Connect with us

Articles

ഒരു പെന്‍സില്‍; നിരവധി സന്ദേശങ്ങള്‍

Published

|

Last Updated

ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ നാം പെന്‍സില്‍ ഉപയോഗിക്കുന്നു. ഒരിക്കലെങ്കിലും പെന്‍സില്‍ ഉപയോഗിക്കാത്ത സാക്ഷരര്‍ ഉണ്ടാകാനിടയില്ല. പെന്‍സില്‍ ചില പ്രബോധനങ്ങള്‍ മനുഷ്യന് നല്‍കുന്നുണ്ട്. ഒന്നാമത്തെ പ്രബോധനം: “നിനക്ക് വലിയ കാര്യങ്ങള്‍ പലതും ചെയ്യാന്‍ കഴിയും. പക്ഷേ അതു സാധിക്കണമെങ്കില്‍ ആരുടെയെങ്കിലും വിദഗ്ധ കരങ്ങളില്‍ എത്തിച്ചേരണം. ആ കരങ്ങള്‍ നിന്നെക്കൊണ്ട് അത്ഭുതങ്ങള്‍ സാധ്യമാക്കും””. മദര്‍ തെരേസ പറയുന്നു: “ലോകത്തിന് പ്രേമലേഖനമെഴുതുന്ന ഈശ്വരന്റെ കൈയിലെ ചെറു പെന്‍സിലാണ് ഞാന്‍”. മറ്റുള്ളവരുടെ കൂടി സഹകരണത്തോടെയാണ് വന്‍കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുക. വിജയങ്ങള്‍ക്കു പിറകില്‍ മറ്റുള്ളവരുടെ കരങ്ങളുമുണ്ടെന്ന് ബോധ്യപ്പെടുക. അഹങ്കരിക്കാതിരിക്കുക.
രണ്ടാമത്തെ പ്രബോധനം: “നിന്റെ മുന മൂര്‍ച്ചയുള്ളതാക്കി വയ്ക്കാന്‍ കൂടെക്കൂടെ നിന്നെ ചെത്തി മിനുക്കേണ്ടിവരും. എങ്കില്‍ മാത്രമേ കാര്യക്ഷമമായും സൂക്ഷ്മമായും പ്രവര്‍ത്തിക്കുന്ന നല്ല പെന്‍സിലാകുവാന്‍ സാധിക്കൂ”. നല്ല മുനയുണ്ടെങ്കിലേ നന്നായി എഴുതാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ പ്രവൃത്തികള്‍ കൃത്യവും കാര്യക്ഷമവും ആകണമെങ്കില്‍ നാം ഇടയ്ക്കിടെ വേദനിപ്പിക്കുന്ന മൂര്‍ച്ച കൂട്ടലിന് വിധേയമാകണം. വേദനിപ്പിക്കുന്ന പരീക്ഷണങ്ങള്‍, പ്രതിസന്ധികള്‍, രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ജീവിതത്തിലുണ്ടാകും. അവിടെ അസ്വസ്ഥരാകരുത്. പരാതികളും പരിഭവങ്ങളും വേണ്ട. അനുഭവങ്ങള്‍ നമ്മെ കൂടുതല്‍ കരുത്തുറ്റവരും പ്രാഗത്ഭ്യമുള്ളവരുമാക്കും. ചെത്തിയൊരുക്കി മുന ശരിയാക്കപ്പെടണമെങ്കില്‍ അനുഭവങ്ങളുടെ അഗ്‌നിയില്‍ സ്ഫുടം ചെയ്യപ്പെടേണ്ടിവരും.
മൂന്നാമത്തെ പ്രബോധനം: “നിന്റെ പിന്നറ്റത്ത് റബ്ബര്‍ ഘടിപ്പിക്കുന്നത് എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ അവ തിരുത്താന്‍ നിനക്കെളുപ്പമാകാനാണ്. തെറ്റിനെ അതേപടി അവശേഷിപ്പിക്കാതെ തിരുത്താന്‍ കഴിയണം”. തെറ്റുകളും പരാജയങ്ങളും സംഭവിക്കാത്ത ജീവിതമില്ല. തെറ്റുകള്‍ സ്വാഭാവികവും മനുഷ്യസഹജവുമാണ്. എന്നാല്‍ തെറ്റിനെ തിരിച്ചറിഞ്ഞ് തിരുത്താന്‍ കഴിയുന്നത് ശ്രേഷ്ഠകരമാണ്. തനിക്ക് തെറ്റുപറ്റില്ലെന്നും അതിനാല്‍ തിരുത്തേണ്ടതില്ലെന്നും വാശിപിടിക്കുന്നത് നന്നല്ല. എത്ര വലിയവരായാലും തെറ്റുകള്‍ സംഭവിക്കാം. ഉന്നതര്‍ ഉപയോഗിക്കുന്ന പെന്‍സിലിനും റബ്ബര്‍ ഉണ്ട്. തെറ്റുകള്‍ സ്വയം തിരിച്ചറിഞ്ഞ് തിരുത്തുമ്പോള്‍ നമ്മിലെ ഔന്നത്യമാണ് പ്രകടമാകുന്നത്.
നാലാമത്തെ പ്രബോധനം: “ഏറ്റവും പ്രധാനപ്പെട്ടകാര്യം ഉള്ളിലെ കാമ്പാണ്. നിന്റെ ഉള്ളില്‍ എന്ത് സ്ഥിതിചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് നിന്റെ പ്രവര്‍ത്തനക്ഷമതയും വിജയസാധ്യതയും. പുറത്തെ തടിയോ ചായമോ അല്ല പെന്‍സിലിനെ കരുത്തുറ്റതാക്കുന്നത്. മറിച്ച് ഉള്ളിലെ കാമ്പാണ്, കാമ്പിന്റെ സവിശേഷതയാണ്”. അതുപോലെ മനുഷ്യരുടെ പുറം മേനിയേക്കാള്‍ പ്രധാനമാണ് മനസ്സും ഹൃദയവും. മനുഷ്യന്റെ ഉള്ളിരിലിപ്പാണ് പ്രധാനം. മലിനവും ബാലിശവുമായ കാര്യമാണ് ഉള്ളിലുള്ളതെങ്കില്‍ പരാജയപ്പെടും. മനുഷ്യനില്‍ നിന്ന് പുറപ്പെടുന്നതാണ് അവനെ അശുദ്ധനാക്കുന്നത്. ഹൃദയശുദ്ധിയും നന്മനിറഞ്ഞ മാനവമൂല്യങ്ങളുമാണ് ഒരാളെ ഉന്നതവ്യക്തിത്വത്തിന് ഉടമയാക്കുന്നത്. ചുരുക്കത്തില്‍ ഉള്ളിലിരിപ്പും അതുവഴി കൈയിലിരിപ്പും നന്നാകണം. നമ്മെ അടുത്തറിയുന്നവന് നമ്മോട് അടക്കാനാകാത്ത ആദരവ് തോന്നണം. അഞ്ചാമത്തെ പ്രബോധനം: “നിന്നെ ഉപയോഗിക്കുന്ന എല്ലാ പ്രതലത്തിലും നിന്റെ അടയാളം നീ അവശേഷിപ്പിക്കണം. സാഹചര്യം എന്തുതന്നെയായിരുന്നാലും നീ എഴുതിക്കൊണ്ടിരിക്കണം.” വ്യക്തതയോടെ എഴുതുന്ന പെന്‍സിലിനാണ് വിലയുള്ളത്. അതുപോലെ കടന്നുപോകുന്ന കര്‍മമണ്ഡലങ്ങളില്‍ ഓരോ മനുഷ്യനും തന്റെ പാദമുദ്ര പതിപ്പിക്കണം.
മറ്റുള്ളവര്‍ക്ക് ആദരിക്കാനും അംഗീകരിക്കാനും പോന്ന കര്‍മങ്ങള്‍ അനുഷ്ഠിക്കണം. നന്മയുടെയും സന്തോഷത്തിന്റെയും അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് നിരന്തരം സമ്മാനിക്കുമ്പോഴാണ് നാം അവശേഷിപ്പിക്കുന്ന പാദമുദ്രകള്‍ സ്മരണാര്‍ഹമാകുന്നത്. ആസൂത്രണത്തെയും രൂപകല്‍പ്പനയേയും സൂചിപ്പിക്കുന്ന പെന്‍സില്‍ നമ്മുടെ ജീവിതാസൂത്രണത്തിനും രൂപകല്‍പ്പനയ്ക്കും പുതിയ മാനങ്ങള്‍ നല്‍കട്ടെ.
(9847034600)

---- facebook comment plugin here -----

Latest