Connect with us

National

ദളിത് കുടുംബത്തെ തീകൊളുത്തിയ സംഭവം: സി ബി ഐ അന്വേഷിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ ഫരീദാബാദില്‍ ജാതി വൈരത്തിന്റെ പേരില്‍ ദലിത് കുടുംബത്തെ അരുംകൊല ചെയ്ത സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് സവര്‍ണ വിഭാഗത്തിലെ നാല് പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ അതിസമ്പന്നരായ രജ്പുത് വിഭാഗത്തില്‍പ്പെട്ട യുവാക്കളാണ് അറസ്റ്റിലായ നാലുപേരും. കൃത്യവിലോപം നടത്തിയതിന് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് പോലീസുകാരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
സംഭവ സ്ഥലം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങളുമായി ഇന്നലെ ദലിത് വിഭാഗക്കാര്‍ ഫരീദാബാദില്‍ ദേശീയപാത ഉപരോധിച്ചു. ബലാബ്ഗര്‍-ഫരീദ് കോട്ട് ദേശീയ പാതയാണ് ഉപരോധിച്ചത്. സംഭവത്തിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഫരീദാബാദ് വല്ലഭ്ഗഡിലെ സോണപേഡ് ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് ഗ്രാമവാസിയായ ജിതേന്ദ്രറിനും കുടുംബത്തിനും നേരെ ക്രൂരമായ ആക്രമണം നടന്നത്. അക്രമത്തില്‍ രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ വെന്ത് മരിക്കുകയും ഭാര്യക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ദലിത് വിഭാഗത്തില്‍ പെട്ട ജിതേന്ദറും കുടുംബവും വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ജനലഴിയിലൂടെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന രണ്ടര വയസ്സുകാരന്‍ വൈഭവും 11 മാസം പ്രായമായ ദിവ്യയുമാണ് വെന്തു മരിച്ചത്. ഗുരുതമായി പൊള്ളലേറ്റ ജിതേന്ദറിന്റെ ഭാര്യ രേഖ ഇപ്പോള്‍ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ പ്രത്യേക പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ജിതേന്ദറിനും പൊള്ളലേറ്റുവെങ്കിലും ഗുരുതരമല്ല.
സവര്‍ണരായ രജ്പുത്, താക്കൂര്‍ വിഭാഗങ്ങളും എണ്ണത്തില്‍ കുറവുള്ള ദലിതരുമാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. സമ്പത്തും സ്വാധീനവുമുള്ള സവര്‍ണര്‍ക്കാണ് ഇവിടെ ആധിപത്യം. ഒരു വര്‍ഷം മുമ്പുണ്ടായ ജാതി സംഘര്‍ഷത്തെ തുടര്‍ന്ന് ഇവിടത്തെ ദലിത് വിഭാഗക്കാര്‍ സവര്‍ണരുടെ നിരന്തര ഭീഷണിക്ക് വഴങ്ങിയായിരുന്നു ജീവിച്ചുവന്നിരുന്നത്. പലതവണ കൈയേറ്റശ്രമങ്ങളും നടന്നിരുന്നു. ഇതേതുടര്‍ന്ന് സുരക്ഷക്ക് വേണ്ടി പോലീസിനെ നിയോഗിച്ചിരുന്നുവെങ്കിലും സംരക്ഷണം തുടരുന്നതിനിടെയാണ് നാടിനെ ഞെട്ടിച്ച ഈ ക്രൂരകൃത്യം അരങ്ങേറിയിരിക്കുന്നത്. ഹരിയാനയില്‍ ബി ജെ പി സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം ദലിതര്‍ക്ക് നേരെ സവര്‍ണരുടെ അക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. അതേസമയം മേല്‍ജാതിക്കാരുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗ്രാമത്തില്‍ ജീവിക്കാന്‍ ഭയമാണെന്നും, ഗ്രാമം വിട്ടുപോകുകയാണെന്നും ആക്രമണത്തിനിരയായ ജിതേന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest