Connect with us

Articles

തിരഞ്ഞെടുപ്പ് ഉത്സവ കാലത്ത് ഈ പാട്ടുകള്‍ തന്നെ മതിയോ?

Published

|

Last Updated

ഭരണഘടന 73-ാം തവണ ഭേദഗതി ചെയ്ത് ത്രിതല പഞ്ചായത്ത്, നഗരപാലിക സംവിധാനങ്ങള്‍ പ്രാബല്യത്തിലായിട്ട് 23 വര്‍ഷമാകുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിനും അധികാരവികേന്ദ്രീകരണം അനിവാര്യമെന്ന വിവിധ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് 1984ല്‍ അധികാരത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഭരണഘടനാ ഭേദഗതിക്ക് മുന്‍കൈ എടുത്തത്. 1992ല്‍ ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലായി. പുതിയ ഭരണഘടനാ വ്യവസ്ഥക്കനുസരിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മാണം നടത്തി. അധികാര വികേന്ദ്രീകരണമെന്നത് കേരളത്തെ സംബന്ധിച്ച് പുതിയ കാര്യമായിരുന്നില്ല. പഞ്ചായത്ത് സമ്പ്രദായം നേരത്തെ മുതല്‍ ഇവിടെയുണ്ടായിരുന്നു. 1987ല്‍ അധികാരത്തിലേറിയ ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കേരളത്തില്‍ ജില്ലാ കൗണ്‍സില്‍ സമ്പ്രദായം കൊണ്ടുവരികയും തിരഞ്ഞെടുപ്പിലൂടെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്നു. 1995 മുതല്‍ ത്രിതല പഞ്ചായത്ത് – നഗരപാലിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യുന്നുണ്ട്. അതനുസരിച്ചുള്ള അഞ്ചാമത്തെ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്.
കൃഷി – കാര്‍ഷിക വികസനം, ഭൂമി വികസനം, ഭൂപരിഷ്‌കരണ നടപടികള്‍, മണ്ണ് സംരക്ഷണം എന്ന് തുടങ്ങി ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമം, ദാരിദ്ര്യ നിര്‍മാര്‍ജനം, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങി നിരവധിയായ അധികാരങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുക എന്നതായിരുന്നു ലക്ഷ്യം. ഓരോ പ്രദേശത്തിനും വേണ്ട കൃഷി രീതിയെന്ത്, വ്യാവസായിക വികസനമെന്ത്, വിദ്യാഭ്യാസ സൗകര്യങ്ങളെന്ത് എന്നതൊക്കെ മനസ്സിലാക്കി അതിനനുസരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. അതിന് സഹായകമായ വിധത്തില്‍ വരുമാനസ്രോതസ്സുകള്‍ പഞ്ചായത്തുകള്‍ക്ക് അനുവദിക്കാനും വ്യവസ്ഥയുണ്ടായിരുന്നു.
രണ്ട് ദശകം പിന്നിടുമ്പോള്‍ ഈ ലക്ഷ്യത്തിലേക്കുള്ള യാത്ര എത്രത്തോളം മുന്നോട്ടുപോയെന്നത് പരിശോധിക്കപ്പെടേണ്ടതല്ലേ? അതിന് ഏറ്റവും അര്‍ഹമായ ഇടം കേരളം തന്നെയാണ്. അത്തരമൊരു പരിശോധന നടക്കേണ്ട അവസരം കൂടിയാണ് അഞ്ചാണ്ട് കൂടുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ഉത്സവം. എന്നാല്‍ അത്തരമൊരു പരിശോധനക്ക് പകരം സാമ്പ്രദായിക രാഷ്ട്രീയ ബലാബലത്തിന് തന്നെയാണ് കേരളം വേദിയാകുന്നത്. ആ ബലാബലം മാറ്റി നിര്‍ത്താനാകില്ല, പ്രത്യേകിച്ച് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ അജന്‍ഡകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭരണ സംവിധാനം രാജ്യത്ത് നിലനില്‍ക്കുകയും കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ അവര്‍ തന്ത്രങ്ങള്‍ പയറ്റുകയും ചെയ്യുമ്പോള്‍. ഇതിനൊപ്പമോ അതിനു മുന്നിലോ പ്രാദേശിക ഭരണ സംവിധാനങ്ങളുടെ കാര്യക്ഷമത വരേണ്ടതുണ്ട്. പ്രാദേശികമായി ഒരുപക്ഷേ അതൊക്കെ വിഷയമാകുന്നുണ്ടാകാം. എന്നാല്‍ സംസ്ഥാനത്തൊട്ടാകെയുള്ള ഒന്നായി ഉയര്‍ന്നുവരുന്നില്ല എന്നത് കാണേണ്ടതുണ്ട്.
അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി പല പരീക്ഷണങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയവും വലിയ വിമര്‍ശം ഏറ്റുവാങ്ങിയതുമായിരുന്നു ജനകീയാസൂത്രണം. 1995 മുതല്‍ 2000 വരെയുള്ള കാലത്ത് നടപ്പാക്കാന്‍ ശ്രമിച്ച ഈ സംഗതി, ഇപ്പോള്‍ ആരുടെയും ഓര്‍മയിലെ വിഷയമല്ല. തദ്ദേശ ഭരണ സംവിധാനം നിലവില്‍ വന്ന കാലം മുതല്‍ ചര്‍ച്ചാ വിഷയമായ ഒന്നായിരുന്നു ഉദ്യോഗസ്ഥരുടെ പുനര്‍ വിന്യാസം. കുടിവെള്ള വിതരണം, റോഡ് – പാലം നിര്‍മാണം എന്ന് തുടങ്ങി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പ് വരെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലയായപ്പോള്‍ അത് നിറവേറ്റാന്‍ പാകത്തിലുള്ള ഉദ്യോഗസ്ഥര്‍ ഇവിടങ്ങളിലുണ്ടായിരുന്നില്ല. സംസ്ഥാന ഭരണത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരെ, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴിലേക്ക് വിന്യസിച്ച് ഈ കുറവ് നികത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടിതമായ ചെറുത്തുനില്‍പ്പ് പുനര്‍വിന്യാസം പൂര്‍ണമായി നടപ്പാക്കുന്നതിന് തടസ്സമായി. മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ക്ക് ഇത് പൂര്‍ത്തിയാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല.
ദുര്‍ബല വിഭാഗങ്ങളുടെ പ്രത്യേകിച്ച് പട്ടിക വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനം പഞ്ചായത്തുകളുടെ കീഴില്‍ വരുന്നതാണ്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നിന്ന് പോഷകാഹാരക്കുറവ് മൂലം നവജാത ശിശുക്കള്‍ മരിച്ച വാര്‍ത്ത എത്ര തവണ കേട്ടുവെന്ന് തിട്ടമില്ല. എന്തുകൊണ്ടാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധിക്കാതെ പോയത്? അനുവദിച്ച ഫണ്ട് പൂര്‍ണമായും ചെലവിടാന്‍ ഈ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് സാധിച്ചില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ജനങ്ങളുടെ ആവശ്യവും അവരുടെ ജീവിതവും കണക്കിലെടുത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും തദ്ദേശ സ്ഥാപനങ്ങള്‍ ദയനീയമായി പരാജയപ്പെട്ടുവെന്നല്ലേ ഇതിന് അര്‍ഥം? ഈ വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമോ? അതിനൊരു പരിഹാരം നിര്‍ദേശിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഏതെങ്കിലും രാഷ്ട്രീയ സംവിധാനങ്ങള്‍ തയ്യാറാകുന്നുണ്ടോ?
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നീക്കിവെക്കുന്ന പണത്തിന്റെ (സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍) കണക്ക് പരിശോധിച്ചാല്‍ 1995ല്‍ നിന്ന് 2015 ആകുമ്പോള്‍ വലിയ വര്‍ധന കാണാനാകും. 1995ല്‍ 800 കോടി രൂപയാണ് സംസ്ഥാനത്തെ ആകെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ചതെങ്കില്‍ ഇപ്പോഴത് 5,000 കോടിയെങ്കിലുമായി വര്‍ധിച്ചിട്ടുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനത്തിന് പുറമെയാണിത്. പക്ഷേ, ഈ പണം ചെലവിടാന്‍ പാകത്തില്‍ ബജറ്റിംഗ് സംവിധാനത്തെ മാറ്റാന്‍ ഇനിയും സാധിച്ചിട്ടില്ല. ഫെബ്രുവരി അവസാനത്തിലോ മാര്‍ച്ച് ആദ്യത്തിലോ ബജറ്റ് അവതരിപ്പിച്ച്, ജൂണ്‍ – ജൂലൈ മാസത്തോടെ പാസ്സാക്കുന്നതാണ് പതിവ്. ഏപ്രില്‍ മുതല്‍ ബജറ്റ് പാസ്സാക്കുന്നിടത്തോളം കാലത്തേക്കുള്ള ചെലവിന് ധനാഭ്യര്‍ഥനയും പാസ്സാക്കും. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ബജറ്റ് പാസ്സാക്കി പണം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കിയാലേ ആ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും അത് നടപ്പാക്കാന്‍ പാകത്തില്‍ നടപടികള്‍ സ്വീകരിക്കാനും സാധിക്കൂ.
വൈകി മാത്രം ബജറ്റ് പാസ്സാക്കുന്ന സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച വിഹിതം നഷ്ടമാകാതിരിക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷവും ചെലവിടാനുള്ള അനുവാദം നല്‍കുകയാണ് പതിവ്. ഇതുമൂലം കഴിഞ്ഞ വര്‍ഷം ആസൂത്രണം ചെയ്ത പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് വരും വര്‍ഷവും ശ്രദ്ധ ചെലുത്തേണ്ട സ്ഥിതി തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടാകും. പദ്ധതി ആവിഷ്‌കരിക്കുമ്പോഴുള്ള എസ്റ്റിമേറ്റാകില്ല, ഒരു സാമ്പത്തിക വര്‍ഷം കഴിയുമ്പോഴുണ്ടാകുക. എസ്റ്റിമേറ്റ് പുതുക്കുന്നതിനും അതിന് സംസ്ഥാന സര്‍ക്കാറില്‍ നിന്നോ മറ്റോ അനുവാദം വാങ്ങേണ്ടതുണ്ടെങ്കില്‍ അതിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സമയവും ഊര്‍ജവും ചെലവിടേണ്ടിവരും. പുതിയ പദ്ധതികളില്‍ ശ്രദ്ധ ചെലുത്താനുള്ള സമയമാണ് ഇത് മൂലം പാഴാകുക. ഇത്തരം പ്രയാസങ്ങളെയൊക്കെ മറികടന്ന് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങളുണ്ട്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം. അധികാര വികേന്ദ്രീകരണമെന്ന ആശയം കുറേക്കൂടി യാഥാര്‍ഥ്യമായിരുന്നുവെങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കുറേക്കൂടി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകുമായിരുന്നു.
ഗ്രാമ പഞ്ചായത്തുകളെ ജനവികാരം പ്രതിഫലിപ്പിക്കുന്നതാക്കി മാറ്റുന്നതില്‍ വാര്‍ഡ് തലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഗ്രാമസഭകള്‍ നിര്‍ണായകമാണ്. പക്ഷേ, തൊള്ളായിരത്തിലധികം വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ എത്രയെണ്ണത്തില്‍ ഗ്രാമസഭകള്‍ സജീവമായിരുന്നുവെന്ന അന്വേഷണവും ഈ ഘട്ടത്തില്‍ നടക്കേണ്ടതാണ്. ഗ്രാമസഭകള്‍ കൂടിയെന്ന രേഖകളുണ്ടാക്കി, അംഗത്വവും ഗ്രാമപഞ്ചായത്തുകളുടെ സാധുതയും നിലനിര്‍ത്തുക എന്നതാണ് അരങ്ങേറുക. ഗ്രാമസഭകള്‍ വിളിക്കുക എന്നത് പഞ്ചായത്ത് അംഗത്തിന്റെ മാത്രം ബാധ്യതയായി നിലനില്‍ക്കുന്നു. അതേസമയം, ഗ്രാമസഭകളില്‍ പങ്കെടുക്കുക എന്നത് പൗരന്റെ കടമയായി മാറിയിട്ടില്ല. അങ്ങനെ മാറും വിധത്തിലുള്ള ബോധവത്കരണം നടന്നോ എന്നും സംശയം. സ്വന്തം ചുറ്റുപാടുകളില്‍ എന്ത് സംഭവിക്കുന്നുവെന്ന് മനസ്സിലാക്കാനും എന്തൊക്കെ സംഭവിക്കണമെന്ന് തീരുമാനിക്കാനുമുള്ള അവകാശം പൗരനുണ്ടെന്ന ബോധ്യം ഉറപ്പിക്കപ്പെട്ടിട്ടില്ല. അതിനൊന്നും മിനക്കെടാത്തവര്‍ അഹിതം സംഭവിച്ചതിന് ശേഷം ആരോപണവുമായി രംഗത്തുവരുന്ന കാഴ്ച പലതുണ്ട്. കൊക്കകോള കമ്പനിയുടെ ജലചൂഷണത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു പെരുമാട്ടി പഞ്ചായത്ത്. ആ കമ്പനിയുടെ ചൂഷണം അവസാനിപ്പിക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് വലുതാണ്. അങ്ങനെ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ഗ്രാമസഭകള്‍ക്ക്/പൗരന്‍മാര്‍ക്ക് സാധിക്കും. അപ്പോള്‍ പിന്നെ അനധികൃത ക്വാറികള്‍ പല പഞ്ചായത്തുകളിലുമുണ്ടാകുന്നത് എങ്ങനെ? ജനം തള്ളിക്കളയുന്നുവെങ്കില്‍ ഈ അനധികൃതനെ നാടുകടത്താന്‍ പഞ്ചായത്തുകള്‍ നിര്‍ബന്ധിതമാകില്ലേ? അത്തരം ചോദ്യങ്ങളുയരാത്തതു കൊണ്ടല്ലേ പോഷകാഹാരക്കുറവ് മൂലം കുഞ്ഞുങ്ങള്‍ മരിക്കുന്നത് തുടരുന്നത്? ഇതേക്കുറിച്ചൊക്കെ ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ട സന്ദര്‍ഭം കൂടിയാണ് തിരഞ്ഞെടുപ്പുത്സവം.
ഭരണ കേന്ദ്രവും ജനങ്ങളും തമ്മില്‍ വലിയ അകലമുണ്ടായിരുന്ന കാലത്താണ് വികേന്ദ്രീകരണത്തെക്കുറിച്ചുള്ള പഠനങ്ങളുണ്ടായത്. തിരുവനന്തപുരത്തെ ഭരണ കേന്ദ്രത്തില്‍ നിന്ന് മഞ്ചേശ്വരത്തുള്ളയാളിന് കാര്യസാധ്യം എളുപ്പമല്ലാതിരുന്ന കാലത്ത്. ഈങ്ങാപ്പുഴയിലുള്ളയാളിന് കോഴിക്കോട്ടെ ഭരണ കേന്ദ്രത്തില്‍ നിന്ന് കാര്യ സാധ്യം എളുപ്പമല്ലാതിരുന്ന കാലത്തും. ഈ ദൂരത്തെ നിഷ്പഭമാക്കും വിധത്തില്‍ സാങ്കേതികവിദ്യ വളര്‍ന്നിരിക്കുന്നു.
വ്യക്തിയും ഭരണകേന്ദ്രത്തിലെ പ്രതിനിധിയും തമ്മില്‍ നേര്‍ക്കുനേര്‍ ആശയവിനിമയം പോലും സാധ്യമാകും വിധത്തില്‍ കാര്യങ്ങളെത്തിനില്‍ക്കുന്നു. സര്‍ട്ടിഫിക്കറ്റുകളിലേറെയും ഓണ്‍ലൈനിലൂടെ ലഭ്യമാകുന്ന അവസ്ഥ വൈകാതെയുണ്ടാകും. വിവിധ ഫീസുകളുടെ ഒടുക്കലും ഓണ്‍ലൈന്‍ വഴിയാകും. ഗ്രാമങ്ങള്‍ നഗരങ്ങളായി രൂപാന്തരപ്പെടുകയും ഏതാണ്ടെല്ലാ ഭരണ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലയിലെ വലിയ പദ്ധതികള്‍ കൈകാര്യം ചെയ്യേണ്ടിവരികയും ചെയ്യുന്നു. താഴേത്തലത്തിലുള്ള യൂനിറ്റുകള്‍ക്ക് ഉത്തരവാദിത്വം ഏറിവരികയാണ് എന്ന് ചുരുക്കം. ഈ സാഹചര്യത്തില്‍ ത്രിതലം എന്നതിന്റെ പ്രസക്തി എത്രത്തോളമുണ്ടെന്നത് ആലോചിക്കേണ്ടതുണ്ട്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്