Connect with us

Kerala

മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സാഹചര്യങ്ങളെക്കുറിച്ച് സമഗ്ര പഠനം

Published

|

Last Updated

തിരുവനന്തപുരം: മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ, തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്താന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തീരുമാനം. സ്‌കൂള്‍, കോളജുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക്, വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ എന്നിവ സമഗ്രമായി പരിശോധിക്കാനാണ് തീരുമാനം. പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം ശിപാര്‍ശ ചെയ്യുന്ന സമഗ്രമായ റിപ്പോര്‍ട്ട് ആറ് മാസത്തിനകം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കും. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ വിദ്യാഭ്യാസ, തൊഴില്‍ പ്രശ്‌നങ്ങളെക്കുറിച്ച് ഇപ്പോള്‍ പഠനം നടക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് മുസ്‌ലിം പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മീഷന്‍ ഒരുങ്ങുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം പെ ണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് അവഗണന നേരിടുന്നുണ്ടെന്നാണ് കമ്മീഷന്റെ നിഗമനം. കൊഴിഞ്ഞുപോക്ക് ഈ രംഗത്ത് വ്യാപകമാണ്. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലകളിലും വേണ്ടത്ര അവസരം ലഭിക്കുന്നുമില്ല. ഇതിന്റെ വ്യക്തമായ സ്ഥിതിവിവര കണക്ക് ശേഖരിച്ച് ശേഷം പരിഹാരം നിര്‍ദേശിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ, തൊഴില്‍ ഏജന്‍സികളില്‍ നിന്നെല്ലാം വിവരശേഖരണം നടത്തിയാകും റിപ്പോര്‍ട്ട് തയ്യാറാക്കുക.
തെരുവുനായ ശല്യം മൂലം സുബ്ഹി നിസ്‌കാരത്തിന് പള്ളിയില്‍ പോകാനും അതിരാവിലെ മദ്‌റസയില്‍ പോകാനും കഴിയുന്നില്ലെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ കമ്മീഷന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കി. മുവാറ്റുപുഴ പെരുമ്പല്ലൂര്‍ സ്വദേശി സിജുവാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തെരുവ് നായ്ക്കളെ പാര്‍പ്പിക്കാന്‍ പ്രത്യേക കേന്ദ്രങ്ങളുണ്ടാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച റബ്ബര്‍ സബ്‌സിഡി ഇനത്തില്‍ ഇതുവരെ റബ്ബര്‍ ബോര്‍ഡും ധനകാര്യ വകുപ്പും ചേര്‍ന്ന് വിതരണം ചെയ്തിട്ടുള്ള സബ്‌സിഡിയുടെ പൂര്‍ണ വിവരം ഹാജരാക്കാന്‍ കമ്മീഷന്‍ റബര്‍ ബോര്‍ഡിനോടും കൃഷിവകുപ്പിനോടും ആവശ്യപ്പെട്ടു.
കമ്മീഷന്‍ സിറ്റിംഗിന് തുടര്‍ച്ചയായി ഹാജരാകാത്ത റബര്‍ ബോര്‍ഡിന്റെ നടപടിയില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ കേരള യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. എ മുഹമ്മദ് ബഷീറിനെ പുറത്തുനിന്നുള്ള ചിലര്‍ കടന്നുവന്ന് മര്‍ദിച്ചെന്ന മെക്കയുടെ പരാതിയില്‍ കമ്മീഷന്‍ ഹരജിക്കാരനില്‍നിന്ന് തെളിവെടുക്കാന്‍ തീരുമാനിച്ചു.