Connect with us

Editorial

പീഡിപ്പിക്കപ്പെടുന്ന ബാല്യങ്ങള്‍

Published

|

Last Updated

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് രണ്ട് കോടതി വിധികള്‍ വന്നു, കഴിഞ്ഞ ദിവസങ്ങളില്‍. 2010-ല്‍ ഹിമാചല്‍ പ്രദേശില്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കുല്‍ദീപ് കുമാറിന് പത്ത് വര്‍ഷത്തെ തടവ് വിധിച്ച കീഴ്‌ക്കോടതിയുടെ ശിക്ഷ ശരിവെച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഇന്നലത്തെ വിധിയാണ് ഒന്ന്. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ മൃഗങ്ങളാണെന്നും യാതൊരു ദയയും ഇവര്‍ അര്‍ഹിക്കുന്നില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവും ജസ്റ്റിസ് അമിതാവ് റോയിയും അടങ്ങുന്ന കോടതി ബഞ്ച് അഭിപ്രായപ്പെട്ടത്. ബാല ലൈംഗിക പീഡന കേസുകളിലെ പ്രതികള്‍ക്ക് ഷണ്ഡീകരണ ശിക്ഷ ശിപാര്‍ശ ചെയ്യുന്ന മദ്രാസ് ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവാണ് മറ്റൊന്ന്. കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഒരു വിദേശ പൗരന്റെ കേസ് പരിഗണിക്കവെയാണ് കാടത്തം കാണിക്കുന്നവര്‍ക്ക് പ്രാകൃത ശിക്ഷയാണ് ഉചിതമെന്ന് ജസ്റ്റിസ് എന്‍ കിരുബാകരന്‍ അഭിപ്രായപ്പെട്ടത്. റഷ്യ, പോളണ്ട്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും യു എസിലെ ചില സംസ്ഥാനങ്ങളിലും ഈ നിയമം നിലവിലുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ രാജ്യത്ത് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് നിയമ വ്യവഹാര കേന്ദ്രങ്ങളിലെത്തുന്ന ഇത്തരം കേസുകളുടെ വര്‍ധനവും മാധ്യമ വാര്‍ത്തകളും കാണിക്കുന്നത്. ഡല്‍ഹി, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ നിന്ന് അടുത്തിടെ പുറത്തുവന്ന പല പീഡന കേസുകളിലെയും ഇരകള്‍ കുട്ടികളായിരുന്നു. രണ്ടര വയസ്സുകാരിയായ കുരുന്നിനെ അയല്‍വാസികളായ രണ്ട് ബാലന്മാര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത് കഴിഞ്ഞ വാരത്തിലാണ്. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്‌കൂളില്‍ മൂന്നും ആറും എട്ടും വയസ്സുള്ള ഇളംകുരുന്നുകള്‍ പീഡിപ്പിക്കപ്പെട്ടതും അടുത്തിടെയാണ്. നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 13,833 കുട്ടികളാണ് രാജ്യത്ത് ബലാത്സംഗത്തിനിരയായത്. 2010-ല്‍ 5,484ഉം 2012-ല്‍ 8,541ഉം കേസുകളായിരുന്നു ഈയിനത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് വര്‍ഷത്തിനിടെ 150 ശതമാനത്തിലധികമാണ് വര്‍ധന. നിയമ കേന്ദ്രങ്ങളില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളാണ് എന്‍ സി ആര്‍ ബിയുടെ കണക്കുകളില്‍ വരുന്നത്. കുട്ടികളുടെ ഭാവിയെ കരുതി അധിക രക്ഷിതാക്കളും ഇത്തരം സംഭവങ്ങള്‍ പുറത്തറിയിക്കുകയോ പോലീസില്‍ പരാതിപ്പെടുകയോ ചെയ്യാറില്ല. മാത്രമല്ല ഗ്രാമീണ മേഖലകളില്‍ ഈയിനത്തില്‍ പെട്ട കേസുകളില്‍ എഫ് ഐ ആറിടാന്‍ പോലീസുദ്യോഗസ്ഥര്‍ വിമുഖത കാണിക്കുന്നതായി എന്‍ സി ആര്‍ ബി റിപ്പോര്‍ട്ടില്‍ തന്നെ കുറ്റപ്പെടുത്തുന്നുണ്ട്. കൂട്ടബലാത്സംഗം പോലെയുള്ള ശ്രദ്ധിക്കപ്പെടുന്ന സംഭവങ്ങളില്‍ മാത്രമേ പലപ്പോഴും കേസെടുക്കാറുള്ളൂ.
ഇന്ത്യയില്‍ മാത്രമല്ല, ഗുരുതരമായ ഒരാഗോള പ്രശ്‌നമായി മാറിയിട്ടുണ്ട് ബാലപീഡനം. കത്തോലിക്കാ സഭയെ ഇന്ന് ഏറ്റവുമധികം അലട്ടുന്ന പ്രശ്‌നം വൈദികര്‍ക്കിടയിലെ വര്‍ധിതമായ ബാലലൈംഗിക പീഡന പ്രവണതയാണ്. പീഡന കേസുകളില്‍ ഉള്‍പ്പെട്ട നാനൂറില്‍ പരം വൈദികരെയാണ് 2011, 2012 വര്‍ഷങ്ങളില്‍ മാത്രം മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമന്‍ പുറത്താക്കിയത്. ഇതുമായി ബന്ധപ്പെട്ട് സഭക്ക് ഈയിടെ ഐക്യ രാഷ്ട്ര സഭ മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമര്‍ശമേല്‍ക്കേണ്ടിവന്നു. ഇതേ തുടര്‍ന്ന് വൈദികരുടെ പീഡന കേസുകള്‍ കൈകാര്യം ചെയ്യാന്‍ വത്തിക്കാനില്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിച്ചിരിക്കുകയാണ്. ബ്രിട്ടനിലെ പ്രസിദ്ധമായ ഡോള്‍ഫിന്‍ ഹൗസ് അപ്പാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ചു നടന്നതും പല രാഷ്ട്രീയ, ഉദ്യോഗസ്ഥ, സൈനിക പ്രമുഖരും ഉള്‍പ്പെടുന്നതുമായ ബാലപീഡന കഥകള്‍ പുറത്തു വന്നത് മാസങ്ങള്‍ക്ക് മുമ്പാണ്.
ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെയും സ്ത്രീകളെയും രക്ഷിക്കാന്‍ മാര്‍ഗം കാണാതെ പ്രയാസപ്പെടുകയാണ് ലോക രാഷ്ട്രങ്ങളൊന്നടങ്കം. നിയമം അടിക്കടി കര്‍ക്കശമാക്കിക്കൊണ്ടിരിക്കുകയാണ് പലരും. ഷണ്ഡീകരണത്തിന് ശിപാര്‍ശ ചെയ്യുന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലമിതാണ്. നിയമത്തിന്റെ അഭാവമല്ല, അത് നടപ്പാക്കുന്നതിലെ അലംഭാവവും വീഴ്ചയും ജീര്‍ണിതമായ സാമൂഹിക ചുറ്റുപാടുകളുമാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ വര്‍ധനവിന് പ്രധാന കാരണം. ക്രിമിനലുകളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടവര്‍ തന്നെയാണ് പലപ്പോഴും ഇത്തരം കേസുകളിലെ പ്രതികളെന്നതും വിരോധാഭാസമാണ്. 2011 മുതല്‍ 2014 വരെ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ബാലപീഡന കേസുകളിലെ പ്രതികളില്‍ 39 പേര്‍ അധ്യാപകരും 24 പേര്‍ പോലീസുകാരുമാണ്. രാഷ്ട്രീയ സാമ്പത്തിക സ്വാധീനമുള്ളവരാണ് മറ്റൊരു വിഭാഗം. ഇവരുടെയൊക്കെ കാര്യത്തില്‍ നിയമം മാറി സഞ്ചരിക്കുകയാണ് പതിവ്. നിയമം ആവിഷ്‌കരിച്ചതു കൊണ്ടായില്ല, അത് യഥാവിധി നടപ്പില്‍ വരുത്താനുള്ള ആര്‍ജവവും നീതിബോധവും ഭരണ നേതൃത്വങ്ങള്‍ക്കുണ്ടാകണം. യുവതലമുറയെ മൂല്യങ്ങളില്‍ നിന്ന് വഴിതെറ്റിക്കുന്ന സിനിമ, ചാനല്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണവും അനിവാര്യമാണ്. മൊബൈല്‍, ഇന്റര്‍നെറ്റുകളുടെ ദുരുപയോഗം വലിയൊരു ദുരന്തമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Latest