Connect with us

Kerala

വിമത ശല്യം; മലപ്പുറത്ത് യുഡിഎഫില്‍ കൂട്ട പുറത്താക്കല്‍

Published

|

Last Updated

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമത ശല്യം രൂക്ഷമായ മലപ്പുറം ജില്ലയില്‍ നടപടി തുടങ്ങി. വിമത പ്രവര്‍ത്തനം നടത്തിയവരെ യു ഡി എഫില്‍ നിന്ന് പുറത്താക്കി. സംഭവത്തില്‍ മുസ്‌ലിം ലീഗിലെ അമ്പത് പ്രാദേശിക നേതാക്കളെയും കോണ്‍ഗ്രസില്‍ നിന്ന് പതിനഞ്ച് പേരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയതില്‍ വനിതാ സ്ഥാനാര്‍ഥികളുമുണ്ട്. തിരഞ്ഞെടുപ്പില്‍ ഘടക കക്ഷികളായ ലീഗും കോണ്‍ഗ്രസും മത്സരിക്കുന്ന സീറ്റുകളില്‍ പാര്‍ട്ടി വിമതര്‍ മത്സര രംഗത്ത് വന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമത പ്രവര്‍ത്തനം നടത്തിയവരെ പുറത്താക്കാന്‍ നേതൃത്വം തീരുമാനിച്ചത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യു ഡി എഫില്‍ വിമത സ്വരമുയര്‍ന്നിരുന്നു. 24 പഞ്ചായത്തുകളിലും കൊണ്ടോട്ടി, പരപ്പനങ്ങാടി നഗരസഭകളിലും കാളികാവ് ബ്ലോക്കിലുമാണ് പ്രധാനമായും വിമത സ്വരം ഉയര്‍ന്നത്. കൂടാതെ ഇവിടങ്ങളില്‍ യു ഡി എഫ് സംവിധാനത്തില്‍ വിള്ളലുമുണ്ടായി.
പള്ളിക്കല്‍ പഞ്ചായത്തിലെ വിമതരായ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ സി സൈതലവി, തോട്ടോളി ബുശ്‌റ, എ കെ ഖദീജ, കെ എം ഹംസ, പി അഹമ്മദ് കോയ എന്നിവരെയും മൊറയൂര്‍ പഞ്ചായത്തില്‍ മത്സരിക്കുന്ന മുഹമ്മദലി മാസ്റ്ററെയും ലീഗില്‍ നിന്ന് പുറത്താക്കി. അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് കുഴിമണ്ണ ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന കെ കെ മുഹമ്മദ്, പുളിക്കല്‍ പഞ്ചായത്തിലെ രണ്ട്, നാല്, എട്ട്, 12 വാര്‍ഡുകളില്‍ മത്സരിക്കുന്ന ബിന്ദു, ഫഖ്‌റുദ്ദീന്‍, ദില്‍ഷാദ്, കെ കെ നൗഫല്‍, മൂന്നിയൂരില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സവിത മംഗലശേരി തുടങ്ങിയ കോണ്‍ഗ്രസ് വിമതരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ ഉള്‍പ്പെടുന്നു.

Latest