Connect with us

National

രാഹുലിന്റെ നേതൃപാടവം ചോദ്യം ചെയ്ത് ഫൊത്തേദാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നേതൃശേഷിയെ പരസ്യമായി ചോദ്യം ചെയ്ത് എം എല്‍ ഫൊത്തേദാര്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രധാന സഹായിയായിരുന്നു എം എല്‍ ഫത്തേദാര്‍. രാഹുലിന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് പാര്‍ട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും ഏറെ താമസിയാതെ ശക്തമായ സ്വരങ്ങള്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിനാര്‍ ലീവ്‌സ് എന്ന പുസ്തകത്തിലാണ് ഈ പരാമര്‍ശമുള്ളത്. ഇന്ദിരാഗാന്ധിയെപ്പോലുള്ള നേതൃഗുണങ്ങളുടെ പിന്തുടര്‍ച്ചയല്ല രാഹുലിന് ഉള്ളത്. മറിച്ച് രാജീവ് ഗാന്ധിയുടെതാണ്. അത്‌കൊണ്ട് രാഹുലിനും രാജീവിനെപ്പോലെ അന്തര്‍മുഖത്വമുണ്ടെന്ന് ഫൊത്തേദാര്‍ പറഞ്ഞു. സോണിയാ ഗാന്ധിക്ക് നിരവധി ഗുണങ്ങള്‍ ഉണ്ടെങ്കിലും രാഷ്ട്രീയ മാനേജ്‌മെന്റില്‍ അവര്‍ ഏറെ പിറകിലാണ്. രാഹുലിനെ നേതൃത്വത്തിലേക്ക് ഉയര്‍ത്താനുള്ള അവരുടെ ഉത്കടമായ ആഗ്രഹം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പുസ്തകത്തില്‍ അദ്ദേഹം പറയുന്നു.
രാഹുല്‍ എന്ന് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം ഏറ്റെടുക്കുമെന്ന ചര്‍ച്ച ശക്തമായ സാഹചര്യത്തിലാണ് ഫൊത്തേദാറിന്റെ പരമാര്‍ശങ്ങളെന്നത് ശ്രദ്ധേയമാണ്. രാഹുലിന് ചില പിടിവാശികള്‍ ഉള്ളത് പോലെ തോന്നുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം രാജ്യത്തെ ജനങ്ങള്‍ക്ക് സ്വീകാര്യമായിരിക്കില്ല. സോണിയാ ഗാന്ധിക്ക് ഇനിയും ഏറെ സമയമുണ്ട്. പക്ഷേ, പാര്‍ട്ടിക്ക് ദിശാ ബോധം നല്‍കാന്‍ ആരുമില്ല. ഈ പാഠം പഠിക്കാന്‍ കോണ്‍ഗ്രസ് വിസമ്മതിക്കുകയാണെന്നും ഫൊത്തേദാര്‍ പുസ്തകത്തില്‍ പറയുന്നു.

Latest