Connect with us

Kerala

കുട്ടികളെ മുട്ടുകാലില്‍ നിര്‍ത്തിയ സംഭവം; അധ്യാപകനെ ന്യായീകരിച്ച് ഡി ഇ ഒയുടെ വിചിത്ര റിപ്പോര്‍ട്ട്‌

Published

|

Last Updated

തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് ഒരുമണിക്കൂര്‍ കുട്ടികളെ മുട്ടുകാലില്‍ നിര്‍ത്തിയ ക്രൂരതയെ ന്യായീകരിച്ച് ഡി ഇ ഒയുടെ അന്വേഷണ റിപ്പോര്‍ട്ട്. അധ്യാപകന്‍ ശിക്ഷിച്ചതല്ലെന്നും കുട്ടികള്‍ കളിച്ചതാണെന്നുമാണ് ഡി ഇ ഒയുടെ കണ്ടെത്തല്‍. എന്നാല്‍ റിപ്പോര്‍ട്ട് ഡി പി ഐ തള്ളി. സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്നും ഡി പി ഐ നിര്‍ദേശം നല്‍കി.
സ്‌കൂളില്‍ പോയി തെളിവെടുത്ത ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ഡി ഇ ഒയുടെ വിശദീകരണം. കുട്ടികളെ മുട്ടുകാലില്‍ നിര്‍ത്തിയ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെത്തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് നെയ്യാറ്റിന്‍കര ഡി ഇ ഒയോട് റിപ്പോര്‍ട്ട് തേടിയത്. കുട്ടികളെ താന്‍ ശിക്ഷിച്ചതാണെന്ന് എന്‍ സി സിയുടെ ചുമതലയുള്ള ഹിന്ദി അധ്യാപകനായ ആല്‍ബിന്‍ ജോസഫ് തുറന്നു സമ്മതിച്ചിരുന്നു.
ക്ലാസില്‍ ബഹളമുണ്ടാക്കിയ കുട്ടികളെ മുട്ടുകാലില്‍ നിര്‍ത്തിയിട്ടുണ്ടെന്നും അടിക്കാനും പിടിക്കാനും ഒന്നും പാടില്ലല്ലോ എന്നുമായിരുന്നു അധ്യാപകന്റെ പ്രതികരണം. ശിക്ഷയാണെന്ന വാദത്തിലാണ് കുട്ടികളുടെ രക്ഷിതാക്കളും. ഇതിനു ശേഷവും അധ്യാപകനെ ന്യായീകരിച്ച് ഡി ഇ ഒ റിപ്പോര്‍ട്ട് നല്‍കിയത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. എല്ലാ കുട്ടികളും ക്ലാസിലിരിക്കുമ്പോള്‍ രണ്ട് കുട്ടികള്‍ മാത്രം കളിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം പി കെ സത്യനേശന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് എട്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ട് കുട്ടികളെ അധ്യാപകന്‍ മുട്ടുകാലില്‍ നിര്‍ത്തിയത്.