Connect with us

National

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഒഴിവാക്കണം: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ ഉന്നത വിദ്യാഭാസ മേഖലയില്‍ നിലനില്‍ക്കുന്ന സംവരണം ഒഴിവാക്കണമെന്ന് സുപ്രീം കോടതി. മികവ് മാത്രമായിരിക്കണം പ്രവേശനത്തിന്റെ മാനദണ്ഡമെന്നും സംവരണം മെറിറ്റിന്റെ പ്രധാന്യം ഇല്ലാതാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ദീപക് മിശ്ര, പി സി പാന്ത് ഉള്‍പ്പെട്ട ബഞ്ചാണ് ഇതു സംബന്ധിച്ച് നിരീക്ഷണം നടത്തിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ഗൗരവമായ ആലോചന നടത്തണം. പലവട്ടം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും മികവിനെക്കാള്‍ സംവരണത്തിന് മുന്‍ഗണന ലഭിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുമുള്ളതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ കോളജുകളിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനത്തിന്റെ മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
58 പേജ് വരുന്ന വിധിന്യായമാണ് കോടതി പ്രസ്താവിച്ചത്. സ്വാതന്ത്ര്യത്തിന് 68 വര്‍ഷം പിന്നിടുമ്പോഴും ചില ആനുകൂല്യങ്ങള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെങ്കിലും സംവരണം ഒഴിവാക്കപ്പെടേണ്ടതാണ്. ഈ രംഗത്ത് ജാതി, മതം, സ്ഥലം എന്നിവ ഉള്‍പ്പെടെയുള്ള യാതൊരു സംവരണവും പാടില്ല. 1984ല്‍ത്തന്നെ കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, നടപടി സ്വീകരിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാകുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ഇത്രയും കാലം സംവരണം പാലിച്ചതുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖഖലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരവും, പ്രത്യേകിച്ച് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും പരിഗണിക്കണം. ഇത് ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും വേണം. ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ രാജ്യത്ത് അസമത്വം നിലനില്‍ക്കുകയാണ്. ഏത് തരത്തിലുള്ള അസമത്വവും മൗലികാവകാശങ്ങളുടെ ലംഘനമാണ്. സംവരണം സംബന്ധിച്ച് നിരവധി സുപ്രീം കോടതി വിധികള്‍ ഉണ്ടെന്നിരിക്കെ അതിന്റെ അടിസ്ഥാനത്തില്‍ ഉചിത നടപടികള്‍ ആലോചിക്കേണ്ടതാണെന്നും കോടതി നിര്‍ദേശിച്ചു. മെഡിക്കല്‍ രംഗം ഉള്‍പ്പടെയുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം ഉയര്‍ത്തുന്നത് സംവരണം ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ള തീരുമാനങ്ങള്‍ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സംവരണത്തിന്റെ കാര്യം യാതൊരു തടസ്സവും കൂടാതെ എത്രയും പെട്ടന്ന് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട 1988ലെ വിധിയും കോടതി ഓര്‍മിപ്പിച്ചു.
ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ രണ്ട് സീറ്റുകളുമായി ബന്ധപ്പെട്ട കേസാണ് ഇന്നലെ പരിഗണിച്ചത്. തമിഴ്‌നാടിന്റെ സമാനമായ മറ്റൊരു കേസ് അടുത്ത മാസം നാലിന് പരിഗണിക്കും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest