Connect with us

Kerala

മദ്‌റസാ നവീകരണ പദ്ധതി അവതാളത്തില്‍

Published

|

Last Updated

തിരൂരങ്ങാടി: കേന്ദ്ര സര്‍ക്കാര്‍ മദ്രസകള്‍ക്ക് നല്‍കിയിരുന്ന നവീകരണ ഫണ്ട് നിര്‍ത്തിവെച്ചത് ആയിരക്കണക്കിന് മദ്രസകളിലെ ഭൗതിക പഠനം അവതാളത്തിലാക്കി. സ്‌പെഷ്യല്‍ പ്രോഗാം ഓഫ് ക്വാളിറ്റി ഇന്‍ എജ്യൂക്കേഷന്‍ മദ്രസ പദ്ധതി പ്രകാരമാണ് നല്ല നിലയില്‍ നടന്നുവരുന്ന മദ്രസകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ അടക്കമുള്ള ഭൗതിക വിജ്ഞാനം നല്‍കാനും തുക അനുവദിച്ചിരുന്നത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷ, ഗണിതം, സയന്‍സ്, സാമൂഹ്യശാസ്ത്രം കമ്പ്യൂട്ടര്‍ എന്നീ വിഷയങ്ങളിലാണ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കിയിരുന്നത്. ഓരോ മദ്രസകള്‍ക്കും നാല് വീതം കമ്പ്യൂട്ടറുകള്‍, ലാബ് സൗകര്യം, ലൈബ്രറി, അധ്യാപകരുടെ ശമ്പളം എന്നിവക്കാണ് തുക അനുവദിച്ചിരുന്നത്. ഒരുവര്‍ഷം രണ്ട് തവണകളായി 262,500 രൂപ വീതം 525,000 രൂപയാണ് നല്‍കിയിരുന്നത്. ഒരു കമ്പ്യൂട്ടറിന് 25000 രൂപ വീതം നാല് കമ്പ്യൂട്ടറിന് ഒരു ലക്ഷം രൂപയും ലൈബ്രറിക്ക് പുസ്തകം, അലമാര എന്നിവ വാങ്ങാന്‍ 50000 രൂപ, ലാബിലേക്കുള്ള വസ്തുക്കള്‍ വാങ്ങാന്‍ 15000 രൂപ, എന്നിങ്ങനെയും അധ്യാപകരുടെ ശമ്പള ഇനത്തില്‍ പിജി യോഗ്യതയുള്ള അധ്യാപകര്‍ക്ക് പ്രതിമാനം 12000 രൂപയും പിജി ഇല്ലാത്ത അധ്യാപകര്‍ക്ക് 6000 രൂപയുമാണ് നല്‍കിവരുന്നത്. ഞായറാഴ്ചകളിലും മറ്റു ഒഴിവ് ദിവസങ്ങളിലും ക്ലാസുകള്‍ ക്രമീകരിച്ച് ടൈംടേബിള്‍ അടിസ്ഥാനത്തില്‍ നല്ലനിലയിലാണ് എല്ലാ മദ്രസകളിലും ക്ലാസുകള്‍ നടത്തിവരുന്നത്. ഇതുവഴി വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പഠനത്തില്‍ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചതായി അധ്യാപകര്‍ പറയുന്നു.
മദ്രസാ മാനേജിംഗ് കമ്മിറ്റികള്‍ അതാത് ഡി ഡി ഇ ഓഫീസുകളില്‍ അപേക്ഷ നല്‍കുകയും അപേക്ഷ പരിഗണിച്ച ശേഷം എ ഇ ഒ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ നേരിട്ട് മദ്രസകളിലെത്തി തെളിവെടുപ്പ് നടത്തി സത്യസന്ധമെന്ന് റിപ്പോര്‍ട്ട് നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് തുക നല്‍കിയിരുന്നത്. അര്‍ഹതപ്പെട്ട മദ്രസകള്‍ക്ക് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പണം എത്തുകയാണ് ചെയ്തിരുന്നത്.
എന്നാല്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഈ പദ്ധതി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി പദ്ധതിയെക്കുറിച്ച് ഒരുവിവരുമില്ല. സര്‍ക്കാര്‍ ഫണ്ട് നിര്‍ത്തിവെച്ചതോടെ മദ്രസകളിലെ ക്ലാസുകള്‍ മുടങ്ങുകയും കമ്പ്യൂട്ടര്‍, ലാബ്, ലൈബ്രറി തുടങ്ങിയവ ഉപയോഗ ശൂന്യമായി കിടക്കുകയുമാണ്.

Latest