Connect with us

Gulf

എം പവറില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് നവം. മുതല്‍ എ സി ഉപയോഗിക്കാനാകില്ല

Published

|

Last Updated

ദുബൈ: ശൈഖ് സായിദ് റോഡിന് സമീപം സ്ഥിതിചെയ്യുന്ന ഡിസ്‌കവറി ഗാര്‍ഡന്‍സിലെ ചില അപാര്‍ട്‌മെന്റ് ഉടമകള്‍ക്ക് അടുത്ത മാസം മുതല്‍ എ സി ഉപയോഗിക്കാനാകില്ല.
എ സി ഉപഭോഗം എം പവറില്‍ (പാം ഡിസ്ട്രിക്റ്റ് കൂളിംഗ്) രജിസ്റ്റര്‍ ചെയ്യാനായി ഇനി നാല് പ്രവൃത്തി ദിനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ മാസം 31നാണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി. പിന്നീട് തുടര്‍ന്നുവരുന്ന രണ്ട് പ്രവൃത്തി ദിനങ്ങളില്‍ കൂടി രജിസ്റ്റര്‍ ചെയ്യാനാകും. എന്നാല്‍ ആയിരം ദിര്‍ഹം പിഴ നല്‍കേണ്ടിവരും. എന്നിട്ടും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഡിസ്‌കണക്ഷനെ അഭിമുഖീകരിക്കേണ്ടിവരും. ഇതുസംബന്ധിച്ച് ഈ മാസം 15ന് എല്ലാ അപ്പാര്‍ട്‌മെന്റുകളുടേയും വാതിലുകളില്‍ നോട്ടീസ് ഒട്ടിച്ചിട്ടുണ്ട്. നഖീല്‍ ഓണേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശപ്രകാരം എല്ലാ അപ്പാര്‍ട്‌മെന്റ് ഉടമകളും എ സി ഉപഭോഗം എം പവറില്‍ രജിസ്റ്റര്‍ ചെയ്യണം. അല്ലാത്ത പക്ഷം കൂളിംഗ് സര്‍വീസ് വിച്ഛേദിക്കുന്നതായിരിക്കും എന്നാണ് നോട്ടീസ്. ഓണേഴ്‌സ് അസോസിയേഷനില്‍ നിന്നും എല്ലാ യൂണിറ്റ് ഉടമകളും ക്ലിയറന്‍സ് ലെറ്റര്‍ സ്വന്തമാക്കേണ്ടത് നിര്‍ബന്ധമാണെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
രജിസ്‌ട്രേഷനായി ഓണേഴ്‌സ് അസോസിയേഷന്‍ എം പവറിനെ സമീപിക്കുന്നതിന് മുമ്പേ ഇത് ചെയ്തിരിക്കണം. കൂളിംഗ് സര്‍വീസ് വിഛേദിച്ചാല്‍ പിന്നെ 48 മണിക്കൂര്‍ കഴിയാതെ സര്‍വീസ് പുനസ്ഥാപിക്കാനാകില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
കാരണം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് 48 പ്രവൃത്തി മണിക്കൂറെങ്കിലും വേണമെന്നും നോട്ടീസ് പറയുന്നു. കൂടാതെ കുടിശ്ശിക തീര്‍ക്കാതെ സര്‍വീസ് പുനസ്ഥാപിക്കാനാകില്ലെന്നും ഇതില്‍ പറയുന്നുണ്ട്.