Connect with us

International

സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍അസദ് റഷ്യയില്‍

Published

|

Last Updated

മോസ്‌കൊ: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചകള്‍ക്കായി സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍അസദ് റഷ്യയിലെത്തി. സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ 2011ന് ശേഷം അസദ് നടത്തുന്ന ആദ്യത്തെ വിദേശപര്യടനമാണിത്. സിറിയയില്‍ വിമതര്‍ക്കെതിരെ നടത്തുന്ന സംയുക്ത സൈനിക ആക്രമണം സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്ന് ക്രംലിന്‍ വക്താവ് ദിമിത്രി പെസ്‌കൊവ് മാധ്യമങ്ങളോട് പറഞ്ഞു. ജോലി സംബന്ധിച്ച സന്ദര്‍ശനമെന്നാണ് കൂടിക്കാഴ്ചയെ വക്താവ് വിശേഷിപ്പിച്ചത്. അസദും പുടിനും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായും പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുവുമായും മൂന്ന് തവണ ചര്‍ച്ച നടത്തിയെന്ന് സിറിയയും സ്ഥിരീകരിച്ചു. സിറിയന്‍ യുദ്ധത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യോഗത്തിന് ശേഷം പുടിന്‍ പറഞ്ഞു. സെപ്തംബര്‍ അവസാനം മുതല്‍ അസദിന്റെ സൈന്യത്തിന് പിന്തുണയുമായി വിമതര്‍ക്കെതിരെ റഷ്യ വ്യോമാക്രമണം നടത്തിവരുന്നുണ്ട്. സിറിയയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വംശീയ മതസംഘടനകളുടെയും പങ്കാളിത്തത്തോടെ നടന്ന രാഷ്ട്രീയ നടപടികളും ഏറ്റവും പുതിയ സൈനിക പുരോഗതികളും അടിസ്ഥാനമാക്കി ഒരു ദീര്‍ഘകാല പരിഹാരത്തിലെത്താനാകുമെന്ന് പുടിന്‍ പറഞ്ഞു. ഇക്കാര്യം സിറിയന്‍ ജനതക്ക് മാത്രമെ തീരുമാനിക്കാനാകൂ. സഹോദര രാജ്യമായ സിറിയയെ സൈനികമായി മാത്രമല്ല രാഷ്ട്രീയപരമായും പിന്തുണക്കാന്‍ റഷ്യ തയ്യാറാണെന്ന് പുടിന്‍ പറഞ്ഞു. 2011 മാര്‍ച്ചില്‍ തുടങ്ങിയ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും ജനസംഖ്യയില്‍ പകുതിയോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.

Latest