Connect with us

Gulf

വേള്‍ഡ് എക്‌സ്‌പോ: യു എ ഇ പവലിയന് പുരസ്‌കാരം

Published

|

Last Updated

ദുബൈ: മിലാന്‍ വേള്‍ഡ് എക്‌സ്‌പോ 2015ന്റെ ഭാഗമായി യു എ ഇ രൂപകല്‍പന ചെയ്ത പവലിയന് ഏറ്റവും മികച്ച രൂപകല്‍പനക്കുള്ള പുരസ്‌കാരം ലഭിച്ചു. എക്‌സ്ബിറ്റര്‍ മാഗസിനാണ് ഏറ്റവും മികച്ച എക്‌സ്റ്റീരിയര്‍ ഡിസൈന്‍ അവാര്‍ഡിന് യു എ ഇ പവലിയനെ തിരഞ്ഞെടുത്തത്. അടുത്ത വേള്‍ഡ് എക്‌സ്‌പോക്ക് വേദിയാവുന്ന രാജ്യമായതിനാല്‍ യു എ ഇ പവലിയന്‍ സന്ദര്‍ശകരുടെ ശദ്ധാകേന്ദ്രമായിരുന്നു.
യു എ ഇ പവലിയന്‍ രൂപകല്‍പനയുടെ സംഘാടകരായ നാഷനല്‍ മീഡിയാ കൗണ്‍സിലിനെക്കുറിച്ചും അവാര്‍ഡ് പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഏറ്റവും മികച്ച പവലിയനുള്ള അവാര്‍ഡ് ജര്‍മനിക്കാണ് ലഭിച്ചത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ജര്‍മനി അവാര്‍ഡിന് അര്‍ഹമാവുന്നത്.
സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലണ്ട്, ജര്‍മനി, ജപ്പാന്‍, എസ്‌തോണിയ, അസര്‍ബൈജാന്‍, മെക്‌സികോ തുടങ്ങി മൂന്നു ഡസനിലധികം രാജ്യങ്ങളാണ് പവലിയന്‍ മത്സരത്തില്‍ പങ്കാളികളായത്. രൂപകല്‍പനക്കൊപ്പം അതുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യയെ എത്രമാത്രം ക്രിയാത്മകമായി ഉപയോഗിച്ചുവെന്നതും അവാര്‍ഡ് നിര്‍ണയത്തില്‍ പരിഗണിക്കപ്പെട്ടിരുന്നു. മിനാസ(മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ആന്‍ഡ് ഏഷ്യ)യിലെ ആദ്യ എക്‌സ്‌പോ എന്തുകൊണ്ടും ലോകം ഓര്‍ക്കുന്ന ഒന്നായി മാറ്റാണ് ദുബൈ പരിശ്രമിക്കുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരം എക്‌സോപോക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി എക്‌സ്‌പോ 2020 ബ്യൂറോ സ്ഥാപിച്ചിരുന്നു.
ദുബൈ വേള്‍ഡ് എക്‌സ്‌പോയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ദേശീയവും രാജ്യാന്തരവുമായ എക്‌സ്‌പോയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഓഹരിയുടമകളുടെ താല്‍പര്യം കൂടി സംരക്ഷിക്കാന്‍ ബ്യൂറോക്ക് തുടക്കമിട്ടത്.
2020 ഒക്ടോബര്‍ 20നാണ് ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020 ന് തുടക്കമാവുക. കോടിക്കണക്കിന് ജനങ്ങളാവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എക്‌സ്‌പോക്ക് സാക്ഷിയാവാന്‍ ദുബൈയിലേക്ക് എത്തുക. ആറു മാസം നീളുന്നതാണ് ഈ മഹാമേള. ലോകത്തിന്റെ കണ്ണും കാതുമെല്ലാം ദുബൈയില്‍ സമ്മേളിക്കുന്ന കാലമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു എ ഇ രൂപീകൃതമായതിന്റെ 50ാം വര്‍ഷികത്തിലാണ് ദുബൈയിലേക്ക് എക്‌സ്‌പോ വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്ററാക്ടീവ് എക്‌സ്പീരിയന്‍ഷ്യല്‍ സോണ്‍, ആര്‍ട് ഷോ തുടങ്ങിയ ഒട്ടനവധി പരിപാടികള്‍ ദുബൈ വേള്‍ഡ് എക്‌സ്‌പോയുടെ മുന്നോടിയായി ഒരുക്കുന്നുണ്ട്. ദുബൈ വേള്‍ഡ് എകസ്‌പോക്കായി പ്രത്യേക ലോഗോ തയ്യാറാക്കല്‍ മത്സരവും നടത്തിയിരുന്നു.
ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020നായി രാജ്യം സജ്ജമായിരിക്കുകയാണെന്നും യു എ ഇയുടെ ചരിത്രത്തിലെ അവിസ്മരണീയമായ മഹൂര്‍ത്തമായി എക്‌സ്‌പോ കാലം മാറുമെന്നും യു എ ഇ സഹമന്ത്രിയും ദുബൈ എക്‌സ്‌പോ 2020 ഉന്നതാധികാര കമ്മിറ്റി എം ഡിയുമായ റീം ഇബ്രാഹീം അല്‍ ഹാഷിമി വ്യക്തമാക്കി. രാജ്യത്തെയും ജനങ്ങളെയും ഈ മഹാസംഭവത്തിനായി സജ്ജമാക്കികൊണ്ടിരിക്കയാണ്.
1851ലാണ് വേള്‍ഡ് എക്‌സ്‌പോക്ക് തുടക്കമായത്. ചിരപുരാതനമായ ഇത്തരം ഒരു മഹാസംഭവത്തിന് ആതിഥ്യമരുളാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമായാണ് രാജ്യവും ജനങ്ങളും കരുതുന്നത്. യു എ ഇ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സുദിനത്തില്‍ ഇത്തരം ഒന്നിന് ആതിഥ്യമേകാന്‍ ഭാഗ്യം ലഭിക്കുന്നുവെന്നത് മഹത്തായ കാര്യമാണെന്നും അവര്‍ പറഞ്ഞു.

Latest