Connect with us

Kozhikode

തിരുവമ്പാടിയില്‍ കൊമ്പുകോര്‍ക്കുന്നത് വമ്പന്മാര്‍

Published

|

Last Updated

മുക്കം: ജില്ലാ പഞ്ചായത്ത് തിരുവമ്പാടി ഡിവിഷനില്‍ ഇക്കുറി ഏറ്റുമുട്ടുന്നത് കരുത്തര്‍. യു ഡി എഫിന് വേണ്ടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ്‌ലിം ലീഗ് തിരുവമ്പാടി മണ്ഡലം ട്രഷററുമായ സി കെ ഖാസിമും എല്‍ ഡി എഫിന് വേണ്ടി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി പി എം ഏരിയ കമ്മിറ്റി അംഗവുമായ ജോളി ജോസഫും ബി ജെ പിക്ക് വേണ്ടി ജോസ് കാപ്പാട്ടുമ്മലാണ് മത്സര രംഗത്തുള്ളവര്‍.
സി കെ ഖാസിം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്, മുസ്‌ലിം ലീഗ് പ്രസിഡന്റ്, തിരുവമ്പാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി, മൂന്ന് തവണ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് മെമ്പര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം, മണ്ഡലം ട്രഷറര്‍, സില്‍ക് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
ജോളിജോസഫ് സി പി ഐ എം തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗവും കോഴിക്കോട് താലൂക്ക് എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ (സി ഐ ടി യു) പ്രസിഡന്റുമാണ്. ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ്, ജീരകപ്പാറ വന സംരക്ഷണ സമിതി കണ്‍വീനര്‍, ജില്ലാ സഹകരണ ബേങ്ക് ഡയറക്ടര്‍, തിരുവമ്പാടി സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ തിരുവമ്പാടി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പന്നിക്കോട്, കാരശ്ശേരി, കുമാരനെല്ലൂര്‍, ഡിവിഷനുകളുള്‍ക്കൊള്ളുന്നതാണ് തിരുവമ്പാടി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍. തിരുവമ്പാടി പഞ്ചായത്തിലെ എട്ട് മുതല്‍ 15 വരെയുള്ള വാര്‍ഡുകളും കൂടരഞ്ഞി പഞ്ചായത്തിലെ താഴെ കൂടരഞ്ഞി, കോലോത്തുംകടവ് വാര്‍ഡുകളും കാരശ്ശേരിയിലെ 18 വാര്‍ഡുകളും കൊടിയത്തൂര്‍ പഞ്ചായത്തിലെ നാലു മുതല്‍ 11 വരെ വാര്‍ഡുകളുമാണ് ഡിവിഷനിലുള്ളത്.

Latest