Connect with us

Gulf

സാഹിത്യ അക്കാദമിക്ക് പ്രതികരിക്കാന്‍ സംവിധാനമില്ല: ജോസ് പനച്ചിപ്പുറം

Published

|

Last Updated

ദുബൈ: സമീപകാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭവിച്ച അരുതായ്മകളില്‍ ധ്രുതഗതിയില്‍ പ്രതികരിക്കാന്‍ കേന്ദ്ര സാഹിത്യ അക്കാദമിക്ക് സാധിക്കാതെ പോയത് ആവശ്യമായ സംവിധാനമില്ലാത്തതിനാലാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസ് പനച്ചിപ്പുറം. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുനല്‍കുകയെന്നത് ശരിയായ രീതിയല്ല. അവാര്‍ഡുകള്‍ നല്‍കുന്നത് മാറി മാറി വരുന്ന ഏതെങ്കിലും സര്‍ക്കാരല്ല. അതിനായി നിയമിക്കപ്പെടുന്ന മുതിര്‍ന്ന എഴുത്തുകാര്‍ ഉള്‍പെട്ട സമിതിയാണ്. അവാര്‍ഡ് തിരിച്ചുനല്‍കുമ്പോള്‍ അതോടൊപ്പം ലഭിച്ച സ്‌നേഹവും അതുണ്ടാക്കിയ അംഗീകാരവും എപ്രകാരമാണ് തിരിച്ചേല്‍പിക്കാന്‍ സാധിക്കുകയെന്ന കവി കെ ജി ശങ്കരപിള്ളയുടെ അഭിപ്രായം പ്രസക്തമാണെന്നും എഴുത്തുകാരന്‍ കൂടിയായ ജോസ് പനച്ചിപ്പുറം പറഞ്ഞു.
കേവലം ഒരു പ്രമേയത്തിലൂടെ പോലും പ്രതിഷേധിക്കാന്‍ സമയമെടുക്കുന്ന സ്ഥാപനങ്ങളാണ് അക്കാദമികളെന്നത് നാം മറന്നുകൂടാ. കേരള സാഹിത്യ അക്കാദമി കല്‍ബുര്‍ഗി വധം നടന്ന ഉടന്‍ പ്രതിഷേധിച്ചത് അഭിമാനകരമായ കാര്യമാണ്. വ്യവസ്ഥാപിതമായി പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ആവശ്യമായ സംവിധാനമില്ലാത്തവയാണ് നമ്മുടെ അക്കാദമികള്‍. കേരള സാഹിത്യ അക്കാദമി സംഭവത്തില്‍ പ്രതിഷേധിച്ചെങ്കിലും വേണ്ട രീതിയില്‍ സമൂഹത്തെ അറിയിക്കുന്നതില്‍ നാം മാധ്യമപ്രവര്‍ത്തകര്‍ ദയനീയമായി പരാജയപ്പെട്ടു. സര്‍ക്കാരുകള്‍ക്കെതിരെ അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയുള്ള പ്രതിഷേധ രീതി ഗുണകരമാണെന്ന് പറയാനാവില്ല.
എഴുത്തുകാരന്‍ കല്‍ബുര്‍ഗിയുടെ വധവും തുടര്‍ന്നുണ്ടായ വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യങ്ങളും ആശങ്കാജനകമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിട്ടും മാധ്യമലോകം വേണ്ടത്ര പ്രതികരിച്ചിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. മാധ്യമ സമൂഹം അവരുടെ ബാധ്യത നിറവേറ്റുന്നതില്‍ പിറകോട്ടുപോയെന്ന സ്വയം വിമര്‍ശനവും അദ്ദേഹം നടത്തി. ഗുജറാത്തിലെ നരഹത്യക്കെതിരെ മാധ്യമ ലോകം പക്വതയോടെ പ്രതികരിച്ചിരുന്നതും എഡിറ്റേഴ്‌സ് ഗ്രിഡും മറ്റും ശക്തമായ നിലപാട് സ്വീകരിച്ചതും അന്നത്തെ മാധ്യമപ്രവര്‍ത്തകരുടെ ജനാധിപത്യത്തോടുള്ള കാവല്‍ നിലപാടാണ് സൂചിപ്പിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ സമൂഹത്തെ കലുഷിതമാക്കുന്നതും വിഭജിക്കുന്നതുമായ വാര്‍ത്തകളും വിവരങ്ങളുമാണ് കൂടുതലായും വരുന്നത്. ഇത്തരം രീതിക്ക് നിയന്ത്രണം ആവശ്യമാണ്. സമൂഹത്തില്‍ അസഹിഷ്ണുതയുടെ വിത്തുകള്‍ ആഴത്തില്‍ പാകാന്‍ ഉതകുന്നവയാണ് പല കമന്റുകളും മറ്റുമെന്നത് ഇവയെ നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. സാമൂഹിക മാധ്യമങ്ങള്‍ക്ക് മികച്ച ഇടം ഉണ്ടെങ്കിലും അസഹിഷ്ണുതയുടെ വല്ലാത്തൊരു ലോകത്തെ അത് പ്രതിനിധീകരിക്കുന്നൂവെന്നത് കാണാതെ പോകരുത്. ആര്‍ക്കും പ്രതികരിക്കാമെന്ന ഈ സംവിധാനത്തെ കൂടുതലും നെഗറ്റീവായാണ് ഉപയോഗിക്കുന്നത്. പോസിറ്റീവ് അംശങ്ങള്‍ നവമാധ്യമങ്ങളില്‍ വല്ലാതെ കുറഞ്ഞുവരികയാണ്. സാമൂഹിക മാധ്യമങ്ങളിലെ നെഗറ്റീവ് വശം മറ്റു മാധ്യമങ്ങളിലും പ്രകടമാണ്.
പുതു മാധ്യമങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തുന്ന രീതി ആശങ്കക്ക് ഇടനല്‍കുന്നതാണ്. പുതിയ കാലത്തെ ഓരോ വാക്കിലും പ്രവര്‍ത്തിയിലും കാലുഷ്യം ഇഴചേര്‍ന്നിരിക്കുന്നുവെന്നതും ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നൂവെന്നും അദ്ദേഹം പറഞ്ഞു. ടി ആര്‍ സുഭാഷ്, സജീവ് കുമാര്‍, എം സി എ നാസര്‍, എല്‍വിസ് ചുമ്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest