Connect with us

National

പാകിസ്ഥാനില്‍ നിന്ന്‌ ഗീത ഇന്ത്യയില്‍ തിരിച്ചെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: 12 വര്‍ഷം മുമ്പ് ട്രെയിന്‍ മാറിക്കയറി അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ബധിരയും മൂകയുമായ ഇന്ത്യന്‍ പെണ്‍കുട്ടി ഗീത രാജ്യത്ത് തിരിച്ചെത്തി. നേരത്തെ ബന്ധുക്കളുടെ ഫോട്ടോ തിരിച്ചറിഞ്ഞിരുന്നെങ്കിലും നേരിട്ട് കണ്ട ഗീതക്ക് ബീഹാര്‍ സ്വദേശികളായ ഇവരെ തിരിച്ചറിയാനായില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
ഈ സാഹചര്യത്തില്‍ ബന്ധുക്കള്‍ തന്നെയെന്ന് ഡി എന്‍ എ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷം മാത്രമേ ഗീതയെ കൈമാറുകയുള്ളൂ എന്ന് പാക്കിസ്ഥാനില്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയ ഈദി ഫൗണ്ടേഷന് ഇന്ത്യന്‍ അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പരിശോധനാ നടപടികള്‍ പൂര്‍ത്തിയാകും വരെ പാക് സംഘം ന്യൂഡല്‍ഹിയില്‍ തങ്ങും. ബന്ധുക്കളും ഗീതയും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ കഴിയാതിരുന്നാല്‍ ഗീതയുടെ സംരക്ഷണത്തിന് രണ്ട് സന്നദ്ധ സംഘടനകള്‍ക്ക് വിദേശ കാര്യ മന്ത്രാലയം ചുമതല നല്‍കി. ഇന്നലെ രാവിലെ കറാച്ചിയില്‍ നിന്ന് പാക് എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ ഗീതയെ ഈദി ഫൗണ്ടേഷനിലെ ബില്‍ക്കീസ് ഈദിയും മറ്റ് മൂന്ന് അംഗങ്ങളും അനുഗമിച്ചിരുന്നു.
2004ല്‍ 11 വയസുള്ളപ്പോഴാണ് ഗീത വഴിതെറ്റി പാക്കിസ്ഥാനിലെത്തുന്നത്. പഞ്ചാബില്‍ നിന്ന് സംഝോത എക്‌സ്പ്രസില്‍ ഒറ്റക്ക് യാത്ര ചെയ്യുകയായിരുന്ന പെ ണ്‍കുട്ടിയെ പാക്കിസ്ഥാന്‍ റെയിഞ്ചേഴ്‌സാണ് കണ്ടെത്തുന്നത്. പിന്നീട് പെണ്‍കുട്ടിയെ ലാഹോറിലെ ചാരിറ്റി സംഘടനയായ ഈദി ഫൗണ്ടേഷന് കൈമാറ#ി. ഇവരാണ് കുട്ടിക്ക് ഗീത എന്ന പേര് നല്‍കിയത്.
സല്‍മാന്‍ഖാന്‍ നായകനായ ഭജ്‌റംഗി ഭായ്ജാന്‍ എന്ന ചലച്ചിത്രം പുറത്തിറങ്ങിയതോടെയാണ് ഗീത വാര്‍ത്തകളില്‍ ഇടംനേടിയത്. ഈദി ഫൗണ്ടേഷന്‍ ഭാരവാഹികളായ അബ്ദുല്‍സത്താര്‍ ഈദിയും ഭാര്യ ബില്‍ക്കീസ് ഈദിയും ചേര്‍ന്ന് ഗീതയെ കുറിച്ചുള്ള വിവരങ്ങള്‍ ഫൗണ്ടേഷന്‍ ഓഫീസിലെത്തിയ ഇന്ത്യന്‍ സന്ദര്‍ശകരോട് പറയുകയായിരുന്നു.
ഈദി ഫൗണ്ടേഷന് ഒരു കോടി രൂപ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ അറിയിച്ചു.