Connect with us

Gulf

സംഘ്പരിവാര്‍ ചൂണ്ടയില്‍ കൊത്താന്‍ സമുദായത്തെ വിട്ടുകൊടുക്കില്ല; പി.വി അബ്ദുല്‍ വഹാബ് എം.പി

Published

|

Last Updated

 

ജിദ്ദയില്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്വീകരണ യോഗത്തില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി പ്രസംഗിക്കുന്നു

ജിദ്ദ: സംഘ്പരിവാര്‍ ശക്തികള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതും അക്രമങ്ങള്‍ നടത്തുന്നതും രാഷ്ട്രീയ നിലനില്‍പിനാണെന്നും ഈ ചൂണ്ടയില്‍ കൊത്താന്‍ മുസ്‌ലിം സമുദായത്തെ വിട്ടുകൊടുക്കില്ലെന്നും മുസ്‌ലിം ലീഗ് നേതാവ് പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പട്ട ശേഷം ഉംറ നിര്‍വഹിക്കാനെത്തിയ അദ്ദേഹം ജിദ്ദയില്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയുടെ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
ഭൂരിപക്ഷം ഇന്ത്യക്കാരും മോഡി ഭരണത്തിനെതിരാണ്. മതേതര ശക്തികളുടെ ഐക്യപ്പെടല്‍ അനിവാര്യമാണ്. ബഹുസ്വര സമൂഹത്തില്‍ എങ്ങിനെ രാഷ്ട്രീയ പ്രവര്‍പ്രവര്‍ത്തനം നടത്തണമെന്ന് മുസ്‌ലിം ലീഗിനറിയാം. വൈകാരിക വിഷയങ്ങളിലും ഉത്തരവാദിത്വത്തോടെയുള്ള പ്രതികരണങ്ങള്‍ മാത്രമേ ലീഗ് നടത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗിന്റെ പേര് മാറ്റണമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. പേരില്‍ മുസ്‌ലിം ഒഴിവാക്കി സേട്ട്‌സാഹിബ് പാര്‍ടിയുണ്ടാക്കി. പഞ്ചായത്തില്‍ പോലും ഭരിക്കാന്‍ കഴിഞ്ഞില്ല. പേരിലല്ല, പ്രവര്‍ത്തിയിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു.
സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. സഊദി കെ.എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് പി.ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഖാസിമുല്‍ ഖാസിമി, ഷാജി ആലപ്പുഴ, വി.പി മുഹമ്മദലി ആശംസ നേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും സെക്രട്ടറി സി.കെ ഷാക്കിര്‍ നന്ദിയും പറഞ്ഞു. കെ.വി ഗഫൂര്‍, അന്‍വര്‍ ചേരങ്കൈ, പി.എം.എ ജലീല്‍, സി.കെ റസാഖ് മാസ്റ്റര്‍, സഹല്‍ തങ്ങള്‍, മജീദ് പുകയൂര്‍, ഇസ്മാഈല്‍ മുണ്ടക്കുളം, ടി.പി ശുഐബ് സംബന്ധിച്ചു.