Connect with us

International

ഒരു മാസത്തിനിടെ ഇസ്‌റാഈല്‍ സൈന്യം ആയിരത്തിലധികം ഫലസ്തീനികളെ അറസ്റ്റ് ചെയ്തു

Published

|

Last Updated

റാമല്ല: ഈ മാസം തുടക്കം മുതല്‍ ഇതു വരെയായി ആയിരത്തിലധികം ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തതായി ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ്ബ്. ഇവരില്‍ ഭൂരിഭാഗവും യുവാക്കളും സ്ത്രീകളുമാണ്. തെക്കന്‍ വെസ്റ്റ്ബാങ്കിലെ ഹെബ്‌റോണില്‍ നിന്ന് മാത്രം 221 പേരെ ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. 500ലധികം ജൂത കുടിയേറ്റക്കാര്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ പൂര്‍ണ സുരക്ഷിതത്വത്തില്‍ കഴിയുന്ന പ്രദേശമാണ് ഹെബ്‌റോണ്‍. ഇതിന് ചുറ്റും രണ്ട് ലക്ഷത്തിലധികം ഫലസ്തീനികള്‍ വസിക്കുന്നുണ്ട്. ഇസ്‌റാഈല്‍ പിടിച്ചെടുത്ത കിഴക്കന്‍ ജറൂസലമില്‍ നിന്ന് 201 പേരെ സൈന്യം അറസ്റ്റ് ചെയ്തു. വെസ്റ്റ്ബാങ്ക് നഗരമായ റാമല്ലയില്‍ നിന്ന് 138 പേരും ഇപ്പോള്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ പിടിയിലാണ്. മറ്റു പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 160 അറബ് ഇസ്‌റാഈലുകാരെയും സൈന്യം അറസ്റ്റ് ചെയ്തതായി ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് വ്യക്തമാക്കി. ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 87 പേരെ അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ എന്ന നിയമത്തിന്റെ പരിധിയിലാണ് ജയിലിലടച്ചിരിക്കുന്നത്. ഈ നിയമം ആറ് മാസം വരെ വിചാരണ കൂടാതെ തടവില്‍ വെക്കാന്‍ ഇസ്‌റാഈല്‍ സൈന്യത്തിന് അനുമതി നല്‍കുന്നു.
ഇസ്‌റാഈല്‍ സൈന്യം അറസ്റ്റ് ചെയ്ത ഫലസ്തീനികളുടെ മൊത്തം എണ്ണം ആറായിരം കവിയുമെന്നാണ് കണക്കുകള്‍. ഇവരില്‍ 420 പേര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ പരിധിയിലാണ്.