Connect with us

Articles

കചടതപയും ഘഝഢധഭയും

Published

|

Last Updated

സാറേ, ഒന്നുറങ്ങിയിട്ട് ആഴ്ച രണ്ടായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടനെ തുടങ്ങിയതാ, ഈ ഓട്ടവും ചാട്ടവും. ഇനി ഈ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് കിട്ടിയാല്‍ വീട്ടിലേക്ക് വണ്ടി കയറാം.
നിങ്ങള് പറയുന്നത് ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. സ്ഥാനാര്‍ഥിയുടെ ലിസ്റ്റ് ഏതാണ്ട് ശരിയായി. ഇനി അതൊക്കെ അക്ഷരമാലാക്രമത്തിലാക്കണം. നോട്ടീസ് ബോര്‍ഡിലിടണം. എന്നാല്‍ കഴിഞ്ഞു, ഇന്നത്തെ ഡ്യൂട്ടി.
അപ്പോ, കചടതപ ചൊല്ലി, ചൊല്ലി വരണംന്ന് അര്‍ഥം.
അതേന്ന്, അനന്തന്‍ മുകളില്‍, അമ്മദ് താഴെ എന്നിങ്ങനെ… അക്ഷരമാല ക്രമത്തിലായിരിക്കണം ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ പേര് വരേണ്ടത്…
അത് പണ്ട് പഠിക്കാത്തത് കൊണ്ടല്ലേ ഞങ്ങളൊക്കെ രാഷ്ട്രീയത്തിലിറങ്ങിയത്.
ഞാനിത് പഠിച്ചോണ്ട് കെണിഞ്ഞിരിക്കുകയാ. എന്തെല്ലാം പുകിലാ… ആള്‍ക്കാര് പറയും റിട്ടേണിംഗ് ഓഫീസറാന്നൊക്കെ, എന്താ ഗമ…വീട്ടിലേക്കുള്ള റിട്ടേണിംഗ് എപ്പഴാന്നാ ഞാന്‍ ആലോചിക്കുന്നത്?
സാറേ, ഞങ്ങള് കുറെ ദിവസമായി ഖഛഠഥഫ പറഞ്ഞ് നടക്കുന്നു. നാട്ടില് പെണ്ണുങ്ങളെ തേടി നടന്നു നടന്ന്… പലരുടെയും കാലും പിടിച്ചു പിടിച്ച്… സോപ്പിട്ട്, സോപ്പിട്ട്…സ്ഥാനാര്‍ഥിയാകണം… പാര്‍ട്ടിയുടെ മാനം കാക്കണം എന്നൊക്കെ…
പണ്ട് പഠിക്കുന്ന കാലത്ത് ഞാനും മത്സരിച്ചിരുന്നു. തോറ്റു. ഒരു ഒന്നൊന്നര തോല്‍വി. തൊപ്പി പോലും കിട്ടിയില്ല. അന്ന് മതിയാക്കിയതാ ഇപ്പണി…
നിങ്ങള് കേള്‍ക്ക്, എന്തൊക്കെ പറഞ്ഞിട്ടാ, ഇത്രയും പേരെ കിട്ടിയതെന്നോ. നോമിനേഷന്‍ കൊടുക്കാന്‍ മാത്രം വന്നാല്‍ മതി. ബാക്കിയെല്ലാം പാര്‍ട്ടി നോക്കും എന്നൊക്കെ … എന്നിട്ടും നോമിനേഷന്‍ കൊടുക്കേണ്ട അവസാന ദിവസം രണ്ടരക്കാ ഒരു പെണ്‍കൊച്ച് വന്നു കിട്ടിയത്. ശരിക്കും ഗജഡദബ പിടിച്ചുപോയീന്ന് പറഞ്ഞാല്‍ മതിയല്ലോ.
ഇന്നത്തോടെ കഴിഞ്ഞല്ലോ, പ്രയാസം. ലിസ്റ്റായല്ലോ…
എന്താ സാറീ പറയുന്നത്. റിബലുകളുടെ കാര്യം നോക്കണ്ടേ. അലാക്കിന്റെ അവിലും കഞ്ഞീംന്ന് പറഞ്ഞ പോലെയല്ലേ… ശരിക്കും ഘഝഢധഭ തന്നെ. അഞ്ച് പത്തെണ്ണത്തിനെ കൊണ്ട് എങ്ങനെയോ പത്രിക പിന്‍വലിപ്പിച്ചു. ഇനിയും നാലെണ്ണം ബാക്കിയാ… രാത്രി അവരുടെ വീട്ടില്‍ പോയി ഘഝഢധഭ ചൊല്ലിയാല്‍ മതിയാവില്ല, സാറേ…
അവര്‌ടെ പേര് ബാലറ്റ് പേപ്പറില് വരില്ലേ… ഇനി എന്താ ചെയ്ക?
മയക്ക്‌വെടി തന്നെ. റിബലുകളെ മയക്കി കിടത്തുകയേ നിവൃത്തിയുള്ളൂ. പ്രചാരണത്തിന് പോകരുത്, ഫഌക്‌സ് വെക്കരുത്, നോട്ടീസ് അടിക്കരുത് എന്നൊക്കെ പറഞ്ഞ് മയക്കുക. വേണേല്‍ പോളിംഗിന്റെ തലേന്ന് ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചെന്ന പ്രഖ്യാപനവുമായാല്‍ ജോറായി.
വാര്‍ഡ് പതിനാറിലെ കചടതപ കഴിഞ്ഞു. മൂന്ന് വാര്‍ഡ് ബാക്കിയുണ്ട്. പത്ത് മണിക്ക് ലിസ്റ്റാകും.
നിങ്ങള്‍ക്ക് ഇന്നത്തോടെ കചടതപ കഴിയും. ഞങ്ങള്‍ക്ക് നാളെ മുതല്‍ വോട്ടര്‍മാരെ കാണാന്‍ പോകണം. വായില്‍ തോന്നുന്ന വാഗ്ദാനങ്ങളൊക്കെ പറയണം. എന്നാലേ അവര് വീഴൂ. കചടതപ. ശരിക്കും ങഞണനമ എണ്ണിപ്പോകും സാറേ…!
വേണേല്‍ യരലവശഷ…. കൂടിയാകാം നേതാക്കളേ…

Latest