Connect with us

International

അന്താരാഷ്ട്ര നിയമ ലംഘനം നടത്തുന്ന ഇസ്‌റാഈലിനെ ബ്രിട്ടനിലെ പ്രൊഫസര്‍മാര്‍ ബഹിഷ്‌കരിക്കുന്നു

Published

|

Last Updated

ജറൂസലം: അന്താരാഷ്ട്ര നിയമങ്ങള്‍ നിരന്തരം ലംഘിച്ച് ഫലസ്തീനികള്‍ക്ക് മേല്‍ ആക്രമം അഴിച്ചുവിടുന്ന ഇസ്‌റാഈലിനെതിരെ ബഹിഷ്‌കരണം കടുപ്പിച്ച് ബ്രിട്ടനിലെ പ്രൊഫസര്‍മാര്‍. ഇസ്‌റാഈലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് നിര്‍ത്തിവെക്കുകയാണെന്ന് ബ്രിട്ടനിലെ നൂറുകണക്കിന് പ്രൊഫസര്‍മാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
343 ബ്രിട്ടീഷ് പ്രൊഫസര്‍മാരാണ് ബഹിഷ്‌കരണത്തില്‍ പങ്കാളികളാകുന്നത്. ഇസ്‌റാഈല്‍ സംഘടിപ്പിക്കുന്നതോ അവര്‍ ഫണ്ട് നല്‍കി നടപ്പാക്കുന്നതോ ആയ സമ്മേളനങ്ങളിലോ പങ്കെടുക്കില്ലെന്നും ഇസ്‌റാഈലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിപാടികളിലേക്ക് ക്ഷണിച്ചാല്‍ അവഗണിക്കുമെന്നും ഇവര്‍ നിലപാട് വ്യക്തമാക്കി. ഇനിയും കൂടുതല്‍ പേര്‍ തങ്ങള്‍ക്ക് പിന്തുണയുമായി എത്തുമെന്നാണ് പ്രൊഫസര്‍മാര്‍ പ്രതീക്ഷിക്കുന്നത്. ഇസ്‌റാഈലിന്റെ രീതികളെ പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താന്‍ ഈ നടപടി സഹായകമാകുമെന്നും ഇസ്‌റാഈല്‍ അവരുടെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാകുമെന്നും ഇവര്‍ ശുഭാപ്തി പ്രകടിപ്പിക്കുന്നു.
ഇപ്പോഴത്തെ നിലപാടില്‍ നിന്ന് മാറ്റം അനിവാര്യമായിരിക്കുകയാണ്. ധാരാളം ആളുകള്‍ വ്യക്തിപരമായി ഇസ്‌റാഈലിന്റെ നിലപാടുകള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. പക്ഷേ അവരാരും ഇത് തുറന്നുപറയാന്‍ മുന്നോട്ടുവന്നില്ല. എന്നാല്‍ വലിയ മാറ്റമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ജനങ്ങള്‍ ഇസ്‌റാഈലിനെ തുറന്നുവിമര്‍ശിക്കുന്നു. ഇനിയും കൂടുതല്‍ പേര്‍ രംഗത്തെത്തും. ഇത് ഇസ്‌റാഈല്‍ കേട്ടുതുടങ്ങിയാല്‍ മാറ്റം സംഭവിക്കും- ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രൊഫസര്‍ ജൊനാഥന്‍ റോസന്‍ ഹെഡ് പറഞ്ഞു.
ഫലസ്തീനികളുടെ മേല്‍ ഇസ്‌റാഈല്‍ നടത്തുന്ന നിയമവിരുദ്ധ അധിനിവേശത്തെ ചെറുക്കുന്നതിന്റെ ഭാഗമായി തുടങ്ങിവെച്ച അന്താരാഷ്ട്ര ബഹിഷ്‌കരണ(ബി ഡി എസ്) പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. പത്ത് വര്‍ഷം മുമ്പാണ് അന്താരാഷ്ട്ര ബഹിഷ്‌കരണ ക്യാമ്പയിന്‍ ആരംഭിച്ചിരുന്നത്. ഗാസ യുദ്ധത്തില്‍ ഇസ്‌റാഈല്‍ നടത്തിയ മനുഷ്യത്വവിരുദ്ധ ആക്രമണങ്ങളുടെ നേര്‍ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ സാക്ഷ്യം വഹിച്ചതോടെ ബഹിഷ്‌കരണ ക്യാമ്പയിന് പിന്തുണയേറിയിരിക്കുകയാണ്. ഗാസ യുദ്ധത്തില്‍ രണ്ടായിരത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിന് പേര്‍ക്ക് പരുക്കേറ്റു. ലക്ഷങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു.
ഫലസ്തീനികളുമായി ഐക്യദാര്‍ഢ്യം പുലര്‍ത്തേണ്ടത് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ആവശ്യമായിരിക്കുകയാണ്. 48 വര്‍ഷമായി അവര്‍ ഫലസ്തീനികളുടെ മേല്‍ അധിനിവേശം നടത്തുന്നു. ഇപ്പോഴത് കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. വംശീയമായ ഉന്‍മൂലന പരിപാടികള്‍ ഇസ്‌റാഈല്‍ തുടരുകയാണെന്നും ക്യാമ്പയിന്‍ വക്താക്കള്‍ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest