Connect with us

Kerala

തെരുവുനായ ശല്യം: ചിറ്റിലപ്പള്ളിയുടെ നിരാഹാര സമരം ഇന്നവസാനിക്കും; സമരപ്പന്തലിനു മുന്നില്‍ പ്രതിഷേധം

Published

|

Last Updated

കൊച്ചി: അക്രമണകാരികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ അധികാരികള്‍ തയാറായില്ലെങ്കില്‍ ജനം നിയമം കൈയിലെടുക്കുമെന്ന് വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. തെരുവുനായ വിമുക്ത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നടത്തുന്ന 24 മണിക്കൂര്‍ സൂചനാ നിരാഹാര സമരപന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരുവുനായ്ക്കളുടെ വിഷയവുമായി ബന്ധപ്പെട്ട് ഡിജിപിയുടെ നടപടി അന്വേഷിക്കണം. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന ഡി ജി പിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. തെരുവുനായയെ കൊല്ലുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ ഡി ജി പിക്ക് കൊമ്പുണ്ടോയെന്ന് ചിറ്റിലപ്പള്ളി ചോദിച്ചു. സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത ആലുവ റൂറല്‍ എസ് പിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കുന്ന ബി ജെ പി സര്‍ക്കാറിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. മൃഗസ്‌നേഹി എന്നവകാശപ്പെടുന്ന മേനകാ ഗാന്ധിയുടേത് കപടമൃഗസ്‌നേഹമാണ്. പ്രതിമാസം കോടിക്കണക്കിന് രൂപയുടെ പേവിഷ മരുന്നുകള്‍ ഇന്ത്യയില്‍ വിറ്റഴിയുന്നുണ്ട്. ഇതിന്റെ ഒരോഹരി മേനകാ ഗാന്ധിയുടെ പേരിലുള്ള ട്രസ്റ്റില്‍ എത്തുന്നുണ്ടെന്നും ചിറ്റിലപ്പള്ളി ആരോപിച്ചു.
അതേസമയം കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്റില്‍ വെച്ച് അപകടത്തില്‍പെട്ട് നട്ടെല്ലിന് പരുക്കേറ്റ് ശരീരം തളര്‍ന്ന് കിടപ്പിലായ തൃശൂര്‍ സ്വദേശിയായ വിജേഷിനേയും കൊണ്ട് ബന്ധുക്കള്‍ മറൈന്‍ഡ്രൈവിലെ സമരപന്തലില്‍ എത്തിയപ്പോള്‍ സമരക്കാര്‍ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. വീല്‍ച്ചെയറില്‍ ബന്ധുക്കളോടൊപ്പം എത്തിയ വിജേഷിനെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ കാണിക്കാനാണ് തങ്ങളെത്തിയതെന്ന് പറഞ്ഞിട്ടും ഇവരെ തിരിച്ചയച്ചു. താന്‍ സമരത്തിന് എതിരല്ലെന്നും ബിസിനസിനെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടിയാണ് നിരാഹാര സമരമെന്ന പേരില്‍ ചിറ്റിലപ്പള്ളി സമരം നടത്തുന്നതെന്നും വിജേഷ് പറഞ്ഞു. അപകടത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനുമുണ്ട്. മനുഷ്യസ്‌നേഹത്തിന്റെ പേരില്‍ നിരാഹാര സമരം നടത്തുന്ന ചിറ്റിലപ്പിള്ളി പതിമൂന്ന് വര്‍ഷമായി തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇത്രയും വര്‍ഷത്തിനിടയില്‍ തന്നെ കാണാന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്നും കണ്ടില്ലെന്നു നടിക്കുകയാണെന്നും വിജേഷ് പറഞ്ഞു.
തെരുവ് നായ വിമുക്ത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ചിറ്റിലപ്പിള്ളി ചെയര്‍മാനായ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നിരാഹാരം ആരംഭിച്ചത്. തെരുവുനായ ശല്യം രൂക്ഷമാവുകയും കുട്ടികളടക്കം നിരവധിപേര്‍ക്ക് കടിയേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് 24 മണിക്കൂര്‍ നിരാഹാര സമരവുമായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി രംഗത്തെത്തിയത്.
നിരവധി സംഘടനകളുടെ പ്രതിനിധികളും വ്യക്തികളും സമരപ്പന്തലിലേക്കെത്തി. തെരുവ്‌നായ്ക്കളെ കൂട്ടിലടക്കും എന്ന് ഉറപ്പ് നല്‍കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുക, ബോയ്‌ക്കോട്ട് കേരളടൂറിസം എന്ന ക്യാംപെയ്‌ന്റെ ഉറവിടം കണ്ടെത്തുക, സ്വച്ഛ്ഭാരത് പേവിഷ വിമുക്തമാക്കുക, തെരുവുനായ്ക്കളെ കൂട്ടിലടക്കുക, കപടമൃഗസ്‌നേഹം അവസാനിപ്പിക്കുക, മിനിസ്ട്രി ഓഫ് വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് മന്ത്രാലയം നീതി പാലിക്കുക, ഡി ജി പിയുടെ നടപടിയെക്കുറിച്ച് അന്വേഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് നിരാഹാരസമരം. സാമൂഹ്യപ്രവര്‍ത്തക ഉമാ പ്രേമന്‍, സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് സെക്രട്ടറി സത്യനാരായണന്‍, ഷീലാ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ജോസ് മാവേലി എന്നിവരും സന്നിഹിതരായിരുന്നു. ഇന്നലെ രാവിലെ പത്തു മണിക്ക് മറൈന്‍ഡ്രൈവില്‍ ഒരുക്കിയ പ്രത്യേക സമരപന്തലില്‍ ആരംഭിച്ച ഏകദിന നിരാഹാരം ഇന്ന് രാവിലെ പത്തു മണിക്കു അവസാനിക്കും.
തെരുവുനായ്ക്കള്‍ക്കെതിരെ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നടത്തുന്ന നിരാഹാര സമരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പോലീസ് കംപ്ലെയ്ന്റ് അതോറിട്ടി ചെയര്‍മാനും മൃഗസ്‌നേഹിയുമായ ജസ്റ്റിസ് കെ നാരായണക്കുറുപ്പ്. സമരം സമൂഹത്തില്‍ ഏറ്റുമുട്ടലുകള്‍ക്ക് വഴിയൊരുക്കുമെന്നും നിരാഹാര സമരമല്ല, തെരുവുനായകള്‍ക്ക് അഭയകേന്ദ്രങ്ങള്‍ നിര്‍മിക്കാനാണ് വ്യവസായിയായ ചിറ്റിലപ്പിള്ളി ശ്രമിക്കേണ്ടതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മൃഗ സ്‌നേഹികള്‍ തെരുവ് നായകള്‍ക്ക് ഭക്ഷണമൊരുക്കിയാല്‍ അത് തടയാനാകുമോയെന്നും ജസ്റ്റിസ് നാരായണകുറുപ്പ് ചോദിച്ചു. തെരുവു നായകളെ സംരക്ഷിക്കാനായി പാലയില്‍ ഡോഗ് പാര്‍ക്ക് സ്ഥാപിച്ചത്‌പോലെുള്ള കേന്ദ്രങ്ങള്‍ ബഹുജന പങ്കാളിത്തത്തോടെ നിര്‍മിക്കാനാകും. സാമ്പത്തിക ശേഷിയുള്ള ചിറ്റിലപ്പിള്ളി ഇത്തരത്തില്‍ കേന്ദ്രം നിര്‍മിക്കാന്‍ മുന്‍കൈയ്യെടുത്താല്‍ അതില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി.

 

Latest