Connect with us

Kerala

ലീഗ് വര്‍ഗീയ പാര്‍ട്ടി തന്നെ: എം എ ബേബി

Published

|

Last Updated

തിരുവനന്തപുരം: മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി തന്നെയെന്ന് സി പി എം. പി ബി അംഗം എം എ ബേബി. ലീഗ് വര്‍ഗീയ കക്ഷിയല്ല എന്ന് സി പി എമ്മില്‍ ആരും പറഞ്ഞിട്ടില്ല. മതേതര നിലപാടുകള്‍ പൂര്‍ണമായി പിന്തുടരുന്ന പാര്‍ട്ടിയല്ല ലീഗ്. അവരോട് മൃദുസമീപനവുമില്ല. ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ സി പി എം ഇല്ല. ലീഗുമായി എവിടെയങ്കിലും സഖ്യമുണ്ടെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കും. എന്നാല്‍ എസ് ഡി പി ഐയെ പോലെ ലീഗിന് അതിതീവ്ര വര്‍ഗീയതയില്ലെന്നും ബേബി പറഞ്ഞു.
നിലവില്‍ വര്‍ഗീയത ചര്‍ച്ച ചെയ്യുമ്പോള്‍ വിഷയമാക്കേണ്ടത് സംഘപരിവാര്‍ നയങ്ങളാണ്. ജീവിതത്തിന്റെ എല്ലാമേഖലയിലേക്കും സംഘപരിവാര്‍ ഫാസിസം കടന്നുകയറി. ഇന്ത്യയെന്ന ആശയത്തെ തകര്‍ക്കാനുള്ള ആര്‍ എസ് എസിന്റെ വര്‍ഗീയതയെ എല്‍ ഡി എഫ് എതിര്‍ക്കുമ്പോള്‍ ലീഗിനും വര്‍ഗീയതയില്ലെ എന്നു പറഞ്ഞ് വിഷയത്തിന്റെ ഗൗരവം കുറയ്ക്കരുത്. അതിതീവ്രവാദ ന്യൂനപക്ഷ സംഘടനകളോട് ലീഗിനെ കൂട്ടിക്കെട്ടുന്നത് ശരിയല്ല. എന്നുകരുതി ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് എല്‍ ഡി എഫില്‍ ആരും പറഞ്ഞിട്ടില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യം കടന്നുപോകുന്നത് പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലൂടെയാണ്. വിത്യസ്ത രാഷ്ട്രീയ നിലപാടുമായി കോണ്‍ഗ്രസും ഇടതുപക്ഷവും ബി ജെ പിയും ഉണ്ടായിരുന്നപ്പോഴും ഇന്ത്യയെന്ന ആശയത്തിനു നേരെ ഇതുപോലെയുള്ള കടന്നാക്രമണങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ല. വ്യത്യസ്ത ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും സമൂഹത്തില്‍ നിലനില്‍ക്കാന്‍ തുല്യ അവകാശമുണ്ട്.
വര്‍ഗീയ തീവ്രവാദവും ഇത് അംഗീകരിക്കാത്തവരെ കൂട്ടക്കൊലയിലൂടെ ഉന്‍മൂലനാശം ചെയ്യുന്ന സംഘ പരിവാര്‍ ഭീഷണിയെ കോണ്‍ഗ്രസ് ഗൗരവത്തിലെടുക്കുന്നില്ല. ബി ജെ പി- ആര്‍ എസ് എസ് വര്‍ഗീയതയെ ഭരണം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ കൂട്ടുകെട്ടായി മാത്രമാണ് കോണ്‍ഗ്രസ് കാണുന്നത്. പലസ്ഥലത്തും കോണ്‍ഗ്രസും യു ഡി എഫും ബി ജെ പിയുമായി ധാരണയിലാണ്. തളിപ്പറമ്പിലെ എരുമംകുറ്റൂരില്‍ ആറ് വാര്‍ഡുകളില്‍ കോണ്‍ഗ്രസും ബി ജെ പിയും പരസ്പര ധാരണയോടെയാണ് മത്സരിക്കുന്നത്. ആരുമായി ചേര്‍ന്നാലും പരമാവധി സീറ്റുകള്‍ നേടുകയെന്നതാണ് ബി ജെ പിയുടെ ലക്ഷ്യം.
ശ്രീനാരായണഗുരുവിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ട സംഘടനയെ കേരളത്തിലേക്ക് ബി ജെ പിയെ ഒളിച്ചുകടത്താനുള്ള ട്രോജന്‍ കുതിരയായി ഉപയോഗപ്പെടുത്തുകയാണ്. മതത്തിന്റെ പേരില്‍ വൈരാഗ്യം സൃഷ്ടിച്ച് രാഷ്ട്രീയ കേരളത്തിലേക്ക് ഒളിച്ചുകടക്കാനുള്ള വാഹനമായി എസ് എന്‍ ഡി പിയെ ബി ജെ പി ഉപയോഗിക്കുന്നതില്‍ ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ കണിച്ചുകുളങ്ങരയിലെ നേതാവ് നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കില്ല.
സഹപ്രവര്‍ത്തകര്‍ നടത്തുന്ന എല്ലാ അഴിമതികളും ഭരണസ്വാധീനത്താല്‍ തേച്ചുമായ്ച്ചുകളയാനുള്ള അതിസാമര്‍ഥ്യം ഉമ്മന്‍ചാണ്ടിക്കുണ്ട്.

---- facebook comment plugin here -----

Latest