Connect with us

Malappuram

ജില്ലയില്‍ പ്രചാരണച്ചൂട് 100 ഡിഗ്രി

Published

|

Last Updated

മലപ്പുറം: തിരഞ്ഞെടുപ്പിലേക്ക് പന്ത്രണ്ട് ദിനങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ജില്ലയില്‍ പ്രചാരണത്തിന് ചൂടേറി.
കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ തോതില്‍ മഴ പെയ്‌തെങ്കിലും പ്രചാരണ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടില്ല. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മിക്കയിടത്തും ഇത്തവണയുളളത്. അതിനാല്‍ ഓരോ വോട്ടും പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളിലാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍. പരസ്യ പ്രചാരണം അവസാനിക്കുന്ന നവംബര്‍ മൂന്നുവരെ ശ്വാസം വിടാത്ത പ്രചാരണ പരിപാടികളാണ് അരങ്ങേറുക. നവമാധ്യമങ്ങള്‍ ഉള്‍പ്പടെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള പ്രചാരണ രീതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പരിചയ സമ്പന്നരും പുതുമുഖങ്ങളും യുവാക്കളുമെല്ലാം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്. ചില തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ഭരണം ആര്‍ക്കെന്ന പ്രവചനം അസാധ്യമാകുന്ന തരത്തിലാണ്. യു ഡി എഫ്- എല്‍ ഡി എഫ് മത്സരമാണ് മിക്കയിടത്തും നടക്കുന്നത്. എന്നാല്‍ കരുത്തറിയിക്കാനുള്ള അവസരമായാണ് ബി ജെ പി, എസ് എന്‍ ഡി പി സംഖ്യം തിരഞ്ഞെടുപ്പിനെ കാണുന്നത്. നവരാഷ്ട്രീയ പാര്‍ട്ടികളും ചെറുപാര്‍ട്ടികളും സ്വാധീനമറിയിക്കാന്‍ രംഗത്തുണ്ട്. ഭരണ വിരുദ്ധ തരംഗം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രതിപക്ഷത്തിന് വിജയിക്കാനായില്ലെന്നത് പ്രചാരണ രംഗത്ത് എല്‍ ഡി എഫ് നേരിടുന്ന പ്രതിസന്ധിയാണ്.
വീടുകള്‍ കയറിയിറങ്ങി വോട്ടര്‍മാരെ നേരില്‍ കണ്ടുള്ള പ്രചാരണ രീതിയാണ് മുഴുവന്‍ പാര്‍ട്ടികളും ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രാദേശിക വിഷയങ്ങളോടൊപ്പം സംസ്ഥാന രാഷ്ട്രീയവും പ്രചാരണ രംഗത്തെ ചൂടുപിടിപ്പിക്കും. സംസ്ഥാന ദേശീയ നേതാക്കളെ പ്രചാരണ രംഗത്തിറക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രാദേശിക വികസനം ലക്ഷ്യമിട്ട് പ്രത്യേക മാനിഫെസ്റ്റോ തയ്യാറാക്കിയാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 25 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ടുളള പ്രകടന പത്രികയാണ് വോട്ടര്‍മാര്‍ക്കു മുന്നില്‍ വെക്കുന്നത്.

Latest