Connect with us

Gulf

തിരഞ്ഞെടുപ്പ് ആവേശത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംവാദം

Published

|

Last Updated

ജിദ്ദ: “ജനകീയം 2015 – ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും പ്രവാസികളും” എന്ന വിഷയത്തില്‍ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച സംവാദം കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വീറും വാശിയുടേയും നേര്‍ക്കാഴ്ചയായി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവിധ രാഷ്ട്രീയ സംഘടനകളുടെ പ്രവാസി ഘടകങ്ങളെ പ്രതിനിധീകരിച്ച് സംവാദത്തില്‍ പങ്കെടുത്ത നേതാക്കള്‍ തങ്ങളുടെ നിലപാടുകള്‍ അവതരിപ്പിക്കുന്നതില്‍ കാണിച്ച സൂക്ഷ്മത ഒന്നിനൊന്ന് മികവു പുലര്‍ത്തുന്നതായി. നിശ്ചിത സമയത്തിനകം തങ്ങളുടെ വാദമുഖങ്ങള്‍ കാര്യക്ഷമമായി അവതരിപ്പിക്കുന്നതിന് നേതാക്കള്‍ക്കും അവരുടെ സഹായികള്‍ക്കുമായി. ഓരോ സംഘടനകളെ പ്രതിനിധീകരിച്ച് അഞ്ചു പേര്‍ വീതം എട്ടു സംഘടനകളാണ് സംവാദത്തില്‍ പങ്കെടുത്തത്. വിഷയം അവതരിപ്പിച്ച ഗ്രൂപ്പ് ലീഡര്‍ക്ക് അനുബന്ധ ചോദ്യങ്ങള്‍ക്ക് കൂടി മറുപടി നല്‍കുന്നതിന് അവസരം നല്‍കിയായിരുന്നു പരിപാടി അവതരിപ്പിച്ചത്.

ഇന്ത്യ ഇന്ന് നേരിടുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭീഷണിയുള്‍പ്പെടെ വിവിധ പ്രശ്‌നങ്ങള്‍ക്കൊപ്പം സംസ്ഥാന വിഷയങ്ങളും പ്രവാസി പ്രശ്‌നങ്ങളും ചര്‍ച്ചക്ക് വിഷയമായി. ത്രിതല പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി 25000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്നിട്ടുള്ളതെന്നും ഈ വികസന തുടര്‍ച്ചക്കായി യു ഡി എഫിന് അനുകൂല വിധിയെഴുത്തായിരിക്കും കേരളത്തിലുണ്ടാവുകയെന്നും ഒ ഐ സി സി ജിദ്ദ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ വാദിച്ചു. പ്രവാസികള്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ ആദ്യമായി ലഭിച്ച അവസരം എന്നതോടൊപ്പം തന്നെ സ്ഥാനാര്‍ഥികളില്‍ 25 ശതമാനത്തോളം പ്രാതിനിധ്യം പ്രവാസികള്‍ക്ക് നല്‍കുന്നതിനും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു ഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്ന് മുനീര്‍ അവകാശപ്പെട്ടു.

എന്നാല്‍ മതേതതരവും മാനവികതയും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷം സംസ്ഥാനത്ത് സംജാതമായിരിക്കുന്ന ഘട്ടത്തില്‍ വലിയ തോതിലുള്ള തിരിച്ചടിയായിയിരിക്കും യു ഡി എഫ് നേരിടുകയെന്ന് നവോദയ ജിദ്ദ രക്ഷാധികാരി വി കെ എ റഊഫ് പറഞ്ഞു. ജനകീയാസൂത്രണത്തിലൂടെ വികസനം താഴെതട്ടില്‍വരെ എത്തിച്ചത് ഇടതുമുന്നണി സര്‍ക്കാരാണെന്നും എന്നാല്‍ അതിനെ തകിടം മറിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന സ്വപ്നത്തിലൂടെയാണ് വികസനം താഴെതട്ടില്‍വരെ എത്തിക്കുന്നതിനുള്ള ത്രിതല സംവിധാനം ഒരുക്കിയതെന്നും അതല്ലാതെ സി പി എമ്മിന്റെ ജനകീയാസൂത്രണത്തിലൂടെയല്ലെന്നും കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അരിമ്പ്ര അബൂബക്കര്‍ തിരിച്ചടിച്ചു. എസ് എന്‍ ഡി പിയെ കൂട്ടുപിടിച്ച് കേരളത്തിലേക്ക് വര്‍ഗീയത ഇറിക്കുമതി ചെയ്യാന്‍ മോഡി, അമിത്ഷാ കൂട്ടുകെട്ട് ശ്രമിക്കുമ്പോള്‍ സി പി എം അതു മനസിലാക്കി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര മുന്നണിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വൈകാരികത ഊതിക്കത്തിച്ച് സമുദായത്തില്‍ വിള്ളലുകളുണ്ടാക്കാനുള്ള ചില സംഘടനകളുടെ നീക്കത്തെ ശക്തമായി ചെറുക്കുമെന്നും പ്രവാസികള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കി അവരുടെ ആവശ്യങ്ങള്‍കൂടി പരിഗണിച്ചാണ് മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അരിമ്പ്ര പറഞ്ഞു.

എസ് എന്‍ ഡി പി ഒരു ഭീഷണിയേയല്ലെന്നും ഫാസിസ്റ്റ് ഭീകരതയെ നേരിടാനുള്ള ശേഷി ഇടതുപക്ഷ പ്രസ്ഥാനനങ്ങള്‍ക്കേയുള്ളൂവെന്നും ഈ തെരഞ്ഞെടുപ്പിലൂടെ അതു തെളിയിക്കപ്പെടുമെന്നും ന്യൂ ഏജ് ഇന്ത്യ പ്രസിഡന്റ് പി പി റഹീം വ്യക്തമാക്കി. കേരളത്തില്‍ വികസനമില്ലെന്ന് ബോധപൂര്‍വം പ്രചരിപ്പിച്ച് യുവാക്കളെ അസംതൃപ്തരാക്കി ആര്‍ എസ് സിനെപോലെ നേട്ടമുണ്ടാക്കാനുള്ള ഗൂഡ നീക്കമാണ് വെല്‍ഫെയര്‍, എസ് ഡി പി ഐ, പി ഡി പി തുടങ്ങിയ പാര്‍ട്ടികള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് റഹീം കുറ്റപ്പെടുത്തി.
ഗ്രാമസഭക്ക് ശക്തിപകര്‍ന്നുള്ള വികസന കാഴാചപ്പാട് അഴിമതിമുക്ത പഞ്ചായത്ത് എന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുദ്രാവാക്യമെന്ന് പ്രവാസി സാംസ്‌കാരിക വേദി പ്രതിനിധി ഇസ്മയില്‍ കല്ലായി പറഞ്ഞു. പ്രവാസികുടെ ആനുകൂല്യം പറ്റുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ച് പ്രവാസികള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുഖ്യ രാഷ്ട്രീയ സംഘനടകള്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

അക്രമ രാഷ്ട്രീയംകൊണ്ട് സി പി എം ജനങ്ങളില്‍നിന്ന് അകന്നുവെന്നും ഏതുവിധേനയും അധികാരത്തിലെത്തുകയെന്ന സമീപനത്താലാണ് മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന പിണറായിയുടെ പ്രസ്താവനയെന്നും ആര്‍എം പി പോഷക ഘടകമായ നവധാര കേന്ദ്ര കമ്മിറ്റി സെക്രട്ടറി നാസര്‍ അരിപ്ര ആരോപിച്ചു. കേരളത്തിന്റെ ശാപം സി പി എം- കോണ്‍ഗ്രസ് – ലീഗ് ബാന്ധവമാണെന്നും ടി പി വധം അന്വേഷണം മുന്നോട്ടു കൊണ്ടുപോകാതിരിക്കാനുള്ള ഒത്തുതീര്‍പ്പിന്റെ ഫലമായാണ് യു ഡി എഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരം ഇടതുമുന്നി ഇടക്കുവെച്ച് ഉപേക്ഷിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഴിമതിക്കെതിരെ വിവേചനവും പക്ഷപാതിത്വവുമില്ലാത്ത സമീപനത്തിലൂന്നിയ വികസനമെന്ന മുദ്രാവാക്യമാണ് സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് പാര്‍ട്ടി മുന്നോട്ടുവെക്കുന്നതെന്ന് ഐ എസ് എഫ് പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ പറഞ്ഞു. പ്രവാസികളെ പിഴിഞ്ഞ് ഇവിടെനിന്ന് അയച്ചുകൊടുക്കുന്ന കാശുകൊണ്ട് നടത്തുന്ന വീടുനിര്‍മാണവും ജീവകാരുണ്യ പ്രവര്‍ത്തനത്തേയുമാണോ യു ഡി എഫ് സര്‍ക്കാരിന്റെ വികസനമായി വിശഷിപ്പിക്കുന്നതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

23 വര്‍ഷം മുന്‍പ് അബ്ദുനാസര്‍ മഅ്ദനി വിളിച്ചുപറഞ്ഞ ആ വര്‍ഗീയത തങ്ങളുടെ കാല്‍കീഴിലെത്തിയപ്പോഴാണ് ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ വിറളിപിടിക്കാന്‍ തുടങ്ങിയതെന്നും മഅ്ദനിക്കെതിരെ കേസെടുക്കാന്‍ താല്‍പര്യം കാണിച്ചവര്‍ വര്‍ഗീയ വിഷം ചീറ്റി കേരളത്തിലെ സാമുദായിക അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശശികല ടീച്ചറെപോലുള്ളവര്‍ക്കെതിരെ ഒരു ചെറുവിരല്‍പോലു അനക്കാന്‍ താറായിട്ടില്ലെന്നും പി സി എഫ് പ്രതിനിധി ഹാഷിര്‍ പറഞ്ഞു.
മീഡിയ ഫോറം പ്രസിഡന്റ് പി എം മായിന്‍കുട്ടി മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി സി കെ മൊറയൂര്‍ സ്വാഗതവും ട്രഷറര്‍ ശിവന്‍പിള്ള ചേപ്പാട് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest