Connect with us

National

പ്രിയങ്കയെ പിന്‍ഗാമിയാക്കാന്‍ ഇന്ദിര ആഗ്രഹിച്ചുവെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

ന്യൂഡല്‍ഹി: നെഹ്‌റുകുടുംബത്തില്‍ പ്രിയങ്കാ ഗാന്ധിയെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയാക്കാന്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആഗ്രഹിച്ചിരുന്നതായി അടുത്ത സഹായിയുടെ വെളിപ്പെടുത്തല്‍. ഇക്കാര്യം തന്നോട് സൂചിപ്പിച്ചിരുന്നതായി ഇന്ദിരാ ഗാന്ധിയുടെ അടുത്ത സഹായിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എം എല്‍ ഫൊത്തേദാര്‍ വെളിപ്പെടുത്തി. എന്നാല്‍ ഈ നിര്‍ദേശം സോണിയാ ഗാന്ധി ഉള്‍പ്പെടെ നെഹ്‌റു കുടുംബത്തിന് പൂര്‍ണമായും സ്വീകാര്യമായിരുന്നില്ല. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ മരണത്തെ കുറിച്ച് ഇന്ദിരാ ഗാന്ധി സൂചിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രതിബിംബം പ്രിയങ്കയില്‍ ദര്‍ശിച്ച ഇന്ദിരാ ഗാന്ധി, പ്രിയങ്ക ഭാവിയില്‍ വലിയ രാഷ്ട്രീയ നേതാവ് ആകുമെന്നും അടുത്ത നൂറ്റാണ്ട് പ്രിയങ്കയുടേതാകുമെന്നും വിശ്വസിച്ചിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മാസം 30ന് ഫൊത്തേദാറിന്റെ “ചിന്നാര്‍ വിടുന്നു” (ലീവ് ചിന്നാര്‍) എന്ന പുസ്തകം പുറത്തിറങ്ങാനിരിക്കുന്ന പശ്ചാത്തലത്തിലാണ് അഭിമുഖം.
മരണത്തെ മുന്‍കൂട്ടി കണ്ട നിലയിലായിരുന്നു ഇന്ദിരാ ഗാന്ധിയുടെ പെരുമാറ്റം. കാശ്മീരിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനായി ആ ദിനങ്ങളില്‍ കാശ്മീലെത്തിയ അവര്‍ അവിടെയുള്ള ഒരു ഹിന്ദു ക്ഷേത്രവും മുസ്‌ലിം പള്ളിയും സന്ദര്‍ശിച്ചിരുന്നു. അവിടെ നിന്ന് തിരികെ പോരുമ്പോഴാണ് പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യത അവര്‍ പറഞ്ഞത്. പ്രിയങ്കക്ക് വളരെക്കാലം അധികാരത്തില്‍ തുടരാന്‍ സാധിക്കുമെന്നും പറഞ്ഞിരുന്നുവെന്ന് ഫൊത്തേദാര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ രാജീവ് ഗാന്ധിയോടും സോണിയാ ഗാന്ധിയോടും സൂചിപ്പിച്ചിരുന്നു. ഇതിന് പുറമെ പ്രിയങ്കയെക്കുറിച്ചുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതീക്ഷകള്‍ ചൂണ്ടിക്കാട്ടി 1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് താന്‍ സോണിയ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേകുറിച്ചുള്ള തുടര്‍വിവരങ്ങളൊന്നും തനിക്ക് അറിയാന്‍ സാധിച്ചിട്ടില്ലെന്ന് ഫൊത്തേദാര്‍ വെളിപ്പെടുത്തി.
തന്റെ മരണത്തെക്കുറിച്ച് ദര്‍ശനമുണ്ടായെന്ന് ഇന്ദിര പറഞ്ഞിരുന്നു. ചുക്കിച്ചുളിഞ്ഞ ഒരു മരം സ്വപ്‌നം കണ്ടതായും അതു തന്റെ അന്ത്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും റസ്റ്റ് ഹൗസിലേക്കുള്ള മടക്കയാത്രയില്‍ കാറില്‍ വെച്ച് ഇന്ദിരാ ഗാന്ധി പറഞ്ഞതായി ഫൊത്തേദാര്‍ വെളിപ്പെടുത്തി. 1984 ഒക്‌ടോബര്‍ 31 നായിരുന്നു ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചത്.
അതേസമയം 2004ല്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ വിസമ്മതിക്കാന്‍ കാരണം കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദമാണെന്ന മുന്‍മന്ത്രി നട്‌വര്‍ സിംഗിന്റെ പരാമര്‍ശത്തോട് ഫൊത്തേദാറിന് അനുകൂലമായ നിലപാടാണുള്ളത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധം മൂലമാണ് സോണിയ പ്രധാനമന്ത്രി ആകാത്തതെന്നായിരുന്നു നട്‌വര്‍ സിംഗിന്റെ പരാമര്‍ശം.

Latest