Connect with us

Ongoing News

തെറ്റ് പറ്റിയെന്ന് ബെക്കന്‍ബൊവര്‍

Published

|

Last Updated

സൂറിച്: 2006 ലോകകപ്പിന് മുന്നോടിയായി ഫിഫക്ക് പണം കൈമാറിയത് തെറ്റായിപ്പോയെന്ന് ജര്‍മന്‍ ലോകകപ്പ് മുഖ്യ സംഘാടകനും ഇതിഹാസ താരവുമായ ഫ്രാന്‍സെ ബെക്കന്‍ബൊവര്‍. എന്നാല്‍, പണം കൈമാറിയത് ഫിഫയെ സ്വാധീനിക്കാനല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫിഫയില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കുക മാത്രമാണുണ്ടായത്. ലോകകപ്പ് വേദി ജര്‍മനിക്ക് ലഭിക്കാന്‍ വേണ്ടി പണം നല്‍കി സ്വാധീനിക്കുകയായിരുന്നില്ല – ബെക്കന്‍ബൊവര്‍ പറഞ്ഞു. 6.7 ദശലക്ഷം യൂറോയാണ് ബെക്കന്‍ബൊവര്‍ ഫിഫക്ക് കൈമാറിയത്.
ഡെര്‍ സ്പീഗല്‍ മാഗസിനാണ് ബെക്കന്‍ബൊവര്‍ ജര്‍മനിക്ക് ലോകകപ്പ് വേദി തരപ്പെടുത്താന്‍ 6.7 ദശലക്ഷം യൂറോ കൈക്കൂലി നല്‍കിയെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ പണം അഡിഡാസ് സി ഇ ഒ റോബര്‍ട് ലൂയിസ് ഡ്രെഫുസ് വഴിയാണ് ബെക്കന്‍ബൊവര്‍ സ്വരൂപിച്ചതെന്നും മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വോള്‍ഗാംഗ് നീസര്‍ബാച് ആരോപണം നിഷേധിച്ചു. നീസര്‍ ബാച് 2006 ലോകകപ്പ് സംഘാടക സമിതി അംഗമായിരുന്നു.
മിഷേല്‍ പ്ലാറ്റീനിയുടെ അപ്പീല്‍ തള്ളി
ജോഹന്നസ്ബര്‍ഗ്്: ഫിഫ എത്തിക്‌സ് സമിതി ഏര്‍പ്പെടുത്തിയ 90 ദിന വിലക്ക് റദ്ദാക്കണമെന്ന യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനിയുടെ ആവശ്യം ഫിഫ അപ്പീല്‍ കമ്മിറ്റി തള്ളി. അഴിമതി നടത്തിയിട്ടില്ലെന്ന ബോധ്യമുള്ളതു കൊണ്ടാണ് തന്റെ കക്ഷി അപ്പീല്‍ നല്‍കിയതെന്ന് പ്ലാറ്റീനിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്ലാറ്റീനി തനിക്കേര്‍പ്പെടുത്തിയ താത്കാലിക വിലക്ക് നീക്കം ചെയ്ത് പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ ശ്രമങ്ങള്‍ക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്.
മത്സരിക്കാന്‍ ജെറോം ഷാംപേന്‍
ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഫ്രാന്‍സില്‍നിന്നുള്ള മുന്‍ നയതന്ത്രജ്ഞന്‍ ജെറോം ഷാംപേനും. സെപ് ബ്ലാറ്ററുടെ പിന്‍ഗാമിയാകാന്‍ യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനി നേരത്തേ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ അദ്ദേഹവും അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയതോടെ ഷാംപേന് നേരെ തെളിഞ്ഞിരിക്കുന്നുവെന്നാണ് സൂചന.
1998 മുതല്‍ ബ്ലാറ്ററാണു ഫിഫയുടെ മേധാവിത്വം കൈയാളുന്നത്. 1999 മുതല്‍ ഷാംപേനും ഫിഫയില്‍ വിവിധ ഉന്നത പദവികള്‍ വഹിച്ചുവരുന്നു. 2002 വരെ ബ്ലാറ്ററുടെ ഉപദേശകനും അതിനു ശേഷം മൂന്നു വര്‍ഷം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ഫ്രഞ്ച് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍, 1998 ല്‍ ഫ്രാന്‍സില്‍ നടന്ന ലോക കപ്പിലെ ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍, 1999 ല്‍ ഫിഫ മുന്‍ഇന്റര്‍നാഷണല്‍ റിലേഷന്‍ ഡയറക്ടര്‍, 2002 ല്‍ ബഌറ്ററുടെ ഉപദേശകന്‍, 2002 മുതല്‍ 2005 വരെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
അഞ്ച് അംഗരാജ്യങ്ങളുടെ പിന്തുണയോടെയാണ് താന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഷാംപേന്‍ അവകാശപ്പെടുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി ഇരുപത്താറിനാണു പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ഫിഫ കോണ്‍ഗ്രസ് ആരംഭിക്കുക.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്ലാറ്റിനിയുടെ നിഴല്‍ സ്ഥാനാര്‍ഥിയായി ബ്ലാറ്റര്‍ക്കെതിരേ മത്സരിച്ച ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈന്‍, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ടീമിന്റെ ക്യാപ്റ്റനായിരുന്ന ഡേവിഡ് നാഹ്കിഡ് എന്നിവരും ഇതിനകം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest