Connect with us

Kozhikode

വരകളില്‍ വിസ്മയം തീര്‍ത്ത് ചിത്രരചനാ മത്സരം

Published

|

Last Updated

കോഴിക്കോട്: മൂന്ന് വയസ് മുതല്‍ പതിനെട്ട് വയസ് വരെയുള്ള കുഞ്ഞു ചിത്രാകരന്മാരുടെയും ചിത്രകാരികളുടെയും ആശയങ്ങള്‍ ജലച്ചായത്തിലൂടെ ജീവന്‍ വെച്ചപ്പോള്‍ ഓക്ക് കേരള അഖില കേരള ചിത്ര രചനമത്സരം വരകളുടെ വിസ്മയ മായി മാറി.
മത്സരത്തിന് സംഘാടകര്‍ പ്രത്യേകം വിഷയങ്ങള്‍ നല്‍കിയിരുന്നില്ല. പ്രത്യേക നിബന്ധനകളും നല്‍കിയില്ല. ഇതോടെ മത്സരം പൂര്‍ണമായും കുഞ്ഞു പ്രതിഭകളുടെ സങ്കല്‍പ്പങ്ങള്‍ക്ക് വിട്ടു കൊടുക്കുകയായിരുന്നു. ഔട്ട് ഡോര്‍ അഡ്‌വെര്‍ടൈസേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള കോഴിക്കോട് ജില്ലാകമ്മിറ്റിയാണ് കണ്ടംകുളം ജൂബിലി ഹാളില്‍ അഖിലകേരള ബാലചിത്ര രചനാമത്സരം സംഘടിപ്പിച്ചത്. വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം പ്രതിഭകളാണ് ചിത്രരചനയില്‍ മാറ്റുരച്ചത്. മൃഗങ്ങളും മീന്‍പിടിക്കുന്നമുക്കുവനും റോഡ് മുറിച്ച് കടക്കുന്ന അമ്മയും കുഞ്ഞുമെല്ലാം കുട്ടിചിത്രകാരന്മാര്‍ക്ക് വിഷയങ്ങളായി മാറി.
മത്സരം പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. ആയിരത്തോളം കുട്ടികളില്‍ നിന്ന് വരച്ച ചിത്രങ്ങള്‍ പ്രത്യേകം വിധി നിര്‍ണയ കമ്മിറ്റിയാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. ഏറ്റവും നല്ല ചിത്രത്തിന് സ്‌പെയ്‌സ് വണ്‍ കൊയിലാണ്ടി നല്‍കുന്ന സ്വര്‍ണ മെഡലാണ് ഒന്നാം സമ്മാനം. അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ക്ക് പുറമെ ഇരുന്നൂറോളം പ്രോത്സാഹന സമ്മാനവും നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഓക് ജില്ലാ പ്രസിഡന്റ് മുരളി ബേപ്പൂര്‍ അധ്യക്ഷത വഹിച്ചു. കെ ടി ദിനേശ്, എം കബീര്‍ദാസ് സംസാരിച്ചു. വിജയികളായവരെ പിന്നീട് പ്രഖ്യാപിക്കുമെന്ന് സ്ംഘാടകര്‍ അറിയിച്ചു.