Connect with us

Kozhikode

15 വിമതരെ കോണ്‍ഗ്രസ് ആറ് വര്‍ഷത്തേക്ക് പുറത്താക്കി

Published

|

Last Updated

കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിസ്ഥാനാര്‍ഥികള്‍ക്കും മുന്നണി സ്ഥാനാര്‍ഥികള്‍ക്കുമെതിരെ വിമതരായി മത്സരരംഗത്ത് നിന്ന 15 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി ജില്ലാ നേതൃത്വം ആറ് വര്‍ഷത്തേക്ക് പുറത്താക്കി. പത്രിക പിന്‍വലിക്കേണ്ട സമയ പരിധി അവസാനിച്ചതിന് ശേഷവും മത്സര രംഗത്ത് നിലയുറപ്പിച്ചവരുമായി നേതൃത്വം പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നിട്ടും പിന്മാറാത്തവര്‍ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിച്ചത്.
താമരശ്ശേരിയില്‍ നിന്ന് എ ഗ്രൂപ്പ് നേതാവും ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ അഡ്വ. ജോസഫ് മാത്യു, മണ്ഡലം സെക്രട്ടറി കെ വി ശശികുമാര്‍ എന്നിവരെയാണ് താമരശ്ശേരി ടൗണ്‍ വാര്‍ഡില്‍ ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിക്കെതിരെ റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിന്റെ പേരില്‍ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയത്. നിലവില്‍ ഗ്രാമപഞ്ചായത്തംഗമായ അഡ്വ. ജോസഫ് മാത്യുവിനെ നേരത്തെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഐ ഗ്രൂപ്പ് മത്സരിക്കുന്ന അഞ്ച് വാര്‍ഡുകളിലും ഒരു ബ്ലോക്ക് ഡിവിഷനിലും എ ഗ്രൂപ്പ് നേരത്തെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.
വിമത സ്ഥാനാര്‍ഥികള്‍ക്ക് പുറമേ കൊയിലാണ്ടി, കൂടരഞ്ഞി, ചാത്തമംഗലം എന്നിവിടങ്ങളിലെ ചില പ്രാദേശിക നേതാക്കള്‍ക്കെതിരെയും നടപടിയുണ്ട്.
അതേസമയം കോഴിക്കോട് കോര്‍പറേഷനില്‍ വിമത സ്ഥാനാര്‍ഥിയായി രംഗത്തുവന്ന ഡി സി സി അംഗം രമേശ് നമ്പിയത്ത് പിന്‍മാറി. കെ പി സി സി പ്രസിഡന്റും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പിന്‍മാറ്റം. രമേശ് നമ്പിയത്ത് നടുവട്ടം 50 ാം വാര്‍ഡിലുള്ള സി എം പി സ്ഥാനാര്‍ഥി ബാലഗംഗാധരന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് യു ഡി എഫ് ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍ പറഞ്ഞു.

Latest