Connect with us

Articles

വനിതാ സംവരണം എന്ന കട്ടപ്പുറം

Published

|

Last Updated

കഴിവുകൊണ്ടും മികവുകൊണ്ടും ഒന്നാം നിരയില്‍ എത്തിപ്പെടാന്‍ കഴിയാതെപോയ ദുര്‍ബല പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരക്കൊപ്പം എത്തിക്കുന്നതിനുവേണ്ടിയാണു സംവരണം. അവശതക്കും പിന്നാക്കാവസ്ഥക്കും കാരണങ്ങള്‍ ജാതീയമാകാം, ന്യൂനപക്ഷമായതാകാം, ചരിത്രപരം എന്നു പറഞ്ഞ് പിന്നാക്കത്തിന്റെ കാരണങ്ങള്‍ പിന്നെയും കണ്ടെത്താം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിന്റെ മാനദണ്ഡമെന്താണ്? സ്ത്രീത്വം എന്നാല്‍ അവശതയാണോ? സ്ത്രീത്വം പിന്നാക്കാവസ്ഥയാണോ? ദുര്‍ബലതയാണോ? ഇതൊന്നുമല്ലെങ്കില്‍ ജനറല്‍ സീറ്റുകളില്‍ മത്സരിച്ചു ജയിച്ചു കയറുന്നതിന് എന്തു തടസ്സമാണു സ്ത്രീകള്‍ക്കുള്ളത്?
സ്ത്രീയും പുരുഷനും തുല്യരാണെന്നാണു സംവരണവാദികള്‍ പറയുന്നത്. അപ്പോള്‍ തുല്യശക്തികള്‍ക്കിടയില്‍ എന്തിനാണു സംവരണം എന്ന വിവേചനം? സ്ത്രീ പുരുഷനെ പോലെ ശക്തയാണ്, തുല്യപങ്കാളിയാണ്, മറ്റൊരു ജാതിയല്ല, ന്യൂനപക്ഷവുമല്ല- ഭൂരിപക്ഷമാണു താനും. പിന്നെന്തിനു സംവരണം എന്ന ഇടത്താങ്ങ്? നാല് ചക്രത്തിന്മേല്‍ നന്നായുരുളാന്‍ കഴിയുമെങ്കില്‍ ഒരറ്റം സംവരണം എന്ന കട്ടപ്പുറത്തു കയറ്റിവെക്കുന്നതെന്തിന്? സ്വന്തം അമ്മപെങ്ങന്മാരെ ഇങ്ങനെ അവശതയുടെ ചാപ്പ കുത്തി അപമാനിക്കണോ? മെറിറ്റ് കൊണ്ട് ഒപ്പത്തിനൊപ്പമാണെങ്കില്‍ ബസ്സിനകത്ത് സ്ത്രീകള്‍ക്കു സീറ്റ് റിസര്‍വേഷന്‍ എന്തിനാണ്? സ്ത്രീകള്‍ക്കു പ്രത്യേക ക്യൂ എന്തിനാണ്? തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും പ്രത്യേക നിയമം എന്തിനാണ്? തുല്യര്‍ക്കിടയിലെ ഈ വിവേചനം അന്യായമല്ലേ?
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തെത്തിയിരിക്കുന്ന വനിതാ നേതാക്കളുടെ ചരിത്രപശ്ചാത്തലം വെറുതെ ഒന്നു പരിശോധിച്ചു നോക്കുക; മെറിറ്റു കൊണ്ടാണോ ഇവരില്‍ പലരും നേതൃനിരയിലേക്കു വന്നത്? സംശയമാണ്. ഒന്നുകില്‍ ഒരാളിന്റെ ഭാര്യ, അല്ലെങ്കില്‍ മറ്റൊരാളിന്റെ മകള്‍, വേറൊരാളിന്റെ അമ്മ, ഇങ്ങനെ ഒരാണ്‍ താങ്ങില്ലാതെ മികവുകൊണ്ട് നേതൃനിരയില്‍ വന്നവരെത്രയുണ്ട്?
ഇതു പറയുമ്പോഴാണ് ഇന്ദിരാ ഗാന്ധി കടന്നുവരുന്നത്, 15 വര്‍ഷം ഇന്ത്യാ രാജ്യം ഭരിച്ച ഉരുക്കുവനിത. പ്രഗത്ഭനായ ഒരച്ഛന്റെ മകളായിരുന്നുവെന്നതും അതിലേറെ പ്രശസ്തനായ ഒരാളിന്റെ പേരക്കുട്ടിയായിരുന്നുവെന്നതും ശ്രീമതി ഗാന്ധിയുടെ കാര്യത്തില്‍ പരിഗണിക്കേണ്ട, കാരണം സ്വതന്ത്രമായൊരു വ്യക്തിത്വം അവര്‍ക്കുണ്ടായിരുന്നു. അപ്പോഴും ഇന്ദിരാ ഗാന്ധി ഒരു പെട്ടിക്കോളം വാര്‍ത്ത മാത്രമായിരുന്നു എന്ന വസ്തുത മറന്നുകൂടാ. സാമാന്യവത്കരിക്കാവുന്ന ഒരു പ്രതിഭാസമായിരുന്നില്ല ശ്രീമതി ഗാന്ധി. ഇപ്പോള്‍ നമ്മുടെ ജനസംഖ്യാ ബലം 125 കോടിയിലേറെയാണ്. ഇന്ദിരാ കാലത്തില്‍നിന്നു തുടങ്ങിയാല്‍ ഇതൊരു 200 കോടിയെങ്കിലുമാകും. ഇതിന്റെ പകുതി 100 കോടിയില്‍ നിന്നുവന്നത് ഒരേ ഒരിന്ദിര! 68 വര്‍ഷം, 18 പ്രധാനമന്ത്രിമാര്‍. അതില്‍ ഒരേ ഒരു വനിത, ഇതു സാമാന്യവത്കരിക്കാനാവില്ല. ഇത് അപൂര്‍വതയാണ്. സാധാരണയില്‍ രണ്ടു കൈകളിലുംകൂടി 10 വിരലുകളുണ്ടാകും. ഒരാളിനു പതിനൊന്നുണ്ടായാല്‍ അതൊരു അപൂര്‍വതയാണ്. കോടതി വ്യവഹാര ഭാഷയില്‍, അപൂര്‍വങ്ങളില്‍ അപൂര്‍വം. ഇതെങ്ങനെയാണു സ്ത്രീ ശാക്തീകരണത്തിനും സമത്വത്തിനും തെളിവാകുന്നത്.
ഇനി ചില കാര്യങ്ങള്‍ കൂടി ചോദിച്ചുനോക്കാം. 50 ശതമാനം വീതം പങ്കിട്ടെടുക്കാന്‍ മാത്രം തുല്യശക്തികളായിരുന്നിട്ടും എന്തുകൊണ്ട് കേരളത്തിന് ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടായില്ല? നമുക്കെത്ര വനിതാ പ്രതിപക്ഷ നേതാക്കളുണ്ടായി, എത്ര വനിതാ സ്പീക്കര്‍മാരുണ്ടായി, എത്ര വനിതാ ചീഫ് ജസ്റ്റിസുമാരുണ്ടായി? ഇതില്‍ പലതിന്റെയും ഉത്തരം പൂജ്യം എന്നതാണ്. മെറിറ്റ് കൊണ്ട് ഒപ്പത്തിനൊപ്പം എത്താമായിരുന്നെങ്കില്‍ 50 ശതമാനമെവിടെ? ഉത്തരം എല്ലാവര്‍ക്കും അറിയാം, ഉറക്കെ പറയില്ല; പതുക്കെ പറയും. ഉറക്കെ പറഞ്ഞാല്‍ പിന്തിരിപ്പനാകും, സ്ത്രീവിരുദ്ധനാകും, യാഥാസ്ഥിതികനാകും. ഇതിനാണു ഭാഷയില്‍ കാപട്യം എന്ന് പറയുന്നത്.
ഈ വകയില്‍ ഇനിയും ചില ചോദ്യങ്ങള്‍ ബാക്കിയുണ്ട്: മെറിറ്റുണ്ടായിട്ടും എന്തുകൊണ്ടു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്ത് 50 ശതമാനം പോയിട്ട് അഞ്ച് ശതമാനംപോലും വനിതകള്‍ വരുന്നില്ല? സി പി എമ്മിന് എത്ര വനിതാ സംസ്ഥാന സെക്രട്ടറിമാരുണ്ടായി? കാര്യം പറഞ്ഞപ്പോള്‍ ഡി വൈ എഫ് ഐക്കാര്‍ ചൊടിച്ചല്ലോ, അവരുടെ തലപ്പത്ത് എത്ര വനിതകള്‍ വന്നു, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാരില്‍ എത്ര വനിതകളുണ്ടായി, സംവരണത്തിന്റെ നടുക്കഷ്ണത്തിനുവേണ്ടി വാദിക്കുന്ന മുസ്‌ലിം ലീഗിന്റെ തലപ്പത്തും വരണമായിരുന്നല്ലോ ഒരു വനിതയെങ്കിലും; എന്തേ വന്നില്ല? പുരുഷമേധാവിത്തം എന്ന അരവരിയുത്തരത്തില്‍ ഒതുങ്ങുമോ പ്രശ്‌നം, വിഷയം മെറിറ്റില്ലായ്മയാണ്.
വനിതാ സംവരണക്കഥയില്‍ കൗതുകങ്ങള്‍ വേറെയുമുണ്ട്. വലിയ വീറോടെ 50 ശതമാനം സംവരണത്തിനു വാദിക്കുന്ന നേതാക്കളുടെ അന്തഃപുരങ്ങളില്‍ നിന്ന് ഒരു മാന്യവനിതയും മത്സരിക്കാന്‍ വരുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെയും പിണറായിയുടെയും ചെന്നിത്തലയുടെയും കാനത്തിന്റെയും അന്തര്‍ജനങ്ങള്‍ മത്സരരംഗത്തു വരാത്തതെന്ത്? സ്ത്രീകളുടെ പൊതുപ്രവര്‍ത്തനത്തിന് തങ്ങള്‍ക്കു മതപരമായി വിലക്കില്ലെന്നോ ഉണ്ടെങ്കില്‍ തന്നെ അത് കാര്യമാക്കുന്നില്ലെന്നോ കരുതുന്നവരാണ് ലീഗുകാര്‍. അങ്ങനെയെങ്കില്‍, ലീഗ് പ്രസിഡന്റിന്റെ ബീവിമാര്‍ക്കും മത്സരിക്കാമല്ലോ, എന്നിട്ടെവിടെ? അപ്പോള്‍ കാര്യമതാണ്. അമ്മപെങ്ങന്മാരെയും ഭാര്യമാരെയും തെരുവിലിറക്കി സ്വന്തം കുടുംബം കുളമാക്കാന്‍ ഈ നേതാക്കള്‍ തയാറല്ല, സാധാരണ പ്രവര്‍ത്തകരുടെ കുടുംബത്തിന്റെ പുറത്താണു സംവണത്തിന്റെ ഭാണ്ഡം. അതായത്, ആരാന്റമ്മക്കു ഭ്രാന്തുണ്ടാകുന്നത് കാണാന്‍ ഇഷ്ടമാണെന്ന്! അല്ല, ചെറിയാന്‍ ഫിലിപ്പ് ഒന്ന് ചൊറിഞ്ഞല്ലോ, അതാകുമോ കാരണം? സ്ത്രീപുരുഷസമത്വം ഒരു യാഥാര്‍ഥ്യമാണെങ്കില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്തിനാണ് വനിതകള്‍ക്കു വേറെ സംഘടനയുണ്ടാക്കി തീണ്ടാപ്പാടകലെ നിറുത്തുന്നത്? വനിതാ ലീഗും മഹിളാ കോണ്‍ഗ്രസും മഹിളാ അസോസിയേഷനും രണ്ടുതരം പൗരന്മാര്‍ എന്ന സന്ദേശമല്ലേ നല്‍കുന്നത്?
വനിതകള്‍ അധികാരത്തില്‍ വന്നാല്‍ അഴിമതി ഇല്ലാതാകും, ജനാധിപത്യം ശക്തിപ്പെടും, സല്‍ഭരണം വരും എന്നൊക്കെയാണല്ലോ പാടിപ്പുകഴ്ത്തിയിരുന്നത്. 2010ലെ തിരഞ്ഞെടുപ്പിനു മുമ്പ് 2005-2010ലെ വനിതാ പ്രകടനങ്ങളെക്കുറിച്ച് പത്രങ്ങള്‍ കൗതുകകരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെക്കുറിച്ച് കാര്യമായ വിശകലനങ്ങളൊന്നും കണ്ടില്ല. കളി തുടങ്ങും മുമ്പേ കളം വിട്ടവരെക്കുറിച്ചും ആര്‍ത്തിയും അഴിമതിയും കാണിച്ച് പുറത്തായവരെക്കുറിച്ചും പിടിപ്പുകേടുകൊണ്ട് പഞ്ചായത്തിനെ പഞ്ചറാക്കി പാതിവഴിയിലിട്ടു മുങ്ങിയവരെക്കുറിച്ചും ഒറ്റപ്പെട്ട വാര്‍ത്തകള്‍ കാണാനായി. മികവിന്റെ ശരിയായ കണക്ക് പറയാമോ?
പിന്‍സീറ്റ് ഭരണത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ആര്‍ക്കെല്ലാമോ നൊന്തെന്നു തോന്നുന്നു. ബീഹാറിലെ റാബ്രി ദേവിയാണ് പിന്‍സീറ്റു ഭരണചരിത്രത്തിലെ മാതൃകാ വനിത. ഇമ്മാതിരി എത്ര റാബ്രിമാരുണ്ടായി കേരളത്തില്‍. വീട്ടില്‍ മിടുക്കന്മാരായ ആണുങ്ങളുണ്ടെങ്കില്‍ പെണ്‍ഭരണാധികാരികള്‍ റബ്ബര്‍ സ്റ്റാമ്പാകുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ബിനാമീ ഭരണത്തിന്റെ നൂറ് കഥകള്‍ കേരളത്തിനു പറയാനുണ്ട്. പല പഞ്ചായത്തുകളിലും വനിതാ അംഗങ്ങള്‍ ഒപ്പിടീല്‍ യന്ത്രങ്ങളായിരുന്നുവെന്നത് അങ്ങാടിപ്പാട്ടാണ്. ഒന്നിരുട്ടി വെളുത്താല്‍ പല പഞ്ചായത്തുകളിലും നയപരമായ തീരുമാനങ്ങള്‍ വരെ മാറിമറിഞ്ഞിരുന്നുവെന്നു മുഖ്യധാരക്കാര്‍ പോലും പറയുന്നുണ്ട്.
വനിതാ ഭരണത്തിന്റെ മികവറിയാന്‍ നമുക്കൊരു വനിതാ മുഖ്യമന്ത്രിയില്ലാതെ പോയതു കഷ്ടമായി. അതുകൊണ്ട് പച്ചക്കറിയുടെ കാര്യത്തില്‍ എന്നപോലെ അയല്‍സംസ്ഥാനത്തെ ആശ്രയിക്കാം. ഒരു മാന്യവനിതയുടെ അഴിമതി മുക്തഭരണം തമിഴ്‌നാട്ടില്‍ വളര്‍ന്നു തിടംവെച്ചു ഒടുവില്‍ “അഴി മതി” എന്നായി. അങ്ങനെ ഭരണം അഴിക്കപ്പുറത്തും ഇപ്പുറത്തുമായി. യു പിയില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടായിരുന്നു, ഒട്ടും മോശമില്ല. തമിഴ്‌നാടിന്റെ തനിപ്പകര്‍പ്പ്. രണ്ടിടത്തും ജനാധിപത്യം സ്വാഹ. മന്ത്രിമാര്‍ അട്ടകളെപ്പോലെ മുഖ്യമന്ത്രിയുടെ കാലുകളില്‍ അള്ളിപ്പിടിച്ചു കിടക്കുന്നത് കണ്ട് ജനാധിപത്യം നാണിച്ചു. ഒന്നു കുടഞ്ഞാല്‍ പുഴുക്കളെപ്പോലെ തെറിച്ചുപോകുന്ന മന്ത്രിമാര്‍. പശ്ചിമ ബംഗാളില്‍ ചെന്നാല്‍ കഥാഘടനക്ക് മാറ്റമുണ്ടെന്നത് മാത്രമാണ് വ്യത്യാസം. രാജസ്ഥാനിലെ രാജഭരണം എവിടെ എത്തി എന്നെല്ലാവരും കണ്ടതാണ്. തീര്‍ന്നല്ലോ മഹാരാജ്യത്തെ വനിതാ ഭരണ മാഹാത്മ്യം. നൂറ്റൊന്നു ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടും കാര്യമില്ല. മെറിറ്റില്ല, അതാണു പ്രശ്‌നം.
ഇനി അതിര്‍ത്തി കടന്നു ചെന്നു നോക്കിയാല്‍ രാജ്യത്തിന്റെ രണ്ടയല്‍പക്കത്തുനിന്നും കിട്ടും വനിതാഭരണത്തിന്റെ സ്‌തോഭജനകമായ കഥകള്‍. രണ്ട് പെണ്ണുങ്ങള്‍ ചേര്‍ന്ന് ബംഗ്ലാദേശിനെ ഭരിച്ചു മുടിച്ചു പരിപ്പെടുത്തു. പാക്കിസ്ഥാനിലെ മുന്‍ വനിതാ പ്രധാനമന്ത്രി മറ്റൊരു റാബ്രി ദേവിയായിരുന്നു എന്ന് അന്നേ സംസാരമുണ്ടായിരുന്നു. സര്‍ദാരി ഭരണം സഹിക്കാനാകാതെ വന്നപ്പോള്‍ തീര്‍ന്നു കഥ. മാര്‍ക്കോസിന്റെ ഇമല്‍ഡ മുതല്‍ ചരിത്രത്തിലെ വനിതാ ഭരണാധികാരികളുടെയെല്ലാം കഥ ഇതാണ്. പേര്‍ഷ്യര്‍ക്കാര്‍ ഭരണം ഒരു വനിതയെ ഏല്‍പിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ മദീനയില്‍നിന്നു ലോകം ശ്രദ്ധിച്ച ഒരു നിരീക്ഷണമുണ്ടായി. “കാര്യങ്ങള്‍ വനിതകളെ ഏല്‍പിക്കുന്ന ഒരു ജനതയും വിജയിക്കാന്‍ പോകുന്നില്ല” എന്ന്. 10 വര്‍ഷത്തിനകം പേര്‍ഷ്യാ സാമ്രാജ്യം തകര്‍ന്നു തരിപ്പണമായി, രാജകുടുംബം കൂട്ടക്കുരുതിക്കിരയായി. ആദ്യമായും അവസാനമായും ഡല്‍ഹി വാണ വനിതാ ഭരണാധികാരി റസിയാ സുല്‍ത്താനയുടെ ചരിത്രവും ഇവിടെ അനുബന്ധമായി പറയാം.
സ്ത്രീ ശാക്തീകരണ മുന്നേറ്റ ചരിത്രത്തിലെ മഹത്തായ വിജയം സമാഗതമായപ്പോള്‍ പെണ്ണുങ്ങള്‍ക്കു മത്സരിക്കാന്‍ താത്പര്യമില്ലെന്നാണല്ലോ മാതൃഭൂമി വാര്‍ത്ത. പാര്‍ട്ടി നേതാക്കളെ പേടിച്ച് സ്ത്രീകള്‍ ഓടിയൊളിച്ചുവത്രേ. 50 ശതമാനത്തിലേക്ക് ആളെ കിട്ടാതെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വരെ വലഞ്ഞു. പത്രിക സമര്‍പ്പണത്തിന്റെ അവസാന നാളുകളില്‍ നേതാക്കള്‍ വീടുകള്‍ കയറിയിറങ്ങി കെഞ്ചി. വനിതകള്‍ പലരും ഒഴികഴിവുകള്‍ പറഞ്ഞു മുങ്ങി. പൊറുതിമുട്ടി ചിലര്‍ ഗള്‍ഫിലേക്കു പറന്നു, മറ്റു ചിലര്‍ മൈസൂരിലേക്കു ടൂര്‍ പോയി, ചിലര്‍ കുടുംബവീടുകളില്‍ പോയൊളിച്ചു. രക്ഷപ്പെടാന്‍ പരീക്ഷക്കു ചേര്‍ന്നവരും “വിശേഷമുണ്ടെ”ന്ന് സ്വകാര്യം പറഞ്ഞു തടിയൂരിയവര്‍ പോലുമുണ്ട്. ഡമ്മി മാത്രമാണെന്നു പറഞ്ഞു പറ്റിച്ച് ഒറിജിനലാക്കിയ പരാതികളും കേട്ടു. അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുകയാണ്, എന്തിനാണിങ്ങനെ ജനാധിപത്യത്തെ ഞെക്കിപ്പഴുപ്പിക്കുന്നത്? മൂത്ത് പഴുത്തുവരുന്നതല്ലേ സ്വാഭാവികത. സംവരണം ഒരു തരം വിഭാഗീയത വളര്‍ത്തുന്നില്ലേ എന്നു സംശയിക്കണം. ഭരണത്തില്‍ സ്ത്രീകളുടെ കാര്യം പറയാനാണത്രെ സ്ത്രീകള്‍, അപ്പോള്‍ പുരുഷന്മാരുടെ കാര്യം നോക്കാന്‍ പുരുഷന്മാര്‍, വികലാംഗരുടെ കാര്യത്തിനു വിഗലാംഗര്‍, ഇനി മദ്യപാനികള്‍ക്കും വേണ്ടിവരുമല്ലോ സംവരണം. കുട്ടികളുടെ കാര്യം പറയാന്‍ ആരുണ്ട്? ഇതു യൂനിറ്റിയല്ല, പാര്‍ശ്വാലിറ്റിയാണ്.
അടുക്കളയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിട്ടിരുന്ന(ഗ്യാസടുപ്പ് വന്നതുകൊണ്ടാകാം, “കരിപിടിച്ച” പ്രയോഗം ഇപ്പോഴില്ല) സ്ത്രീകളെ മോചിപ്പിച്ച് അരങ്ങത്തേക്കു കൊണ്ടുവന്ന മഹത്തായ വിപ്ലവം എന്നാണ് സംവരണത്തെക്കുറിച്ചു പറയുന്നത്. അപ്പോള്‍, ഒരു സംശയം, വീടുകളിലെ അടുക്കള അത്ര മോശം ഇടമാണോ? “പ്രായം ചെന്ന രോഗികളെ ബാത്ത് റൂമിലും വിറകുപുരയിലും അടച്ചിട്ടു” എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകാത്തത്ര അരിശമാണ് ചിലര്‍ക്ക് ഈ അടുക്കള വിമോചന വിപ്ലവം പറയുമ്പോള്‍. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന് പ്രാസഭംഗിയില്‍ പറയുമ്പോള്‍ ഒരു മറുചോദ്യം ബാക്കിയുണ്ട്. പിന്നെ ഈ അടുക്കള എന്തു ചെയ്യും? അടച്ചുപൂട്ടണോ? ആവേശഭരിതരാകുന്നവരൊന്നും അടുക്കളയുടെ ഭാവിയെ കുറിച്ച് ഒന്നും പറയുന്നില്ല. അടുക്കളയേ വേണ്ടെന്നോ വീട്ടില്‍ പാചകം എന്ന ഏര്‍പ്പാടേ ഉപേക്ഷിക്കണമെന്നോ ആണോ ഉദ്ദേശിക്കുന്നത്? സ്ത്രീകളെ കൊണ്ട് മാത്രം അടുക്കളക്കാര്യം നടക്കാതെ വന്നാല്‍ പുരുഷന്മാര്‍ കൂടി സഹായിക്കണം എന്നു പറഞ്ഞാല്‍ മനസ്സിലാക്കാം, നമ്മുടെ നാട്ടില്‍ അതൊക്കെ സാധാരണമാണ്, അടച്ചുപൂട്ടല്‍ വാദത്തോടാണു വിയോജിക്കുന്നത്. ആരും മറപടി പറയുന്നില്ലെങ്കിലും ഭക്ഷണം വീടിനു പുറത്ത് എന്നൊരു സംസ്‌കാരം വളരെ വേഗം വളര്‍ന്നുവരുന്നുണ്ട്.
കുഞ്ഞുങ്ങള്‍ക്കുവേണ്ടി രണ്ട് മിനുട്ട് കൊണ്ട് തയാറാക്കാവുന്ന വിഷക്കൂട്ടുകള്‍, മുതിര്‍ന്നവര്‍ക്ക് പൊതിഞ്ഞു കെട്ടിക്കൊണ്ടുവരാവുന്ന കൊതിയൂറും മണമുള്ള തത്സമയ നിര്‍മിത ഭക്ഷണങ്ങള്‍, ടിന്നിലടച്ച ഭക്ഷണങ്ങള്‍, ദിവസം ഒന്നോ രണ്ടോ നേരം തട്ടുകടക്കാരുടെ ഹോം ഡെലിവറി, ഇതൊന്നും നടന്നില്ലെങ്കില്‍ നേരിട്ട് ഹോട്ടലുകളിലേക്ക്. പണമല്ല, സമയമാണു പ്രശ്‌നം. അച്ഛന് ഓഫീസ് അഥവാ ബിസിനസ്സ്, അമ്മക്ക് ഉദ്യോഗം- രാഷ്ട്രീയം, ഭരണം. മക്കള്‍ക്ക് പഠിക്കണം. ഉണ്ടാക്കാനും തിന്നാനും നേരമെവിടെ? പരിഹാരം പുറംഭക്ഷണം!
അങ്ങനെ നാമങ്ങു പുരോഗമിച്ചു. ഹൃദ്രോഗം, പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍, പുറമെ കിഡ്‌നി, കരള്‍, ആമാശയ രോഗങ്ങള്‍. മുന്തിയ ഭക്ഷണസംസ്‌കാരം ഉണ്ടായപ്പോള്‍ അതിലും മുന്തിയ രോഗങ്ങളുണ്ടായി. ചികിത്സിക്കാന്‍ മുന്തിയ ആശുപത്രികളും മുന്തിയ ഡോക്ടര്‍മാരുമുണ്ടായി. നൂണ്ടു കളിക്കാന്‍ കോടികളുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ വന്നു. കേരളം കൊണ്ടുതന്നെ മരുന്നു കമ്പനികള്‍ തടിച്ചുകൊഴുത്തു. നാട്ടില്‍ ഏറ്റവും വലിയ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ആശുപത്രികളാണ്; വിദ്യാലയങ്ങളല്ല, വ്യാവസായശാലകളുമല്ല. മുന്തിയ രോഗങ്ങള്‍ കാരണം തട്ടിപ്പോകുന്നവരില്‍ ഒന്നാം നിരയില്‍ നമ്മള്‍ മലയാളികളാണ്. ബാക്കി വരുന്ന അടുക്കളകള്‍ കൂടി അടച്ചുപൂട്ടണം, അതിന് അമ്പതു പോര, അറുപതോ എഴുപതോ ശതമാനം സംവരണം വേണം.
ഫലത്തില്‍ ഈ തിരഞ്ഞെടുപ്പോടെ 60ലേറെ സ്ഥാപനങ്ങള്‍ വനിതകളുടെ ഭരണത്തില്‍ വരും. അവശ, പിന്നാക്ക പരിഗണനയാണ് ഈ സംവരണമെങ്കില്‍ ഈ തിരഞ്ഞെടുപ്പോടെ കേരളത്തിലെ തദ്ദേശഭരണം അവശവും പിന്നാക്കവുമാകും. പിന്‍സീറ്റ് ഭരണം ജോറായി നടക്കും. 50 ശതമാനം സീറ്റുകളില്‍ സ്ത്രീകള്‍ മാത്രമേ മത്സരിക്കാവൂ, ബാക്കി അമ്പതില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മത്സരിക്കാം. ജനറല്‍ സീറ്റില്‍ നിരവധി സ്ത്രീകള്‍ മത്സരിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ തന്നെ ഇതു ലിംഗവിവേചനമാണ്, സമത്വവാദത്തിനെതിരാണ്, അതുകൊണ്ടു തന്നെ ഭരണഘടനാവിരുദ്ധവുമാണ്.
ഇസ്‌ലാമിനു സ്ത്രീകളുടെ കാര്യത്തില്‍ വ്യക്തവും കൃത്യവുമായ നിലപാടുകളുണ്ട്. അതു യുക്തിസഹവും നീതിനിഷ്ഠവുമാണ്. ഇസ്‌ലാമില്‍ സ്ത്രീ അബലയല്ല, പതിതയുമല്ല. അന്തസ്സുള്ള വ്യക്തിത്വത്തിനുടമയാണ്. പുതിയ കാലത്തു നാം കാണുന്ന സ്ത്രീ അരക്ഷിതയാണ്. ഇസ്‌ലാം സ്ത്രീക്ക് ഉറപ്പു നല്‍കുന്നതു സുരക്ഷയാണ്. അവള്‍ക്കു വ്യക്തിത്വമുണ്ട്, മാന്യവും അര്‍ഹവുമായ പരിഗണനയുണ്ട്. അനര്‍ഹമായതൊന്നും അടിച്ചേല്‍പിക്കുകയില്ല. അവള്‍ക്കു വിദ്യാഭ്യാസം ചെയ്യാം, പൈതൃക സ്വത്തിനവകാശമുണ്ട്. പണം സമ്പാദിക്കാം, ക്രയവിക്രയങ്ങള്‍ ചെയ്യാം. കുടുംബത്തിനു മറ്റു ജീവിതമാര്‍ഗങ്ങളില്ലാതാകുമ്പോള്‍ തൊഴിലെടുക്കാം, വ്യാപാരം ചെയ്യാം, ഇഷ്ടമുള്ള പങ്കാളിയെ സ്വീകരിക്കാം. എല്ലാറ്റിനും നിയന്ത്രണങ്ങളുണ്ട്. നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്കു മാത്രമല്ല; പുരുഷന്മാര്‍ക്കുമുണ്ട്. നിയന്ത്രണങ്ങള്‍ അസ്വാതന്ത്ര്യങ്ങളല്ല. സമൂഹത്തിന്റെ സുരക്ഷയുദ്ദേശിച്ചാണ്, അരക്ഷിതാവസ്ഥ ഉണ്ടാകാതിരിക്കാനാണ്. കുടുംബത്തിന്റെ നായകത്വം പുരുഷനാണ്. അത് സ്ത്രീ അടിമയാണ് എന്ന അര്‍ഥത്തിലല്ല. രാജാത്വം ഇല്ലെങ്കില്‍ വരുന്നത് അരാജകത്വമായിരിക്കും. അതില്ലാതിരിക്കാനാണു കുടുംബത്തിനു നായകന്‍ വേണമെന്നു പറയുന്നത്.
നാടിന് ഒരു നായകന്‍ വേണം. സ്ഥാപനങ്ങള്‍ക്കു മേധാവികള്‍ വേണം. സംഘടനകള്‍ക്കും എല്ലാ തരം കൂട്ടായ്മകള്‍ക്കും ഒരു നേതാവുണ്ടാകും. ഈ നേതൃസ്ഥാനങ്ങളിലെല്ലാം കണ്ടുവരുന്നതു പുരുഷന്മാരെയാണ്. കുടുംബത്തിന് ഒരു പുരുഷന്‍ മേധാവിയാകണം എന്നു പറയുമ്പോള്‍ അതു മാത്രം എങ്ങനെയാണു പുരുഷ മേധാവിത്തമാകുന്നത്? സത്യത്തില്‍ ഓരോ പുരുഷനും ഒന്നിലേറെ സ്ത്രീകളുടെ ചുമതലക്കാരാകുന്നതാണു നമ്മുടെ സാമൂഹികാവസ്ഥ. ആണിനൊരു പെണ്‍തുണ വേണം. ഇവര്‍ പരസ്പരം താങ്ങും തണലുമാണ്. അമ്മയായാലും ഭാര്യയായാലും മകളായാലും ഒരാണിന്റെ തണല്‍ വേണം. അതില്ലാതെ കഴിയാം, അതുപക്ഷേ, നേരത്തെ പറഞ്ഞപോലെ പെട്ടിക്കോളം വാര്‍ത്ത മാത്രമേ ആകൂ. ഒരിടത്തു രണ്ട് അധികാരശക്തികളെ കൊണ്ടുവരികയാണു ഫെമിനിസ്റ്റുകള്‍ ചെയ്യുന്നത്, ഫലം കുടുംബകലഹം, വഴിപിരിച്ചില്‍. വിവാഹത്തോളം വിവാഹമോചനങ്ങളും നടക്കുന്നു. വിപ്ലവങ്ങള്‍ മാനംമുട്ടേ പ്രസംഗിക്കാം, പ്രായോഗികത എന്ന പരമസത്യം മറക്കാതിരുന്നാല്‍ മതി. സ്ത്രീകള്‍ക്ക് മതിയായ പരിഗണനയും സുരക്ഷയും അര്‍ഹിക്കുന്ന സ്വാതന്ത്ര്യവും ലഭിക്കുന്ന തരത്തില്‍ കുടുംബസംവിധാനം ശക്തമാക്കുകയാണു സംവരണത്തേക്കാള്‍ അഭികാമ്യം.
+91 9400501168