Connect with us

Malappuram

ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റില്‍ സൗകര്യങ്ങളില്ല; രോഗികള്‍ വലയുന്നു

Published

|

Last Updated

നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു. ജില്ലാ ആശുപത്രിയിലെ ഓപറേഷന്‍ തിയേറ്ററിന് സമീപത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ 40 ഓളം രോഗികള്‍ രണ്ടും മൂന്നും തവണ ഡയാലിസിനായി എത്തുന്ന ജില്ലാ ആശുപത്രി ഡയാലിസിസ് യൂനിറ്റില്‍ നെഫ്രോളജി ഡോക്ടര്‍ ഇല്ലാത്തത് രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ജീവനക്കാരുടെ കുറവും യൂനിറ്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. നേരത്തെ മൂന്ന് ടെക്‌നീഷ്യന്മാര്‍ ഉണ്ടായിരുന്നെങ്കില്‍ നിലവില്‍ ഒരാള്‍ മാത്രമാണുള്ളത്. ഒരാള്‍ അവധിക്ക് പോവുകയും മറ്റൊരാള്‍ സ്ഥലം മാറിപോവുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് ഇന്റര്‍വ്യൂ നടത്തിയെങ്കിലും നിയമനം നടത്തിയിട്ടില്ല. പ്രായമേറിയ രോഗികളാണ് കൂടുതലായും ഡയാലിസിസ് ചെയ്യാനെത്തുന്നത്.
എന്നാല്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന യൂനിറ്റിലേക്കെത്താന്‍ രോഗികള്‍ പ്രയാസപ്പെടുകയാണ്. താഴത്തെ നിലയില്‍ നിന്ന് ബന്ധുക്കളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് രോഗികള്‍ മുകളിലേക്കെത്തുന്നത്. ലിഫ്റ്റ് സ്ഥാപിക്കാനായി കെട്ടിടം സജ്ജീകരിച്ചിട്ടുണ്ടെങ്കിലും നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. നിര്‍മാണ പ്രവൃത്തിയിലെ അപാകതയാണ് ലിഫ്റ്റ് സ്ഥാപിക്കാന്‍ സാധിക്കാത്തത്. ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് പ്രഷര്‍, ഛര്‍ദി തുടങ്ങിയ രോഗങ്ങള്‍ അനുഭവപ്പെട്ടാല്‍ അത്യാഹിത വിഭാഗത്തിലെത്തിക്കം. ആശുപത്രി കവാടത്തിനു സമീപത്തെ കെട്ടിടത്തിലുള്ള അത്യാഹിത വിഭാഗത്തിലെത്തി തിരിച്ച് ഡയാലിസിസ് യൂനിറ്റിലെത്താന്‍ രോഗികള്‍ വിഷമിക്കുകയാണ്. ലിഫ്റ്റ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്നാണ് രോഗികളും ബന്ധുക്കളും ആവശ്യപ്പെടുന്നത്. അതേ സമയം സൗകര്യങ്ങളുടെ കുറവ് കാരണം മേഖലയിലെ നിരവധി രോഗികള്‍ ഇപ്പോഴും മലപ്പുറം മെഡിക്കല്‍ കോളജ് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.

Latest