Connect with us

Editorial

രാഷ്ട്രീയമാണ് ക്യാമ്പസിലെ വില്ലന്‍

Published

|

Last Updated

വടി കൊടുത്തു അടിവാങ്ങി എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതാണ് ക്യാമ്പസുകളുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസത്തെ കോടതി. വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ ക്യാമ്പസില്‍ പ്രവേശിക്കുന്നതും രാത്രി ഒമ്പത് മണിക്ക് ശേഷം ആഘോഷങ്ങള്‍ നടത്തുന്നതും കര്‍ശനമായി വിലക്കിയിരിക്കുകയാണ് കോടതി. വിദ്യാഭ്യാസത്തിന്റെ മഹത്വവും പ്രാധാന്യവും കണക്കിലെടുത്ത് ക്യാമ്പസിനകത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന സ്വാതന്ത്രം ദുരുപയോഗം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന്, പ്രത്യേകിച്ചും തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനി ജീപ്പിടിച്ചു മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഈ വിധി.
അധ്യാപക, അനധ്യാപക ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് മാത്രമേ ക്യാമ്പസിനകത്ത് പ്രവേശനാനുമതിയുള്ളൂ. സെക്യൂരിറ്റി ജീവനക്കാരുടെ നിയന്ത്രണത്തില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു മറ്റു വാഹനങ്ങള്‍ അകത്ത് പ്രവേശിക്കുന്നത് കര്‍ശനമായി തടയും. വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ക്യാമ്പസുകള്‍ക്ക് പുറത്ത് പ്രവേശന കവാടത്തിന് സമീപത്തായി പ്രത്യേക സംവിധാനം ഒരുക്കേണ്ടതാണ്. ഇരു ചക്രവാഹനങ്ങള്‍ സൈലന്‍സര്‍ ഒഴിവാക്കിയും മറ്റും ശബ്ദമലിനീകരണമുണ്ടാക്കുന്നതിനെതിരെ ശക്തമായ നടപടി വേണമെന്നും ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ കടലാസില്‍ ഒതുങ്ങരുതെന്നും എല്ലാ കോളജുകളിലും ഇവ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി. കോളജുകളും ഹോസ്റ്റലുകളും വിദ്യാര്‍ഥികള്‍ക്ക് കൂത്താടാനും കസര്‍ത്തിനുമുള്ള ഇടങ്ങളല്ലെന്നും കോടതി ഓര്‍മിപ്പിക്കുന്നു.
ഭാവിയുടെ വാഗ്ദാനങ്ങളാണ് വിദ്യാര്‍ഥികള്‍. നാളെ രാജ്യം ഭരിക്കേണ്ടവരും സമൂഹത്തെ നയിക്കേണ്ടവരും ഇന്നത്തെ വിദ്യാര്‍ഥി സമൂഹമാണ്. തികഞ്ഞ അച്ചടക്കവും സമാധാനവും കളിയാടുന്ന അന്തരീക്ഷത്തില്‍ പഠിച്ചു വളര്‍ന്നെങ്കില്‍ മാത്രമേ സമൂഹം അവരില്‍ അര്‍പ്പിച്ച പ്രതീക്ഷ പുലരുകയുള്ളു. വിദ്യാര്‍ഥികളുടെ മാതൃകാപരമായ വളര്‍ച്ചക്കും മികച്ച പഠനത്തിനും സഹായകമായ സാഹചര്യങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ കലാലയങ്ങളിലുണ്ടായിരുന്നത്. കക്ഷിരാഷ്ട്രീയം ക്യാമ്പസുകളില്‍ പിടിമുറുക്കിയതോടെ ഇത് നഷ്ടപ്പെടുകയായിരുന്നു. വിദ്യര്‍ഥി സംഘടനകളുടെ മറവില്‍ സംഘബലവും രാഷ്ട്രീയപിന്തുണയുമായി വിലസുന്ന ചില വിദ്യാര്‍ഥികളുടെ നിയന്ത്രണത്തിലായി പിന്നീട് സംസ്ഥാനത്തെ പല ക്യാമ്പസുകളും. നിയമലംഘനം ഒരു ഫാഷനായി കാണുന്ന ഇവര്‍ക്ക് ചെയ്തുകൂടാത്തതൊന്നുമില്ല. കോളജുകളിലെ നവാഗതരെ റാംഗിംഗിന്റെ പേരില്‍ പീഡിപ്പിക്കുകയും വൃത്തികെട്ട ചെയ്തികള്‍ക്ക് നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഇവരുടെ മുമ്പില്‍ അധ്യാപകര്‍ നിസ്സഹായരാണ്. കലാലയങ്ങളില്‍ പൊലീസിന്റെ പ്രവേശനത്തിന് നിയന്ത്രണമുണ്ടായിരുന്നതിനാല്‍ നിയമത്തെയും നിയമപാലകരെയും ഇവര്‍ക്ക് ഭയക്കേണ്ടതില്ലായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ അധ്യാപകരോ കോളജ് അധികൃതരോ അച്ചടക്ക നടപടി സ്വീകരിച്ചാല്‍ ജനപ്രതിനിധികളുള്‍പ്പെടെ രാഷ്ട്രീയ നേതാക്കള്‍ ഇടപെടും.
2013 മാര്‍ച്ചില്‍ തിരുവനന്തപുരത്തെ ഒരു കോളജില്‍ വിദ്യാര്‍ഥി സംഘട്ടനത്തിന്റെ ഭാഗമായി കോളജിന്റെ കുറേ വസ്തുവകകള്‍ നശപ്പിക്കപ്പെട്ടു. ക്യാമ്പസിലെ അച്ചടക്കത്തിന്റെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്ന അന്നത്തെ കോളജ് പ്രിന്‍സിപ്പല്‍ സംഭവം പോലീസിന് റിപ്പോര്‍ട്ട് ചെയ്യുകയും ഗുണ്ടായിസം കാണിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഉടനെ രാഷ്ട്രീയക്കാര്‍ ഇടപെട്ട് പ്രിന്‍സിപ്പലിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. വിദ്യാര്‍ഥികള്‍ക്കെതിരായ കേസ് മരവിപ്പിക്കുകയും ചെയ്തു. ക്യാമ്പസുകളിലെ അച്ചടക്കത്തിന് അശേഷവും വില കല്‍പിക്കാതെയും വിദ്യാര്‍ഥികളുടെ നല്ല ഭാവി അവതാളത്തിലാക്കിയും അവരെ കക്ഷിരാഷ്ട്രീയത്തിന്റെ ചട്ടുകങ്ങളാക്കി നശിപ്പിക്കുന്ന ഈ പ്രവണത രാഷ്ട്രീയ നേതൃത്വങ്ങള്‍ അവസാനിപ്പിക്കാതെ ക്യാമ്പസുകളുടെ നിലവാരം എങ്ങനെയാണ് മെച്ചപ്പെടുക?
സംഘടിക്കുന്നതിനും അവകാശങ്ങള്‍ക്കും അനീതിക്കുമെതിരെ പോരാടുന്നതിനും ജനാധിപത്യത്തിന്റെ ഭാഗമെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ക്കും സംഘടന സ്വാതന്ത്ര്യം ആവശ്യമാണ്. സംഘടനാ ബലത്തിലൂടെയാണ് പല അവകാശങ്ങളും അവര്‍ നേടിയെടുത്തതെന്ന കാര്യവും വിസ്മരിക്കാവതല്ല. വിദ്യാര്‍ഥികളില്‍ രാഷ്ട്രീയബോധവും പൗരബോധവും വളര്‍ത്തിയെടുക്കേണ്ടതും ആവശ്യം തന്നെ. ഇപ്പേരില്‍ അവരെ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളാക്കിമാറ്റരുത്. രാഷ്ട്രീയ ബോധത്തില്‍ നിന്നും സങ്കുചിതമായ കക്ഷിരാഷ്ട്രീയ ബോധത്തിലേക്ക് അധഃപതിച്ച നിലവിലെ രാഷ്ട്രീയം വിദ്യാര്‍ഥികള്‍ക്ക് ഒരു ഗുണവും ചെയ്യില്ല. ക്യാമ്പസുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം വിദ്യാര്‍ഥികളെ കക്ഷി രാഷ്ട്രീയത്തിന്റെ ബലിയടാക്കുന്ന പ്രവണതയും അവസാനിപ്പിച്ചെങ്കില്‍ മാത്രമേ ക്യാമ്പസുകളില്‍ സമാധാനവും വിദ്യാര്‍ഥികളുടെ ഉത്തമ ഭാവിക്ക് അനുയോജ്യമായ അന്തരീക്ഷവും സംജാതമാകുകയുള്ളൂ.