Connect with us

Articles

നിശ്ശബ്ദമാകാന്‍ വിസമ്മതിക്കുന്ന ധൈഷണിക ധീരത

Published

|

Last Updated

നാഷണല്‍ സ്റ്റുഡന്റ്‌സ് പാര്‍ലമെന്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള യൂണിവേഴ്‌സിറ്റി യൂനിയന്‍ ക്യാമ്പസില്‍ ഡോ കെ എന്‍ പണിക്കര്‍ ഇക്കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം ഫാസിസത്തിനു മുമ്പില്‍ നിശ്ശബ്ദമാകാന്‍ വിസമ്മതിക്കുന്ന ധൈഷണികധീരതയുടെ ഉജ്ജ്വല പ്രഖ്യാപനമായിരുന്നു. “എന്റെ ശരീരം ക്ഷീണിക്കുകയാണ്. ശബ്ദം നേര്‍ത്തുവരുന്നു. എന്നാല്‍ ഫാസിസത്തിന്റെ ഈ അതിക്രമം കാണുമ്പോള്‍ ഇനിയും ഇനിയും ഉറക്കെ ഞാന്‍ ശബ്ദിക്കും. ചുറ്റും നടക്കുന്നതു കണ്ടിട്ടും നിശ്ശബ്ദരാകുന്ന ചിലരുണ്ട്. സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരാള്‍ക്കും അങ്ങനെ നിശ്ശബ്ദരാകാന്‍ കഴിയില്ല. മോദി അധികാരം വിട്ടശേഷമാണോ അവരെല്ലാം ശബ്ദിക്കുക.”
വാര്‍ധക്യത്തിനും ശാരീരിക അവശതകള്‍ക്കും കീഴടങ്ങി തന്നെപ്പോലുള്ള ഒരാള്‍ക്ക് ഫാസിസം പടിവാതില്‍ക്കലെത്തിനില്‍ക്കുമ്പോള്‍ നിശ്ശബ്ദനാകാന്‍ കഴിയില്ലെന്ന ഡോക്ടര്‍ പണിക്കരുടെ പ്രഖ്യാപനം അത്യന്തം ആവേശത്തോടെയാണ് രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി കാര്യവട്ടം ക്യാമ്പസ്സില്‍ സമ്മേളിച്ച വിദ്യാര്‍ഥി സദസ്സ് സ്വീകരിച്ചതെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശാരീരികാവശതകളെ മാറ്റിവെച്ച് ഫാസിസ്റ്റ്‌വിരുദ്ധ പോരാട്ടത്തില്‍ അണിചേരാനുള്ള ഒരു ജനകീയ ചിന്തകന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള ആഹ്വാനമാണ് കാര്യവട്ടം ക്യാമ്പസില്‍ മുഴങ്ങിയത്. നമ്മുടെ ബൗദ്ധിക സമൂഹം ഡോക്ടര്‍ പണിക്കരുടെ വാക്കുകളിലൂടെ വിശദീകരിക്കപ്പെട്ട തീവ്രമാകുന്ന ഫാസിസ്റ്റ് വിപത്തുകളെ തിരിച്ചറിയാനും അതിനെതിരെ പ്രതിഷേധിക്കാനും മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കാം.
മറ്റെന്തിനേക്കാളും ഇന്ന് പ്രധാനം ഫാസിസത്തിന്റെ ആസന്നഭീഷണിക്കെതിരെ പ്രതിരോധം തീര്‍ക്കലാണെന്ന് ഡോക്ടര്‍ പണിക്കര്‍ ഗുജറാത്ത് വംശഹത്യക്കു ശേഷമുള്ള സംഘ്പരിവാര്‍ ഭീഷണിയെ വിശകലനം ചെയ്തുകൊണ്ട് നിരന്തരമായി നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. 2002ലെ വംശഹത്യക്കു ശേഷം ഗുജറാത്ത് സന്ദര്‍ശിച്ച ഡോക്ടര്‍ പണിക്കര്‍ അവിടെ കണ്ട ഭീതിദമായ സംഭവങ്ങളെ വിശകലനം ചെയ്തുകൊണ്ട് നിരവധി ലേഖനങ്ങളും പഠനറിപ്പോര്‍ട്ടുകളും തയ്യാറാക്കിയിട്ടുണ്ട്. ഒരഭിമുഖത്തില്‍ ഗുജറാത്ത് സന്ദര്‍ശനം മനസ്സില്‍ അവശേഷിപ്പിച്ചത് എന്താണെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.
“എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് മനുഷ്യരുടെ മുഖത്ത് നിഴലിച്ചുകണ്ട ഭീതിയാണ്. തെരുവുകളിലും ക്യാമ്പുകളിലും കോളനികളിലുമൊക്കെ മനുഷ്യരുടെ മുഖത്ത് വളരെ വ്യക്തമായ ഭയം ഞാന്‍ കണ്ടു. ഹിന്ദു മുസ്‌ലിം എന്ന വ്യത്യാസമില്ലാതെ ഈ ഭീതി ഉണ്ടായിരുന്നു. ഗുജറാത്തില്‍ നടമാടിയ ഭീകരതയുടെ പരിണിതഫലം അതാണ്. പതിനായിരക്കണക്കിന് ആളുകള്‍ ഓരോ കോളനികളിലും കടന്ന് ആക്രമണം നടത്തുമ്പോള്‍ മനുഷ്യന്‍ നിസ്സഹായനാകുന്നു. ആ നിസ്സഹായതയില്‍ നിന്നുണ്ടായ ഭയം അവിടെ നടമാടിയ അക്രമാസക്തി എന്നെ നടുക്കി. മനുഷ്യന് ഇത്ര നിഷ്ഠൂരനാകാനാകുമെന്നത് ആലോചിക്കാന്‍ പോലും കഴിയുന്നതല്ല. ക്രൂരതയുടെ ഈ ചിത്രം മനസ്സില്‍ നിന്ന് ഒരുകാലത്തും മായാന്‍ ഇടയില്ല. ഇരയെ കൊല്ലുന്ന മൃഗത്തേക്കാള്‍ ക്രൂരത……”
എല്ലാ വര്‍ഗീയശക്തികളും മതരാഷ്ട്രം ലക്ഷ്യവെക്കുന്ന ഫാസിസ്റ്റുകളും ക്രൂരതയെ ജീവിതമൂല്യമാക്കാനാണ് പഠിപ്പിക്കുന്നതെന്നും മൃഗീയ വാസനകളില്‍ നിന്നും മാനവികതയെ തിരിച്ചുപിടിക്കുക എന്നത് ബുദ്ധിജീവികളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നീട്ടിവെക്കാനാകാത്ത ഉത്തരവാദിത്വമാണെന്ന് ഡോ. പണിക്കര്‍ നിരവധി ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. മതനിരപേക്ഷ മൂല്യങ്ങളെ പ്രതിസ്ഥാപിച്ചുകൊണ്ടേ വര്‍ഗീയതക്കടിപ്പെട്ട ജനമനസ്സുകളെ നവീകരിച്ചെടുക്കാന്‍ പുരോഗമന ശക്തികള്‍ക്ക് കഴിയൂ എന്ന കാര്യമാണ് അദ്ദേഹം തന്റെ വിശകലനങ്ങളിലൂടെ പലപ്പോഴായി അനുശാസിച്ചിട്ടുള്ളത്. സമൂഹമനസ്സിന്റെ അകത്തളങ്ങളില്‍ പോലും സാമുദായികമായ വിഭജനത്തിന്റെ മതിലുകള്‍ തീര്‍ക്കുന്ന വര്‍ഗീയതയെ സംബന്ധിച്ച സാമൂഹിക ശാസ്ത്രപരവും മനഃശാസ്ത്രപരവുമായ നിര്‍ദ്ധാരണം ആവശ്യപ്പെടുന്ന സന്ദര്‍ഭമാണ് കേരളത്തില്‍ പോലും രൂപപ്പെട്ടിരിക്കുന്നത്.
തന്റെ തിരുവനന്തപുരം പ്രസംഗത്തില്‍ ഡോക്ടര്‍ പണിക്കര്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചതിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന 56 വയസ്സുള്ള കര്‍ഷകത്തൊഴിലാളിയുടെ അത്യന്തം അപലപനീയമായ കൊലപാതകത്തെ മുന്‍നിര്‍ത്തി രാജ്യത്ത് ഭക്ഷണസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന രോഷജനകമായ അവസ്ഥയാണുള്ളതെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഗോമാംസനിരോധനത്തിന്റെ യുക്തിരാഹിത്യം വിശദമാക്കുകയുണ്ടായി. രാജ്യത്തെ ജനസംഖ്യയില്‍ 70 ശതമാനം പേരും മാംസാഹാരം കഴിക്കുന്നവരാണ്. നമ്മുടെ ചരിത്രവും പാരമ്പര്യവും പൗരാണിക ദര്‍ശനങ്ങളും “ബീഫ് ഈറ്റിങ്ങ്” ഒരിക്കലും നിഷിദ്ധമായി കണ്ടിരുന്നില്ല. ഹിന്ദു രാഷ്ട്ര ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വര്‍ഗീയവാദികളാണ് ചരിത്രത്തെയും സംസ്‌കാരത്തെയും വളച്ചൊടിച്ച് ഗോമാംസത്തെ പ്രശ്‌നവത്കരിച്ചത്. ഗോമാംസം നിരോധിക്കണമെന്ന വാദം അങ്ങേയറ്റം യുക്തിരഹിതമാണ്. ഇഷ്ടമുള്ള ഭക്ഷണം തെരഞ്ഞെടുക്കാനും കഴിക്കാനുമുള്ള പൗരന്മാരുടെ അവകാശത്തെയാണ് ശുദ്ധാശുദ്ധങ്ങളുടേതായ ധര്‍മശാസ്ത്ര നിബന്ധനകള്‍ ഉന്നയിച്ച് സംഘ്പരിവാര്‍ കടന്നാക്രമിക്കുന്നത്.
രാജ്യത്തിന്റെ ബഹുസ്വരതയും ഭിന്നസംസ്‌കാരങ്ങളെയും അസഹിഷ്ണുതയോടെ കാണുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്താല്‍ പ്രചോദിതരായ വര്‍ഗീയവാദികളാണ് പല പേരുകളിലും രൂപങ്ങളിലും സ്വതന്ത്രചിന്തകരെയും തങ്ങള്‍ക്ക് അനഭിമതരായ ജനസമൂഹങ്ങളെയും രാജ്യത്തുടനീളം വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ചിന്തയിലും ഹൃദയത്തിലും അമര്‍ഷത്തിന്റെ അഗ്നിപടര്‍ത്തുന്ന സംഭവങ്ങളാണ് നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും നിഷേധിച്ചുകൊണ്ട് സാംസ്‌കാരിക ഫാസിസത്തിന്റെ ദംഷ്ട്രകള്‍ കലയുടെയും സര്‍ഗപ്രവര്‍ത്തനത്തിന്റെയും എല്ലാ മേഖലകളിലേക്കും നീണ്ടുവരികയാണ്.
നരേന്ദ്രധാല്‍ ബോല്‍ക്കറുടെയും പന്‍സാരയുടെയും കല്‍ബുര്‍ഗിയുടെയും കൊലപാതകങ്ങള്‍ അസഹിഷ്ണുതയുടെ വിഷം വമിപ്പിക്കുന്ന വിദേ്വഷരാഷ്ട്രീയത്തിന്റെ സ്വതന്ത്രചിന്തകര്‍ക്കുനേരെയുള്ള ഹിംസാത്മകമായ കടന്നുകയറ്റത്തെയാണ് കാണിക്കുന്നത്. ഹിന്ദുത്വശക്തികള്‍ നടത്തുന്ന ഭ്രാന്തമായ വിദേ്വഷ ക്യാമ്പയിനിന്റെ ഇരയാണ് ദാദ്രിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖ്. ഈയൊരു വര്‍ഗീയതയുടെയും വിദേ്വഷസംസ്‌കാരത്തിന്റെയും അക്രമാസക്തമായ കടന്നുകയറ്റത്തിനുമുന്നില്‍ നിശ്ശബ്ദരായിരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന് ജനങ്ങളോടൊപ്പം നില്‍ക്കുന്ന, സ്വാതന്ത്ര്യത്തെ മറ്റെന്തിനേക്കാളും വലുതായിക്കാണുന്ന, ബുദ്ധിജീവികളും സാഹിത്യകാരന്മാരും സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ഒരു സാഹചര്യത്തെ ഒന്നുകൂടി മുന്നോട്ട് നയിച്ചുകൊണ്ടാണ് ഡോക്ടര്‍ പണിക്കരുടെ ധീരമായ പ്രഖ്യാപനം വന്നിരിക്കുന്നത്. സംഘ്പരിവാറിന്റെ മതനിരപേക്ഷതക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നുകയറ്റത്തിനെതിരെ ഇന്ത്യന്‍ ജനമനസ്സുകളില്‍ തിളച്ചുമറിയുന്ന പ്രതിഷേധമാണല്ലോ നമ്മുടെ എഴുത്തുകാരിലൂടെ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സാംസ്‌കാരിക ഫാസിസത്തെ കൈയും കെട്ടി പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടാണ് വിജയലക്ഷ്മി പണ്ഡിറ്റിന്റെ പുത്രി കൂടിയായ പ്രമുഖ എഴുത്തുകാരി നൈന്‍താരസഹ്ഗാളും ശ്രദ്ധേയനായ ഹിന്ദി കവി അശോക് വാജ്പയിയും ഉറുദ് നോവലിസ്റ്റ് റഹ്മാന്‍ അബ്ബാസും അക്കാദമി അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചിരിക്കുന്നത്. പത്മശ്രീ ജേതാവായ പ്രശസ്ത എഴുത്തുകാരി ശശിദേശ്പാണ്ഡെ കേന്ദ്രസാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗത്വം രാജിവെച്ചിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും ഇടതുപക്ഷ ചിന്തകനുമായ കെ സച്ചിദാനന്ദന്‍ അക്കാദമി അംഗത്വം രാജിവെക്കുകയുംചെയ്തു. പി കെ പാറക്കടവ്, സാറാജോസഫ് പ്രശസ്ത നിരൂപകന്‍ കെ എസ് രവികുമാര്‍, സി ആര്‍.പ്രസാദ്, കര്‍ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണ തുടങ്ങിയവര്‍ തങ്ങള്‍ക്കുകിട്ടിയ അംഗീകാരങ്ങളും അവാര്‍ഡുകളും തിരിച്ചുനല്‍കുകയും ഔദേ്യാഗിക സ്ഥാനങ്ങള്‍ രാജിവെക്കുകയും ചെയ്തിരിക്കുകയാണ്. സച്ചിദാനന്ദന്‍ കേന്ദ്രസാഹിത്യ അക്കാദമിക്ക് എഴുതിയ കത്തില്‍ സൂചിപ്പിച്ചതു പോലെ ചിന്തിക്കാനും എഴുതാനും ജീവിക്കാനുമുള്ള അടിസ്ഥാന അവകാശത്തിനു വേണ്ടിയാണ് ധൈഷണിക രംഗത്തെയും സാഹിത്യരംഗത്തെയും മഹാപ്രതിഭകള്‍ മോദിസര്‍ക്കാരുമായി പരസ്യമായി കലഹിച്ചിരിക്കുന്നത്. മതാന്ധതയിലേക്കും വര്‍ഗീയ ധ്രുവീകരണത്തിലേക്കും രാജ്യത്തെ തള്ളിവിടുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരായ പ്രതിരോധങ്ങള്‍ക്കുമുമ്പില്‍ ഞങ്ങളുണ്ടെന്ന പ്രഖ്യാപനമാണ് ഈ എഴുത്തുകാര്‍ നടത്തിയിരിക്കുന്നത്.

Latest