Connect with us

Kozhikode

മുഖാമുഖം ശ്രദ്ധേയമായി; പരസ്പരം പഴിചാരി രാഷ്ട്രീയക്കാര്‍

Published

|

Last Updated

കോഴിക്കോട്: ആരോപണ- പ്രത്യാരോപണങ്ങളും വികസന അവകാശ വാദങ്ങളുമായി തദ്ദേശ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രകടിപ്പിച്ച് ജില്ലയിലെ രാഷ്ട്രീയ നേതാക്കള്‍ അണിനിരന്ന മുഖാമുഖം ശ്രദ്ധേയമായി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രമുഖ പാര്‍ട്ടികളിലെ ജില്ലാ നേതാക്കളെ പങ്കെടുപ്പിച്ച് കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തിലാണ് നേതാക്കള്‍ പരസ്പരം വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടിയത്.
ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ എല്‍ ഡി എഫ് നേടിയ വലിയ വിജയങ്ങളില്‍ ഒന്നാണ് 2005ലെ തിരഞ്ഞെടുപ്പ്. ഇത്തവണ ഇത് ആവര്‍ത്തിക്കുമെന്നും രാഷ്ട്രീയ സാഹചര്യം എല്‍ ഡി എഫിന് അനുകൂലമാണെന്നും സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. 2010ല്‍ നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ നിന്നും യു ഡി എഫ് മുന്നോട്ട്‌പോകുമെന്നും കോര്‍പറേഷനടക്കം ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും പിടിച്ചടക്കുമെന്നും ഡി സി സി പ്രസിഡന്റ് കെ സി അബു പറഞ്ഞു. വികസന വിരോധികളായ ഇരുമുന്നണിക്കും എതിരെയാണ് ജനങ്ങളുടെ വികാരമെന്നും ഇത് ബി ജെ പിക്ക് മുന്നേറ്റമുണ്ടാക്കുമെന്നും ജില്ലാ പ്രസിഡന്റ് പി രഘുനാഥ് പറഞ്ഞു. ജില്ലയുടെ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അഭിപ്രായപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ജനം തിരിച്ചടി നല്‍കുമെന്നും കോര്‍പറേഷനില്‍ 66 സീറ്റ് നേടി എല്‍ ഡി എഫ് ഭരണം നിലനിര്‍ത്തുമെന്നും സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ അവകാശപ്പെട്ടു.
ജില്ലയുടെ പൊതുവികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ തടസ്സം നിന്നതായി പി മോഹനന്‍ പറഞ്ഞു. ഒപ്പം രാജ്യത്തെ മതനിരപേക്ഷതക്ക് വര്‍ഗീയ ഫാസിസ്റ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവളിയും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. വര്‍ഗീയതക്കെതിരെ എല്‍ ഡി എഫാണ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. വടകര മേഖലയില്‍ യു ഡി എഫ് – ആര്‍ എം പിയുമായി രഹസ്യ ധാരണയുണ്ടാക്കിയിരിക്കുകയാണ്. 2010ലെ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് അല്‍പ്പം പിന്നോട്‌പോയെങ്കിലുംഇത്തവണ വലിയ മുന്നേറ്റം നടത്തുമെന്നും മോഹനന്‍ പറഞ്ഞു.
ജില്ലയുടെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും ഏറെ കാലം ഭരണം നടത്തിയിട്ടും എല്‍ ഡി എഫിന് വികസന കാര്യങ്ങളില്‍ ഒന്നും ചെയ്യാനായില്ലെന്ന് കെ സി അബു പറഞ്ഞു. വി എസ് അച്ച്യുതാനന്ദന്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ ജില്ലയുടെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും എല്‍ ഡി എഫ് നിയന്ത്രണത്തിലായിരുന്നു. എന്നിട്ടും ഒന്നും ചെയ്യാതെ ഇപ്പോള്‍ യു ഡി എഫ് സര്‍ക്കാര്‍ വികസന പദ്ധതികള്‍ തടസ്സപ്പെടുത്തുന്നു എന്ന് പറയുന്നത് പരിഹാസ്യമാണ്. 2005ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏഴ് പഞ്ചായത്തുകള്‍ മാത്രമുണ്ടായിരുന്ന യു ഡി എഫ് 2010ല്‍ 37 ആക്കി വര്‍ധിപ്പിച്ചു. ജില്ലാ പഞ്ചായത്തില്‍ മൂന്ന് അംഗങ്ങളുണ്ടായിരുന്നത് 13 ആക്കി. ഇത്തവണ യു ഡി എഫ് വന്‍ മുന്നേറ്റം നടത്തുമെന്നും കോര്‍പറേഷന്‍ “ഭരണം പിടിക്കുമെന്നും അബു പറഞ്ഞു. ആര്‍ എം പിയുമായി യു ഡി എഫിന് ഒരു ധാരണയുമില്ല. ധാരണക്ക് യു ഡി എഫ് ഒരുക്കമാണ്. എന്നാല്‍ ആര്‍ എം പി തയ്യാറല്ല.സ്വന്തം അസ്ഥിത്വത്തില്‍ നില്‍ക്കാനാണ് ആര്‍ എം പി ആഗ്രഹിക്കുന്നത്. അവരോട് ബഹുമാനമാണെന്നും അബു പറഞ്ഞു.
ഇരുമുന്നണിക്കും എതിരായ ജനകീയ ബദലായാണ് വോട്ടര്‍മാര്‍ ബി ജെ പിയെ കാണുന്നതെന്ന് രഘുനാഥ് പറഞ്ഞു. മോഡി സര്‍ക്കാറിന്റെ വികസന നയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോഴിക്കോട് കോര്‍പറേഷന്‍ കട്ട്മുടിച്ചതില്‍ എല്‍ ഡി എഫിനും യു ഡി എഫിനും പങ്കുണ്ട്. തിരഞ്ഞെടുപ്പില്‍ ജില്ലയുടെ പല ഭാഗങ്ങളിലും എല്‍ ഡി എഫ് പോപ്പുലര്‍ഫ്രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുമായി സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്. ചില പഞ്ചായത്തുകളില്‍ “ഭരണം പിടിക്കുന്ന ബി ജെ പി കോര്‍പറേഷനില്‍ വലിയ മുന്നേറ്റം നടത്തുമെന്നും രഘുനാഥ് പറഞ്ഞു.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ അശാസ്ത്രീമായി വിഭജിച്ച് ഹിന്ദു പഞ്ചായത്തുകളും മുസ്‌ലിം പഞ്ചായത്തുകളുമാക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതായി സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വികസന ഫണ്ടില്‍ 20 ശതമാനം പോലും കോര്‍പറേഷന്‍ ഭരണസമിതി ഉപയോഗിച്ചില്ലെന്ന് ഉമ്മര്‍ പാണ്ടികശാല കുറ്റപ്പെടുത്തി. കോര്‍പറേഷനില്‍ ഇത്തവണ യു ഡി എഫ് മേയര്‍ ഭരണം നടത്തുമെന്നും പാണ്ടികശാല കൂട്ടിച്ചേര്‍ത്തു.