ്ദുല്ല നൂറാനി എന്ന യുവപ്രതിഭ വിടവാങ്ങി. കേവലം 23 വര്‍ഷത്തെ ജീവിതത്തിനിടയില്‍ തന്റെ കര്‍മ്മനിരതമായ ജീവിതം കൊണ്ട് പതിനായിരക്കണക്കിന് സ്‌നേഹജനങ്ങളെ സൃഷ്ടിച്ചാണ് ഈ പ്രതിഭ വിടവാങ്ങുന്നത്. പ്രാസ്ഥാനിക രംഗത്ത് എസ്.എസ്.എഫിലും എം.എസ്.ഒയിലും ഒരുപോലെ പ്രവര്‍ത്തിച്ച അദ്ദേഹം ഓണ്‍ലൈന്‍ രംഗത്ത് സുന്നികള്‍ സൃഷ്ടിച്ച പല വിപ്ലവങ്ങളുടെയും പിന്നിലുള്ള മൗനസാന്നിദ്ധ്യമായിരുന്നു. പൂനൂര്‍ മദീനതുന്നൂര്‍ കോളേജില്‍ ഏഴുവര്‍ഷക്കാലം പഠിക്കുകയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഹിസ്റ്ററി ബിരുദം നേടുകയുമുണ്ടായി. മാസ് മീഡിയ ആന്റ് ജേര്‍ണലിസത്തില്‍ ഡല്‍ഹിയിലെ നോയിഡയിലുള്ള സി.സി.എസ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദപഠനം കഴിയാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയായപ്പോഴായിരുന്നു അപ്രതീക്ഷിതമായ വിയോഗം. ഡല്‍ഹിയിലെ എസ്.എസ്.എഫ് വിസ്ഡം ഹോസ്റ്റല്‍ അന്തേവാസിയായ അദ്ദേഹം ഡല്‍ഹി മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെയും റിലീഫ് ആന്റ് ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെയും കര്‍മ്മരംഗത്ത് കൂടി നിരതനായിരുന്നു. ഹബീബ് നൂറാനി എഴുതിയ മദ്ഹ് ഗാനങ്ങള്‍ വളരെ പ്രശസ്തമാണ്. ഗാനാലാപന രംഗത്തും ബുര്‍ദ പാരായണത്തിലും കേരളത്തിലെ അറിയപ്പെട്ട പ്രതിഭയാണദ്ദേഹം. മദീനതുന്നൂറിലെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഒട്ടനേകം അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മീഡിയ രംഗത്ത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സജീവമായിരുന്നു. വിയോഗവാര്‍ത്തയറിഞ്ഞ് പണ്ഡിതന്മാര്‍, സാംസ്‌കാരിക നായകന്മാര്‍ രാഷ്ട്രീയ ജനപ്രതിനിധികള്‍, മുതഅല്ലിമുകള്‍ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവര്‍ തിങ്കളാഴ്ച ഉച്ച മുതല്‍ വള്ളിക്കുന്ന് അത്താണിക്കല്‍ വീട്ടിലേക്ക് പ്രവഹിക്കുകയായിരുന്നു. കാന്തപുരം. എ.പി.അബൂബക്കര്‍ മുസ്ല്യാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ഹബീബുല്‍ ബുഖാരി, കട്ടിപ്പാറ കെ.അഹ്മദ് കുട്ടി മുസ്ല്യാര്‍, സി.മുഹമ്മദ് ഫൈസി, ഇ.പി.എം.ഫൈസി വില്ല്യാപ്പള്ളി, അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുറസാഖ് സഖാഫി, മജീദ് അരിയല്ലൂര്‍, പടിക്കല്‍ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ബശീര്‍ മാസ്റ്റര്‍ മറ്റു എസ്.എസ്.എഫ് ജില്ലാ-സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ചു. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ ജനാസ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. ഹബീബ് നൂറാനിയുടെ പേരില്‍ നാളെ മര്‍കസ് ഗാര്‍ഡനില്‍ വെച്ച് പ്രത്യേകം ദിക്ര്‍ ദുആ മജ്‌ലിസ് ഉണ്ടായിരിക്കുന്നതാണ്.

---- facebook comment plugin here -----

Latest